വത്തിക്കാൻ: ഹോളി ഫാമിലി സന്യാസിനി സമൂഹ സ്ഥാപകയും മലയാളിയുമായ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഞായറാഴ്ച വത്തിക്കാനിലെ െസൻറ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയാണ് പ്രഖ്യാപനം നടത്തിയത്. മറിയം ത്രേസ്യയോടൊപ്പം ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള നാലു പേരെക്കൂടി വിശുദ്ധരായി പ്രഖ്യാപിച്ചു.
ജോൺ ഹെൻറി ന്യൂമാൻ (ഇംഗ്ലണ്ട്), സിസ്റ്റർ ജ്യൂസെപ്പിന വാനീനി (ഇറ്റലി), സിസ്റ്റർ ഡൽച്ചേ ലോപ്പസ് പോൻറസ് (ബ്രസീൽ), മാർഗരീത്ത ബേയ്സ് (സ്വിറ്റ്സർലൻഡ്) എന്നിവരാണ് മറിയം ത്രേസ്യക്കൊപ്പം വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടത്.
ചെറുപ്രായത്തിൽതന്നെ ആത്മീയകാര്യങ്ങളിൽ തൽപരയും തീവ്രഭക്തയുമായ മറിയം ത്രേസ്യയെ 1904ൽ ക്രിസ്തുവിെൻറ തിരുഹൃദയം ലഭിക്കുന്നതായുള്ള ദിവ്യാനുഭവവും 1906ൽ ക്രിസ്തുവിെൻറ മുൾമുടി ലഭിച്ചതായുള്ള ദിവ്യാനുഭവവുമാണ് ദൈവികജീവിതത്തിലേക്ക് കൂടുതൽ അടുപ്പിച്ചത്. തുടർന്ന് 1909ൽ ഇവരുടെ ശരീരത്തിൽ പഞ്ചക്ഷതങ്ങൾ കാണപ്പെട്ടതുൾപ്പെടെയുള്ള സംഭവങ്ങളാണ് വിശുദ്ധ പദവിയിലേക്ക് ഉയർത്താൻ കാരണമായത്. ക്രിസ്തുവിനെ കുരിശിൽ തറച്ചപ്പോൾ കൈകളിലും കാലുകളിലും നെഞ്ചിലുമുണ്ടായ മുറിവുകളെയാണ് പഞ്ചക്ഷതങ്ങൾ എന്നു വിശേഷിപ്പിക്കുന്നത്.
ഇതിനു പുറമെ പെരിഞ്ചേരി ചൂണ്ടൽ വീട്ടിൽ ക്രിസ്റ്റഫർ എന്ന കുഞ്ഞിന് ജനിച്ചപ്പോഴുണ്ടായിരുന്ന ഗുരുതരമായ ശ്വാസകോശരോഗം മൂലം ഡോക്ടർമാർ മരണം വിധിച്ചപ്പോൾ കുഞ്ഞിെൻറ പിതാവിെൻറ അമ്മ മറിയം ത്രേസ്യയുടെ തിരുശേഷിപ്പുമായി ആശുപത്രിക്കിടക്കയിൽവെച്ച് പ്രാർഥിച്ചതിെൻറ ഫലമായി നവജാതശിശു രോഗമുക്തി നേടിയ സംഭവവും ഇവർക്ക് വിശുദ്ധപദവി നേടിക്കൊടുക്കാൻ കാരണമായി. തൃശൂർ അമല ആശുപത്രിയിൽ നടന്ന ഈ സംഭവം ആശുപത്രിയിലെ നവജാതശിശു ചികിത്സാവിദഗ്ധനായ ഡോ. ശ്രീനിവാസൻ സാക്ഷ്യപ്പെടുത്തുകയും പിന്നീട് ഇന്ത്യയിലെയും വത്തിക്കാനിലെയും വിദഗ്ധ ഡോക്ടർമാർ അംഗീകരിക്കുകയും ചെയ്തിരുന്നു.
പുണ്യമുഹൂർത്തത്തിനു സാക്ഷിയാകാൻ കേരളത്തിൽനിന്ന് സന്യസ്തരും വിശ്വാസികളും അടക്കം നിരവധി പേർ റോമിലെത്തി. തിങ്കളാഴ്ച രാവിലെ 10.30ന് റോമിലെ സെൻറ് അനസ്താസിയ ബസിലിക്കയിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതബലി അർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.