കൊച്ചി: മുഖ്യമന്ത്രിയും മകളും വിവിധ രാഷ്ട്രീയ നേതാക്കളും പണം പറ്റി സി.എം.ആർ.എൽ കമ്പനിക്ക് അനധികൃത നേട്ടം എന്തെങ്കിലും ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടോയെന്ന് ഹൈകോടതി. കമ്പനിക്ക് എന്തെങ്കിലും ആനുകൂല്യങ്ങൾ നൽകിയതിന് വ്യക്തമായ തെളിവുകളുണ്ടോയെന്നും കോടതി ചോദിച്ചു. വസ്തുതകളുടെ അടിസ്ഥാനമില്ലാതെ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും ജസ്റ്റിസ് എൻ. നഗരേഷ് വാക്കാൽ ചൂണ്ടിക്കാട്ടി.
മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരെ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.
മുഖ്യമന്ത്രിക്കും മകൾക്കും പുറമെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മറ്റു യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹീംകുഞ്ഞ് തുടങ്ങി 21 പേർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.
കൊച്ചിയിലെ കമ്പനി ആദായനികുതി വകുപ്പിന്റെ ഇന്ററിം ബോർഡ് ഓഫ് സെറ്റിൽമെന്റ് മുമ്പാകെ നൽകിയ വിശദീകരണത്തിൽ ഇവർക്കു പണം നൽകിയെന്ന് പറയുന്നുണ്ടെന്നും ഇത് അനർഹമായ ആനുകൂല്യങ്ങൾ ലഭിക്കാനാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്.
എന്നാൽ, പൊതുസേവകർക്കെതിരായ അഴിമതിയാരോപണങ്ങളിലെ പ്രോസിക്യൂഷൻ നടപടികൾക്ക് സർക്കാറിന്റെ മുൻകൂർ അനുമതി വേണ്ടേയെന്ന് സിംഗിൾ ബെഞ്ച് ചോദിച്ചു. ഇത്തരം കേസുകളിൽ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് സുപ്രീംകോടതിയുടെ ചില വിധികളുണ്ടെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ മറുപടി നൽകി. എന്നാൽ, ഇവയുടെ പകർപ്പ് നൽകിയില്ല.
സ്ഥാപനങ്ങൾ സംഘടനകൾക്കും മറ്റും പണം നൽകാറുണ്ട്. സുഗമമായ പ്രവർത്തനം ലക്ഷ്യമാക്കിയാണ് ഇത് ചെയ്യാറുള്ളത്. അതേസമയം, ഇതിലൂടെ അനർഹമായ നേട്ടമുണ്ടാക്കിയോ എന്നാണ് നോക്കേണ്ടത്. . വസ്തുതകളും തെളിവുകളുമില്ലെങ്കിൽ കേസ് നിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. രേഖകൾ ഹാജരാക്കാൻ സമയം തേടിയതിനെ തുടർന്ന് ഹരജി ബുധനാഴ്ചത്തേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.