തലശ്ശേരി: പെരിങ്ങത്തൂർ മുക്കിൽ പീടികയിലെ പാറാൽ മൻസൂർ വധക്കേസിൽ റിമാൻഡിൽ കഴിയുന്ന ഏഴു പ്രതികളെ ശക്തമായ സുരക്ഷ സന്നാഹത്തോടെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പുല്ലൂക്കര സ്വദേശികളായ ഒതയോത്ത് സംഗീത് (22), ഒതയോത്ത് വിപിൻ (28), ഒതയോത്ത് അനീഷ് (40), കായത്തീെൻറ പറമ്പത്ത് സുഹൈൽ (32), നെല്ലിയിൽ ശ്രീരാഗ് (26), ബിജേഷ് (24), അശ്വന്ത് (27) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടുനൽകിയത്.
എട്ടു പ്രതികളാണ് റിമാൻഡിലുള്ളത്. കേസിൽ ആദ്യം പിടിയിലായ ഒന്നാംപ്രതി പുല്ലൂക്കര കുറ്റമ്പാൻ കണ്ടിയിൽ കിഴക്കയിൽ ഷിനോസ് (28) കോവിഡ് ബാധിച്ച് ചികിത്സയിലായതിനാൽ ഇയാളെ കോടതിയിൽ ഹാജരാക്കിയില്ല. ഷിനോസ് ഒഴികെയുള്ള ഏഴ് പ്രതികളെയാണ് കസ്റ്റഡിയിൽ വിട്ടത്. കേസന്വേഷണത്തിെൻറ ഭാഗമായി കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുക്കാനുമായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. വിക്രമൻ നൽകിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി.
തിങ്കളാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് തിങ്കളാഴ്ച രാവിലെ 11.45നു പ്രതികളെ പൊലീസിന് കൈമാറിയത്. 23നു വൈകീട്ട് അഞ്ചിനകം പ്രതികളെ കോടതിയിൽ തിരിച്ചേൽപിക്കണം. മൻസൂറിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനും ഗൂഢാലോചന അന്വേഷിക്കുന്നതിനും വേണ്ടിയാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
കേസിെൻറ പ്രത്യേക സാഹചര്യവും കോവിഡ് വ്യാപനവും കണക്കിലെടുത്ത് കോടതിയിലും യാത്രയിലുടനീളവും തെളിവെടുപ്പ് വേളയിലും പ്രത്യേക സുരക്ഷയും കരുതലും ഏർപ്പെടുത്തിയിട്ടുണ്ട്. നിയമസഭ തെരെഞ്ഞടുപ്പ് നടന്ന ഏപ്രിൽ ആറിന് രാത്രി എട്ടരയോടെയാണ് പുല്ലൂക്കര മുക്കിൽപീടികയിലെ യൂത്ത് ലീഗ് പ്രവർത്തകരായ പാറാൽ മൻസൂർ (20), സഹോദരൻ മുഹസിൻ (26) എന്നിവർക്ക് നേരെ ആക്രമണം ഉണ്ടായത്. വീടിനു സമീപം ബോംബെറിഞ്ഞ ശേഷം ആയുധംകൊണ്ട് മൻസൂറിനെ വെട്ടിപ്പരിക്കേൽപിച്ചെന്നാണ് കേസ്.
കാലിന് ആഴത്തിൽ വെട്ടേറ്റ മൻസൂർ പിറ്റേദിവസം പുലർച്ച കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. കേസില്‍ അഞ്ചാം പ്രതിയായ സുഹൈല്‍ വെള്ളിയാഴ്ചയാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. കൊലക്കേസ് അന്വേഷിക്കാൻ ആദ്യം നിയുക്തനായത് ജില്ല ക്രൈംബ്രാഞ്ച് അസി.കമീഷണർ കെ. ഇസ്മയിലായിരുന്നു. യു.ഡി.എഫ് എതിർപ്പിനെ തുടർന്ന് ഇദ്ദേഹത്തെ മാറ്റി കേസന്വേഷണം ഐ.ജി ജി. സ്പർജൻകുമാറിെൻറ നേതൃത്വത്തിെല സംസ്ഥാന ക്രൈംബ്രാഞ്ചിനെ ഏൽപിക്കുകയായിരുന്നു.
10 വർഷം മുമ്പ് തലശ്ശേരിയിൽ സി.ഐയായിരുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. വിക്രമനാണ് ഇപ്പോഴത്തെ അന്വേഷണ ചുമതല. കോവിഡ് ബാധിതനായ ഒന്നാം പ്രതി ഷിനോസിനെ രോഗമുക്തനായാൽ കോടതിയിൽ ഹാജരാക്കിയ ശേഷം അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.