തിരുവനന്തപുരം: തനിക്കെതിരെ നടി മിനു കുര്യൻ ഉന്നയിച്ച ലൈംഗികാരോപണം നിഷേധിച്ച് നടൻ മണിയൻ പിള്ള രാജു. ആരോപണങ്ങൾ ഇനിയും ധാരാളം വരും. പിന്നിൽ പല ഉദ്ദേശ്യങ്ങൾ ഉണ്ടാവും. ചിലർക്ക് പണം ആവശ്യമുണ്ടാകും. മറ്റു ചിലർ അവസരം ലഭിക്കാത്തവരായിരിക്കും. ഏത് ആരോപണത്തിലും അന്വേഷണം വേണം. ഡബ്ല്യു.സി.സിയുടെ ആവശ്യം ന്യായമാണെന്നും മണിയൻ പിള്ള രാജു പറഞ്ഞു.
എല്ലാം പുറത്തുവരാൻ അന്വേഷണം വേണം. 'അമ്മ'യിൽ അംഗത്വമെടുക്കാൻ വഴിവിട്ട രീതിയിൽ കഴിയില്ല. 'എൽസമ്മ എന്ന ആൺകുട്ടി'യിൽ മിനുവിനൊപ്പം അഭിനയിച്ചിട്ടുണ്ട്. താൻ തെറ്റുകാരനെന്ന് കണ്ടാൽ തന്നെയും ശിക്ഷിക്കണം. എല്ലാം അന്വേഷിക്കട്ടെ എന്നും രാജു പറഞ്ഞു.
മണിയൻപിള്ള രാജുവിനെ കൂടാതെ നടനും എം.എൽ.എയുമായ മുകേഷ്, ഇടവേള ബാബു, ജയസൂര്യ എന്നിവരിൽ നിന്നായി ശാരീരികമായും വാക്കാലുമുള്ള അതിക്രമം നേരിട്ടെന്നാണ് നടി മിനു കുര്യൻ വെളിപ്പെടുത്തിയത്. ഇവരെ കൂടാതെ, അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരിൽ നിന്നും അതിക്രമം നേരിട്ടതായി നടി ആരോപിച്ചു.
അമ്മയിൽ അംഗത്വത്തിന് ശ്രമിച്ചപ്പോൾ ഇത്രയും പേർക്ക് കിടക്ക പങ്കിടണമെന്ന ആവശ്യമാണ് പറഞ്ഞത്. കിടക്ക പങ്കിട്ടാൽ മാത്രമേ അമ്മയിൽ അംഗത്വം നൽകൂവെന്ന് മുകേഷ് പറഞ്ഞു. താൻ അറിയാതെ അമ്മയിൽ നുഴഞ്ഞുകയറാൻ കഴിയില്ലെന്നും മുകേഷ് പറഞ്ഞു. അക്കാലത്ത് തന്നെ ഇക്കാര്യം താൻ തുറന്നു പറഞ്ഞിരുന്നു. അഡ്ജസ്റ്റ്മെന്‍റുകളോട് പൊരുത്തപ്പെടാനാകാതെ മലയാളം ഫിലിം ഇൻഡസ്ട്രി വിട്ട് ചെന്നൈയിലേക്ക് പോകേണ്ടിവന്നു. അന്ന് അതിനെക്കുറിച്ച് സംസാരിക്കാൻ ആരും തയാറായില്ല.
പലരിൽ നിന്നും പല സന്ദർഭങ്ങളിലാണ് ദുരനുഭവമുണ്ടായത്. 2013ൽ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ജയസൂര്യ മോശമായി പെരുമാറിയത്. ഷൂട്ടിങ്ങിനിടെ കടന്നുപിടിക്കുകയും മോശമായി പെരുമാറുകയുമായിരുന്നു. തനിക്ക് അടുത്ത് ഫ്ലാറ്റുണ്ടെന്നും അങ്ങോട്ട് വരാൻ പറയുകയും ചെയ്തു.
സിദ്ദിഖിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ട യുവനടി കരഞ്ഞു പറയുന്നത് കണ്ടപ്പോൾ ഏറെ വിഷമമുണ്ടായി. ഒരുപാട് കഴിവുള്ള പുതിയ കുട്ടികൾ കേരളത്തിലുണ്ട്. അവർക്ക് എന്തുകൊണ്ടാണ് കയറിവരാൻ സാധിക്കാത്തത് എന്ന് എനിക്ക് നന്നായിട്ട് അറിയാം. മുകേഷിന്‍റെയൊക്കെ ഇന്നലത്തെ പ്രതികരണം കണ്ടിരുന്നു. ഇത്രയൊക്കെ ചെയ്തിട്ടാണ് അയാളുടെ പ്രതികരണം. അതോടെയാണ് ഇക്കാര്യങ്ങൾ ജനങ്ങൾ അറിയട്ടെയെന്ന് കരുതിയത് -മിനു കുര്യൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.