കണ്ണൂർ: സി.പി.എമ്മിൽ നിന്ന് പുറത്തുപോയ മുൻകണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റുമായ മനുതോമസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. കഴിഞ്ഞ ദിവസം ഒരുപത്രത്തിൽ നടത്തിയ പരാമർശം പൊതുപ്രവര്‍ത്തകനായ തന്നെ ജനമധ്യത്തില്‍ താറടിച്ചു കാണിക്കാനുള്ള ശ്രമമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജയരാജൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
‘‘ഒരു 'വിപ്ലവകാരി'യുടെ പതനം വലതുപക്ഷ മാധ്യമങ്ങള്‍ എത്ര ആഘോഷമായാണ് കൊണ്ടാടുന്നത് എന്നത് ആലോചിച്ചു നോക്കുക. കോളേജ് ജീവിത കാലത്ത് ചപ്പാരപ്പടവിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഒരു യുവാവ് എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ആയി., കോളേജ് യൂണിയന്‍ ഭാരവാഹി ആയി, എസ്.എഫ്.ഐ നേതാവ് ആയി. ഡി.വൈ.എഫ്.ഐ യുടെ നേതാവ് ആയി ഉയരുന്നു, തദ്ദേശ ഭരണ സ്ഥാപനത്തിലെ ഭാരവാഹി ആയും മാറുന്നു. സി.പി.ഐ(എം) അംഗമാകുന്നു. ഒടുവില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമായി നിയോഗിക്കപ്പെടുന്നു.
കൊല്ലങ്ങളായി സി.പി.ഐ(എം) നേതാവായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് 2024 ജൂണ്‍ 24 ന് അതേവരെ കിട്ടാത്ത മാധ്യമ കവറേജ് എന്തുകൊണ്ട് ലഭിക്കുന്നു എന്നതാണ് കൗതുകകരം. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. ജയില്‍ ജീവിതം ഉണ്ടായിട്ടുണ്ട്. അക്കാലത്തൊന്നും നല്‍കാത്ത 'അനീതിക്കെതിരായ പോരാളി' പരിവേഷം ഇപ്പോള്‍ മാത്രം നല്‍കുന്നതിന്റെ പിന്നിലെന്താണ് ? ഒറ്റ ഉത്തരമേ ഉള്ളൂ. അദ്ദേഹം സി.പി.ഐ(എം) ല്‍ നിന്ന് സ്വയം പുറത്ത് പോയിരിക്കുന്നു. അത്തരമൊരാളെ ഉപയോഗിച്ച് പാര്‍ട്ടിക്കെതിരെ എന്തെല്ലാം പറയിപ്പിക്കാന്‍ പറ്റും എന്നാണ് മാധ്യമ ശ്രമം. ഈ മാധ്യമ ശ്രമത്തിന്‍റെ ഭാഗമെന്നോണം ജൂണ്‍ 25 ന്‍റെ മനോരമ പത്രത്തില്‍ എനിക്കെതിരെയും അദ്ദേഹം ഒരു പരാമര്‍ശം നടത്തിയതായി കാണുന്നു. അത് ഒരു പൊതുപ്രവര്‍ത്തകനായ എന്നെ ജനമധ്യത്തില്‍ താറടിച്ചു കാണിക്കാനുള്ള ശ്രമമാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും.
കഴിഞ്ഞ 15 മാസമായി യാതൊരു രാഷ്ട്രീയ പ്രവര്‍ത്തനവും നടത്താതെ വീട്ടിലിരുന്ന ആള്‍ , എന്തിനേറെ പറയുന്നു അതിനിര്‍ണ്ണായകമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോലും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാത്തയാള്‍ സ്വര്‍ണ്ണക്കടത്ത് കൊട്ടേഷന്‍ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന അവകാശവാദം ഉന്നയിക്കുമ്പോള്‍ ആരെയാണദ്ദേഹം കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്. അദ്ദേഹം പാര്‍ട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വച്ച് ബോധപൂര്‍വ്വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അതിന് അരുനില്‍ക്കാന്‍ പാര്‍ട്ടിയെ കിട്ടില്ല.
