കാസർകോട്: എ.ഡി.ജി.പിയുടെ ആർ.എസ്.എസ് ബന്ധങ്ങൾ സംബന്ധിച്ച വിവാദം കൊഴുക്കുമ്പോൾ മഞ്ചേശ്വരം കോഴക്കേസും പ്രതിപക്ഷത്തിന് ആയുധമാകുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരത്ത് യു.ഡി.എഫും ബി.ജെ.പിയുമാണ് പ്രധാന മത്സരമെന്നിരിക്കെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ കോഴക്കേസ് ആരോപണം ഉയർന്നപ്പോൾ സംഘ്പരിവാറിനെതിരെ നിയമയുദ്ധത്തിന് സി.പി.എമ്മാണ് മുന്നിൽ എന്ന സന്ദേശം നൽകിക്കൊണ്ടാണ് ഇടത് സ്ഥാനാർഥി വി.വി. രമേശൻ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ബി.എസ്.പി സ്ഥാനാർഥിയും ദലിത് വിഭാഗക്കാരനുമായ കെ. സുന്ദരയുടെ ഫോൺ സന്ദേശത്തിലെ പരാമർശമാണ് പരാതിക്ക് കാരണം.
എന്നാൽ, പരാതി നൽകിയതിലെ സാങ്കേതിക പിഴവാണ് പ്രതിഭാഗം ആയുധമാക്കിയത്. ആദായം ഇല്ലാതിരുന്ന പട്ടിക ജാതി വിഭാഗക്കാരൻ എന്ന വാദം പിന്നീടാണ് ഉന്നയിച്ചത്. പട്ടിക ജാതി, വർഗ അക്രമ നിരോധന നിയമ പ്രകാരമുള്ള വകുപ്പ് ചേർക്കാൻ അന്വേഷണ സംഘം നിയമോപദേശത്തിനായി വിട്ടുകൊടുത്തു. അതിനും ഏറെ കാലതാമസം ഉണ്ടായി. പട്ടികജാതി-പട്ടികവർഗ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകൾ അന്വേഷിക്കേണ്ടത് സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് (എസ്.എം.എസ്) ഡിവൈ.എസ്.പിയായിരിക്കെ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി തന്നെ അന്വേഷണം നടത്തിയതും കുറ്റപത്രം നൽകിയതും കേസിനെ ദുർബലമാക്കി.
കെ. സുരേന്ദ്രന് തെരഞ്ഞെടുപ്പിൽ ഭീഷണിയാവുമായിരുന്ന സുരേന്ദ്രൻ എന്ന അപരനായ സ്വതന്ത്ര സ്ഥാനാർഥി, തന്നെയാരും കോഴയുമായി സമീപിച്ചില്ലെന്ന് സത്യവാങ്മൂലം നൽകിയതും പ്രതിഭാഗത്തിനു കരുത്തായി. സുന്ദരയുടെ നിലപാടുകളും പലപ്പോഴും പ്രതിഭാഗത്തിന് ഗുണപരമായി. വേണ്ടത്ര രേഖകൾ വിചാരണയുമായി മുന്നോട്ടുപോകുന്നതിന് അനിവാര്യമായിരുന്നു.
അത് വാദിഭാഗത്തിന് ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രതികൾ കുറ്റവിമുക്തരാകുന്നത്. എ.ഡി.ജി.പിയുടെ ആർ.എസ്.എസ് ബന്ധം വിശദീകരിക്കാനാവാതെ കുഴങ്ങുന്ന സി.പി.എം നേതൃത്വത്തിനു മുന്നിലേക്കാണ് മഞ്ചേശ്വരം കോഴക്കേസിലെ പ്രതികൾ കുറ്റമുക്തരായി എത്തുന്നത്.
കൊടകര കുഴൽപണ കേസിൽ 19 മുഖ്യസാക്ഷികളിൽ ഒരാളായ സുരേന്ദ്രൻ കേന്ദ്ര ഇ.ഡിയുടെ അന്വേഷണ പരിധിയിലാണ്. അത് എങ്ങുമെത്തിയില്ല. കൊടകര, കരുവന്നൂർ, എസ്.എഫ്.ഐ.ഒ കേസുകൾക്കും എ.ഡി.ജി.പി അജിത്കുമാറിന്റെ ആർ.എസ്.എസ് ബന്ധത്തിനും ഒപ്പം മഞ്ചേശ്വരം കോഴക്കേസും ചേർക്കുകയാണ് പ്രതിപക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.