കോട്ടയം: വാഹനാപകട നഷ്ടപരിഹാരത്തിൽ വൻ ക്രമക്കേട് നടത്തി പണം തട്ടിയ ഉദ്യോഗസ്ഥയെ സംരക്ഷിച്ച് പൊതുമേഖലാ സ്ഥാപനമായ നാഷനൽ ഇൻഷുറൻസ് കമ്പനി. പാലാ ശാഖയിൽ ഒരു വർഷം മുമ്പാണ് ക്രമക്കേട് നടന്നത്. നഷ്ടപരിഹാരമായി ഉപഭോക്താക്കൾക്ക് നൽകുന്ന ചെക്കുകളിലെ തുകക്ക് സമാനമായി വീണ്ടും ചെക്കുകളെഴുതി ബാങ്കുകൾ വഴി പണം മാറിയെടുത്താണ് തട്ടിപ്പ് നടത്തിയതെന്നാണ് സൂചന.
മോട്ടോർവാഹന അപകട കേസുകളുമായി ബന്ധപ്പെട്ട ചില അഭിഭാഷകർക്കും ബാങ്ക് ഉദ്യോഗസ്ഥർക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് ജീവനക്കാർ പറയുന്നു. ഒരു കോടിയിലേറെ രൂപയാണ് ഇത്തരത്തിൽ നഷ്ടപ്പെട്ടത്. ഒരുവർഷം മുമ്പ് സസ്പെൻഷനിലായെങ്കിലും തട്ടിയെടുത്ത പണം മുഴുവൻ തിരിച്ചുപിടിക്കാനോ പൊലീസിൽ പരാതിപ്പെടാനോ കമ്പനി തയാറായിട്ടില്ല.
നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥയാണ് ഇതിന് നേതൃത്വം കൊടുത്തത്. ഇവരിൽനിന്ന് പകുതിയിലേറെ തുക തിരിച്ചുപിടിച്ചിട്ടുണ്ട്. പാലായിലെ ഒരു ബാങ്കിൽ സമർപ്പിക്കപ്പെട്ട ചെക്കിന്റെ പണം നൽകുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് തോന്നിയ സംശയമാണ് ക്രമക്കേട് പുറത്തറിയാൻ കാരണം. എന്നാൽ, പൊലീസിൽ പരാതി നൽകാനോ കൂട്ടാളികളെ പിടികൂടാനോ നടപടിയുണ്ടായിട്ടില്ല.
മനുഷ്യസഹജമായ തെറ്റുമാത്രമാണ് സംഭവിച്ചതെന്നും ഉദ്യോഗസ്ഥയെ ബലിയാടാക്കാൻ ഒരു വിഭാഗം ശ്രമിക്കുകയാണെന്നുമാണ് ജീവനക്കാരുടെ സംഘടനയുടെ നേതാക്കൾ പറയുന്നത്. വിവിധ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പല ഉദ്യോഗസ്ഥരും സസ്പെൻഷനിലാണെന്നും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നുമാണ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.