കുമളി: പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി കണ്ണകിക്ഷേത്രത്തിലെ ഉത്സവത്തിന് നേതൃത്വം നൽകുന്ന റവന്യൂ വകുപ്പ് കാഴ്ചക്കാരായതോടെ നിയന്ത്രണങ്ങൾ കാറ്റിൽ പറന്നു.വന്യജീവി സങ്കേതത്തിനുള്ളിലൂടെ സ്വകാര്യവാഹനങ്ങൾ യഥേഷ്ടം പോകാൻ അനുവദിച്ചതോടെ പല സ്ഥലത്തും വാഹനക്കുരുക്ക് രൂക്ഷമായിരുന്നു. ടാക്സി വാഹനങ്ങൾ വഴി നീളെ ഏറെനേരം കിടന്നത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. പലരും കുടുംബസമേതമാണ് സർക്കാർ വാഹനങ്ങളിൽ മംഗളാദേവിയിലെത്തിയത്.
തിരക്കേറിയതോടെ ടാക്സി വാഹനങ്ങളിൽ പതിവിൽ കൂടുതൽ ആളുകളെ കയറ്റിയായിരുന്നു യാത്ര. തിരക്കേറുമെന്ന് വിവരം ലഭിച്ചിട്ടും ആവശ്യത്തിന് വാഹനങ്ങൾ ഒരുക്കാൻ റവന്യൂവകുപ്പിന് കഴിഞ്ഞില്ല.ഉച്ചകഴിഞ്ഞിട്ടും പോകാനുള്ളവരുടെ നിര വെയിലത്ത് ഏറെ ദൂരത്തേക്ക് നീണ്ടു. പൊലീസ്, വനം, മോട്ടോർ വാഹന വകുപ്പ് എന്നിവർ മികച്ച പ്രവർത്തനമാണ് നടത്തിയത്.
ഉത്സവത്തിന് നേതൃത്വം നൽകുന്ന റവന്യൂവകുപ്പ് അധികൃതരുടെ കൃത്യമായ ഏകോപനം ഉണ്ടായിരുന്നെങ്കിൽ കൂടുതൽ വാഹനങ്ങൾ എത്തിക്കാനും ഉച്ചക്കുമുമ്പ് മുഴുവനാളുകളെയും മംഗളാദേവിയിലെത്തിക്കാനും കഴിയുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു.കൃത്യസമയത്ത് വാഹനങ്ങൾ ലഭിക്കാതിരുന്നതുമൂലം കാട്ടിനുള്ളിലൂടെ 14 കിലോമീറ്റർ നടന്നാണ് സ്ത്രീകൾ ഉൾെപ്പടെ പല കുടുംബങ്ങളും മംഗളാദേവിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.