കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ കൊച്ചിയിലെ കരിമണൽ കമ്പനിയായ സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ എൻഫോഴ്സ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്തു. കമ്പനി ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്. സുരേഷ് കുമാർ, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഐ.ടി ഓഫിസർ അഞ്ജു എന്നിവരെയാണ് വിളിച്ചുവരുത്തി ചോദ്യംചെയ്തത്. സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തക്കടക്കമാണ് നോട്ടീസ് നൽകിയിരുന്നതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ അറിയിച്ച് ഇദ്ദേഹം ഹാജരായില്ല. ഇ.ഡി സമൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ സാഹചര്യത്തിൽ തിങ്കളാഴ്ച ശശിധരൻ കർത്ത ചോദ്യംചെയ്യലിന് ഹാജരാകേണ്ടതായിരുന്നു.
വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് സോഫ്ട് വെയർ സേവനത്തിന്‍റെ പേരിൽ സി.എം.ആർ.എൽ 1.72 കോടി രൂപ നൽകിയെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്‍റെ കണ്ടെത്തൽ. ഇതുകൂടാതെ വായ്പ എന്ന പേരിലും അരക്കോടിയോളം നൽകി. ഇതുസംബന്ധിച്ചാണ് ഇ.ഡി കള്ളപ്പണം തടയൽ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കുന്നത്. സി.എം.ആർ.എൽ കമ്പനിക്ക് സേവനമൊന്നും ലഭ്യമായിട്ടില്ലാതിരിക്കെ തുക കൈമാറിയതിലെ ദുരൂഹതയാണ് ചോദ്യമുനയിൽ.
എക്സാലോജിക് എന്തു സേവനമാണ് സി.എം.ആർ.എല്ലിന് നൽകിയതെന്നതിന് ഇരു കമ്പനികളും വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഇരുകമ്പനികളും തമ്മിൽ നടന്ന 1.72 കോടിയുടെ ഇടപാടുകളുടെ രേഖകൾ പരിശോധിച്ച് സി.എം.ആർ.എൽ പ്രതിനിധികളിൽനിന്ന് പ്രാഥമിക മൊഴിയാണ് രേഖപ്പെടുത്തിയത്.
സി.എം.ആർ.എൽ 2013-14 മുതൽ 2019-20 വരെ കാലയളവിൽ 135 കോടിയുടെ സ്വത്ത് സമ്പാദിച്ചത് വെളിപ്പെടുത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ് കണ്ടത്തിയിരുന്നു. ഇതിൽ 95 കോടി ചില രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും കൈമാറിയതായാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച വിശദീകരണവും ഇ.ഡി തേടി.
സി.എം.ആർ.എല്ലും എക്സാലോജിക്കും ഉണ്ടാക്കിയ സാമ്പത്തിക ഇടപാടിന്റെ രേഖകളും പണം കൈമാറിയ ഇൻവോയ്സുകളും ലെഡ്ജർ അക്കൗണ്ടും ഹാജരാക്കാൻ നിർദേശിച്ചിരുന്നെങ്കിലും ഭാഗികമായി മാത്രം സമർപ്പിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.