കോഴിക്കോട്: മനുഷ്യജീവനും ആരോഗ്യത്തിനും പ്രഥമ പരിഗണന നൽകിയാണ് പള്ളികളിൽ ജുമുഅ ജമാഅത്തുകൾ നടത്തേണ്ടതെന്ന് സമസ്‌ത കേരള ജംഇയ്യതുൽ ഉലമ മുശാവറ പ്രസ്‌താവിച്ചു. ആരാധനാലയങ്ങൾ തുറക്കലുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ നിർദേശങ്ങൾ സമൂഹനന്മ ഉദ്ദേശിച്ചുള്ളവയാണ്. കോവിഡിനെ പ്രതിരോധിക്കാൻ അങ്ങേയറ്റം ജാഗ്രത പുലർത്താനുള്ള ആ നിർദേശങ്ങൾ ശ്രദ്ധാപൂർവം വിശ്വാസികൾ പാലിക്കണം. രോഗവ്യാപനം അനുദിനം വർധിക്കുന്നതിനാൽ, ജനങ്ങൾ വളരെ ജാഗ്രത പുലർത്തണം.
ആരാധനാലയങ്ങൾ തുറക്കുമ്പോൾ പള്ളി പരിപാലന കമ്മിറ്റികൾ പ്രാദേശിക സാഹചര്യങ്ങൾക്ക് അനുസരിച്ച് സൂക്ഷ്മമായ പരിചിന്തനം നടത്തി ആവശ്യമായവ നടപ്പിൽ വരുത്തണം. ഗ്രാമീണ മേഖലകളിലെ നിലവിൽ ജുമുഅ ഇല്ലാത്ത പള്ളികളിലും നിബന്ധനകൾക്കു വിധേയമായി തദ്ദേശീയരായ 40 പേരുണ്ടെങ്കിൽ താൽക്കാലികമായി മാത്രം ജുമുഅ നടത്താവുന്നതാണ്.
വിഡിയോ കോൺഫറൻസ് വഴി നടത്തിയ മുശാവറ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡൻറ് ഇ. സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. അലി ബാഫഖി, ഇബ്രാഹീം ഖലീൽ ബുഖാരി, എം. അലിക്കുഞ്ഞി മുസ്‌ലിയാർ ശിറിയ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, എ.പി. മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ, കെ.പി. മുഹമ്മദ് മുസ്‌ലിയാർ കൊമ്പം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.