അതേ സമയം പാർട്ടിക്ക് ലഭിക്കുന്ന അനുഭാവികളുടെ പരാതികൾ പോലും അന്വേഷിച്ച് നടപടി എടുക്കുന്ന പാരമ്പര്യമാണ് കണ്ണൂർ ജില്ലയിലെ പാർട്ടിക്കുള്ളത്. ഇവിടെ ഒരു ജില്ലാ കമ്മറ്റി അംഗത്തിന്റെ പരാതി എത്ര മാത്രം ഗൗരവമായാണ് പരിഗണിച്ചിട്ടുണ്ടാവുക എന്നത് അനുമാനിക്കാവുന്ന കാര്യമാണ്. അതുകൊണ്ട് അദ്ദേഹമാണ് ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തേണ്ടത്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഉള്‍പ്പെടുത്തപ്പെട്ടപ്പോള്‍ ഒരു കാര്യം അദ്ദേഹത്തോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. തളിപ്പറമ്പിലും , തലശ്ശേരിയിലും നടത്തുന്ന വ്യാപാര സംരംഭങ്ങളില്‍ നിന്ന് ഒഴിവാകണം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നാനാ വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ്. പാര്‍ട്ടി അംഗത്വത്തില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുണ്ട്. എന്നാല്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകര്‍ മറ്റ് ജോലികള്‍ ചെയ്യുന്നത് ഒഴിവാക്കണമെന്ന് എല്ലാവരോടും നിഷ്കര്‍ഷിക്കാറുണ്ട്. ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തേണ്ടത് അദ്ദേഹം തന്നെയായിരുന്നു. അതിനാല്‍ തന്‍റെ ഇരുപതിലേറെ വർഷക്കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ വിലപ്പെട്ടതെന്ന് കരുതിയ പ്രസ്ഥാനത്തെ കരിവാരി തേക്കാതിരിക്കാന്‍ അദ്ദേഹം ഇനിയെങ്കിലും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു’’ -എന്നാണ് പി. ജയരാജന്റെ പോസ്റ്റ്.
ഇതിനുപിന്നാലെ ജയരാജന് മറുപടിയുമായി മനുതോമസും രംഗത്തെത്തി. ‘താങ്കൾ തന്നെ സോഷ്യൽ മീഡിയയിലൂടെ ഒരു സംവാദത്തിന് തുടക്കമിട്ട സ്ഥിതിക്ക്
മാധ്യമങ്ങളിലൂടെ പാർട്ടിയെ കൊത്തി വലിക്കാൻ അവസരമൊരുക്കുകയാണ് താങ്കൾ ചെയ്യുന്നത്. ഉന്നത പദവിയിലിരുന്ന് പാർട്ടിയെ പലവട്ടം ഇതുപോലെ പ്രതിസന്ധിയിൽ ആക്കിയ' ആളാണ് താങ്കൾ..ഓർമ്മയുണ്ടാകുമല്ലോ പലതും. താങ്കളുടെ' ഇന്നത്തെ അവസ്ഥ പരമദയനീയവുമാണ്’ -മനു പറഞ്ഞു.
‘താങ്കൾ' സ്വന്തം' ഫാൻസുകാർക്ക് വേണ്ട കണ്ടൻ്റ് പാർട്ടിയുടെത് എന്ന് തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയതുകൊണ്ട്' എന്തായാലുംനമുക്കൊരു സംവാദം തുടങ്ങാം. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിമാരെ വരെ സൃഷ്ടിക്കാൻ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപൊക്കിയ 'കോപ്പി'കച്ചവടങ്ങളും എല്ലാം നമ്മുക്ക്' പറയാം.
ഈയടുത്ത് പാർട്ടിയിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ ചർച്ച നടത്തിയതടക്കം എല്ലാം ജനങ്ങൾ അറിയട്ടെ. പാർട്ടിക്കറിയാത്ത ജനങ്ങൾക്കറിയാത്ത ഒന്നും എനിക്ക് മറച്ചുവയ്ക്കാനില്ല. താങ്കൾക്ക് എന്തെങ്കിലും എന്നെ കുറിച്ച് പറയാനുണ്ടെങ്കിൽ പറഞ്ഞോ... പണിയെടുത്ത് തിന്നുന്നതാണ് എനിക്കിഷ്ട്ം. സ്വാഗതം...." -മനുതോമസ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക്കിൽ കമന്റ് ചെയ്യാനുള്ള ഒപ്ഷൻ പരിമിതിപ്പെടുത്തിയ മനുതോമസ്, പി.ജെ ആർമിയെ പരിഹസിച്ച് ‘ആർമിക്കാർക്ക് കമൻറ് ബോക്സ് തുറന്നു കൊടുത്തിട്ടില്ല, സംവാദത്തിന് ഫാൻസുകാരെ അല്ല ക്ഷണിച്ചത്, വെറുതെ സമയംകളയണ്ട’ എന്നും എഴുതിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.