1. സെപ്റ്റിക് ടാങ്കിൽ പരിശോധന നടത്തുന്നു 2. കൊല്ലപ്പെട്ട ശ്രീകല

ശ്രീകലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽനിന്ന് മാറ്റിയെന്ന് സംശയം

ആലപ്പുഴ: ഭർതൃവീട്ടിലെ സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ച ശ്രീകലയുടെ (കല) മൃതദേഹം കൂട്ടുപ്രതികൾ അറിയാതെ മറ്റൊരിടത്തേക്ക് മാറ്റിയോയെന്ന് സംശയം. കസ്റ്റഡിയിലായ പ്രതികളുടെ വീടിനുസമീപത്തെ ചതുപ്പുനിലത്തിൽ പൊലീസ് പരിശോധന നടത്തി. അമ്പലപ്പുഴ പൊലീസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സെപ്റ്റിക് ടാങ്ക് തുറക്കാൻ പൊലീസിനെ സഹായിച്ച തിരുവല്ല സ്വദേശിയായ സോമനും ഒപ്പമുണ്ടായിരുന്നു. സമീപവാസികളിൽനിന്ന് വിവരങ്ങളും ചോദിച്ചറിഞ്ഞു.

ഒന്നാംപ്രതിയും ഭർത്താവുമായ അനിൽകുമാർ ആരുമറിയാതെ അവിടെനിന്ന് മൃതദേഹം മാറ്റിയെന്നാണ് അന്വേഷണസംഘത്തിന്‍റെ സംശയം. മാന്നാറിനുസമീപത്തെ വലിയ പെരുമ്പുഴ പാലത്തിൽ വെച്ചാണ് കലയെ കൊന്നതെന്ന് പറയുന്നുണ്ടെങ്കിലും എങ്ങനെ കൊലപ്പെടുത്തിയെന്നതിലെ മൊഴിയിൽ വൈരുധ്യമുണ്ട്. കൊലക്ക് പിന്നാലെ പുഴയിൽ ഒഴുക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. സാഹചര്യം അനുകൂലമല്ലാതിരുന്നതിനാൽ തീരുമാനം മാറ്റിയെന്നാണ് ഒരാളുടെ മൊഴി.

എന്നാൽ, കലയുടെ മൃതദേഹം അനിലിന്‍റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ തന്നെയാണ് ഉപേക്ഷിച്ചതെന്നാണ് മറ്റുള്ളവർ പറയുന്നത്. അനിൽ സുഹൃത്തുക്കളുടെ സഹായത്തോടെ കലയുടെ മൃതദേഹം ഇട്ടെന്ന് കരുതുന്ന സെപ്റ്റിക് ടാങ്കിൽനിന്ന് മുടി, ഹെയർക്ലിപ്, വസ്ത്രത്തിന്‍റെ ഇലാസ്റ്റിക് എന്നിവയാണ് കിട്ടിയത്. മൃതദേഹാവശിഷ്ടങ്ങൾ കിട്ടിയില്ല. കൂട്ടുപ്രതികൾക്കും സെപ്റ്റിക് ടാങ്കിൽ മൃതദേഹം ഉപേക്ഷിച്ചതുവരെയുള്ള കാര്യങ്ങളേ അറിയൂ. അതിനാൽ ഒന്നാംപ്രതിയായ അനിലിനെ നാട്ടിലെത്തിച്ചാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ.

ഇതിനിടെ, രണ്ടുതവണ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയതായും പറയപ്പെടുന്നു. അനിലിന്‍റെ ബന്ധുക്കളും പ്രതികളുമായ ഇരമത്തൂർ കണ്ണമ്പള്ളിൽ ആർ. സോമരാജൻ (56), കണ്ണമ്പള്ളിൽ കെ.സി. പ്രമോദ് (40), ജിനു ഭവനത്തിൽ ജിനു ഗോപി (48) എന്നിവരെ ചെങ്ങന്നൂർ ഡിവൈ.എസ്.പി കെ.എൻ. രാജേഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തു.

വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ മാന്നാർ പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണപുരോഗതിയും വിലയിരുത്തി. കസ്റ്റഡി കാലാവധി തീരുംമുമ്പ് ഇസ്രായേലിലുള്ള അനിലിനെ നാട്ടിൽ എത്തിച്ച് മറ്റ് പ്രതികളുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. 

Tags:    
News Summary - Mannar Kala Missing Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.