മാപ്പിളപ്പാട്ട് ഗായകൻ വി.എം കുട്ടി അന്തരിച്ചു

കോഴിക്കോട്: മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരൻ വി.എം കുട്ടി അന്തരിച്ചു. 86 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭൗതികശരീരം പുളിക്കലിലെ വസതിയായ 'ദാറുസ്സലാ'മിൽ പൊതുദർശനത്തിന് വെക്കും.

ഉച്ചക്ക് രണ്ട് മണി മുതൽ മൂന്നു വരെ കൊണ്ടോട്ടിയിലെ മോയിൻകുട്ടി വൈദ്യർ സ്മാരക മന്ദിരത്തിൽ പൊതുദർശനമുണ്ടാവും. ഖബറടക്കം വൈകീട്ട് അഞ്ച് മണിക്ക് പുളിക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഗാ​ന​ര​ച​യി​താ​വ്, സം​ഗീ​ത​ജ്ഞ​ൻ, ഗ​വേ​ഷ​ക​ൻ, ഗ്ര​ന്ഥ​കാ​ര​ൻ, ചി​ത്ര​കാ​ര​ൻ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വി.​എം. കു​ട്ടി, ആറു പതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു. മാപ്പിളപ്പാട്ടിനെ പുതിയ പരീക്ഷണങ്ങൾ കൊണ്ട് ജനകീയമാക്കിയ അദ്ദേഹം സിനിമകളിലും പാടിയിട്ടുണ്ട്.

1935 ഏ​പ്രി​ൽ 16ന് ​കൊ​ണ്ടോ​ട്ടി​ക്ക​ടു​ത്ത ആ​ലു​ങ്ങ​ലി​ൽ ഉ​ണ്ണീ​ൻ മു​സ്​​ലി​യാ​രു​ടെ​യും ഉ​മ്മാ​ച്ചു​ക്കു​ട്ടി​യു​ടെ​യും മ​ക​നാ​യിരുന്നു വ​ട​ക്കും​ക​ര മു​ഹ​മ്മ​ദ് കു​ട്ടി എ​ന്ന വി.​എം. കു​ട്ടിയുടെ ജ​നനം. മെട്രിക്കുലേഷനും ടി.ടി.സിയും പാസായതിന്‌ ശേഷം 1957ൽ കൊളത്തൂരിലെ എ.എം.എൽ.പി സ്കൂളിൽ അധ്യാപകനായി. 1985ൽ അധ്യപനരംഗത്തു നിന്ന് വിരമിച്ചു.

1954ൽ കോഴിക്കോട് ആകാശവാണിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു കൊണ്ടാണ്‌ കലാരംഗത്തേക്കുള്ള വി.എം. കുട്ടിയുടെ കടന്നുവരവ്. പിന്നീട് മാപ്പിളപ്പാട്ട് ഗായകനെന്ന നിലയിൽ പ്രസിദ്ധനായി. ഒ​രു​ കാ​ല​ത്ത് ക​ല്യാ​ണ​വീ​ടു​ക​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി​രു​ന്നു വി.​എം. കു​ട്ടി​യും വി​ള​യി​ൽ ഫ​സീ​ല​യും. 1957ൽ സ്വന്തം ഗ്രൂപ്പ് തുടങ്ങിയ വി.എം. കുട്ടി നാ​ട്ടി​ലും വി​ദേ​ശ​ത്തു​മാ​യി നൂ​റു​ക​ണ​ക്കി​ന് വേ​ദി​ക​ളി​ൽ ഗാനമേളകൾ അവതരിപ്പിച്ചു.

ഓണപ്പാട്ട്, കുമ്മിപ്പാട്ട്, കുറത്തിപ്പാട്ട് എന്നീ നാടൻ ഗാനശാഖയിൽ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം, സിനിമ, കാസറ്റുകൾ എന്നിവക്ക് വേണ്ടി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മൈലാഞ്ചി, പതിനാലാം രാവ്, ഉൽപത്തി, സമ്മാനം, മാന്യമഹാ ജനങ്ങളേ, സമ്മേളനം,1921, മാർക്ക് ആന്‍റണി അടക്കം എട്ടോളം സിനിമകളിൽ പാടിയ അദ്ദേഹം മൂന്ന് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1988ൽ ഇറങ്ങിയ 1921 എന്ന ചിത്രത്തിൽ, മോയീൻകുട്ടി വൈദ്യരുടെ ഒരു മാപ്പിളപ്പാട്ടിന് സംഗീതം നൽകി. മാർക്ക് ആന്‍റണി എന്ന ചിത്രത്തിൽ ഒരു ഗാനം എഴുതുകയും ആലപിക്കുകയും ചെയ്തു.

ഇശൽ നിലാവ്, മാപ്പിളപാട്ടിന്‍റെ ചരിത്രസഞ്ചാരങ്ങൾ, മാപ്പിളപ്പാട്ട് - ചരിത്രവും വർത്തമാനവും, ഒപ്പന എന്ന വട്ടപ്പാട്ട്, മഹാകവി മോയിൻകുട്ടി വൈദ്യർ, ഭക്തിഗീതങ്ങൾ, വൈക്കം മുഹമ്മദ്‌ ബഷീർ മാലപ്പാട്ട്, മാപ്പിളപ്പാട്ടിന്റെ തായ് വേരുകൾ, കനിവും നിനവും, മഹിമ (നാടകം), മൈത്രീഗാനങ്ങൾ, മാപ്പിളപ്പാട്ടിന്‍റെ ലോകം (എം.എൻ. കാരശ്ശേരിയുമായി ചേർന്ന്), മഹാകവി മോയിൻകുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്.

കേരള ഫോക്ക് ലോര്‍ അക്കാദമിയുടെ വൈസ് ചെയര്‍മാനായും കേരള സംഗീത നാടക അക്കാദമിയുടെ അംഗമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി, കേരള ചലച്ചിത്ര അക്കാദമി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം എന്നിവിടങ്ങളില്‍ അംഗമായിരുന്നു.

മാപ്പിള കലാരംഗത്തെ സമഗ്ര സംഭാവനക്ക് കേരള സംഗീത നാടക അക്കാദമി പുര‍സ്കാരം, കേരള ഫോക് ലോർ അക്കാദമി അവാർഡ് (2020), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് പുര‍സ്കാരം എന്നീ പുരസ്കാരങ്ങൾ നൽകി വി.എം കുട്ടിയെ ആദരിച്ചു. പരേതയായ ആ​മി​ന​ക്കു​ട്ടിയാണ് ഭാര്യ. 

Tags:    
News Summary - Mappilappattu singer VM Kutty has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.