കൊച്ചി: കണ്ണൂര്‍ പാനൂരിൽ മുസ്ലിംലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം പ്രവർത്തകരായ 10 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം. പാനൂർ മുക്കിൽപീടികയിൽ മൻസൂറിനെ വീടിന് സമീപംവെച്ച് കൊലപെടുത്തിയ കേസിലാണ് കര്‍ശന ഉപാധികളോടെ ഹൈകോടതി ജാമ്യം അനുവദിച്ചത്.
ഒന്നാം പ്രതി ഷിനോസ് അടക്കമുള്ള മുഴുവൻ പ്രതികളും കോടതി നടപടികള്‍ക്കല്ലാതെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് ഉപാധി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ആക്രമണത്തിൽ സി.പി.എം പ്രവർത്തകര്‍ മൻസൂറിനെ കൊലപെടുത്തിയെന്നാണ് കേസ്. 25 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂർ മുക്കിൽപീടികയിൽ വച്ച് മുസ്‌ലിം ലീഗ് പ്രവർത്തകരായ മൻസൂറും സഹോദരൻ മുഹ്സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന കൊച്ചിയങ്ങാടി സ്വദേശി രതീഷ് കൂലോത്ത് പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. സി.പി.എമ്മിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്നു വെല്‍ഡിങ് തൊഴിലാളിയായ രതീഷ്. നാദാപുരം വളയം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കാലിക്കുളമ്പിലെ ആളൊഴിഞ്ഞ പറമ്പിലാണ് രതീഷിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.