നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 44 ലക്ഷം രൂപ വിലമതിക്കുന്ന 1185 ഗ്രാം സ്വർണവുമായി ഗൾഫിൽ നിന്നെത്തിയ മുനീർ എന്നയാളാണ് പിടിയിലായത്. നടത്തത്തിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
സ്വർണം പേസ്റ്റ് രൂപത്തിലാക്കിയ ശേഷം നാല് കാപ്സ്യൂളുകളാക്കിയാണ് ഒളിപ്പിച്ചത്. മലദ്വാരത്തിൽ ഒളിപ്പിച്ച് ഗ്രീൻ ചാനലിലൂടെ പുറത്തുകടക്കാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ കസ്റ്റംസ് ദേഹപരിശോധനയ്ക്ക് വിധേയമാക്കിയാണ് സ്വർണം കണ്ടെടുത്തത്.
കഴിഞ്ഞദിവസം സ്വർണലായനിയിൽ മുക്കിയെടുത്ത അഞ്ച് തോർത്ത് മുണ്ടുകളുമായി തൃശൂർ സ്വദേശി പിടിയിലായിരുന്നു. ഈ മാസം 10ന് ദുബൈയില്‍ നിന്നും സ്‌പൈസ് ജെറ്റില്‍ നെടുമ്പാശ്ശേരിയില്‍ എത്തിയ തൃശ്ശൂര്‍ സ്വദേശിയായ ഫഹദ്(26) ആണ് 'നൂതന രീതി'യിൽ സ്വര്‍ണ്ണം കടത്തി കസ്റ്റംസിന്റെ വലയിലായത്. ദ്രാവക രൂപത്തിലുള്ള സ്വര്‍ണ്ണത്തില്‍ ബാത്ത് ടൗവ്വലുകള്‍ മുക്കിയെടുത്തശേഷം ഇവ നന്നായി പായ്ക്ക് ചെയ്താണ് ഇയാൾ കൊണ്ടുവന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള അനധികൃത സ്വര്‍ണ്ണക്കടത്ത് തടയാന്‍ എയര്‍ കസ്റ്റംസ് നടപടികള്‍ കൂടുതല്‍ ശക്തമാക്കിയതോടെയാണ് പുതിയ തന്ത്രം സ്വീകരിച്ചത്. പരിശോധനയില്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിലെ തോര്‍ത്തുകള്‍ക്ക് നനവ് ഉള്ളതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടും മുന്‍പ് കുളിച്ചതാണെന്നും തോര്‍ത്ത് ഉണങ്ങാന്‍ സമയം ലഭിച്ചില്ലെന്നുമാണ് ഇയാള്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് വിശദ പരിശോധന നടത്തിയതോടെ സമാന രീതിയില്‍ 5 തോര്‍ത്തുകള്‍ കണ്ടെത്തി. ഇതോടെയാണ് സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിച്ച പുതിയ മാര്‍ഗ്ഗത്തിന്റെ ചുരുള്‍ അഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.