പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പ് തെളിവെടുപ്പിനിടെ പ്രതി കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ ഏഴ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. കർഷകനായ പി.പി മത്തായിയുടെ മരണവുമായി ബന്ധപ്പെട്ടാണ് സ്ഥലം മാറ്റം. ആരോപണവിധേയരായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുത്തെങ്കില്‍ മാത്രമേ മൃതദേഹം സംസ്കരിക്കൂ എന്ന നിലപാടിലാണ് ബന്ധുക്കൾ.
റാന്നി വനമേഖലയിലെ കുടപ്പന പ്രദേശത്ത് വനം വകുപ്പിന്‍റെ സി.സി.ടി.വി കാമറകൾ തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് സമീപത്ത് ഫാം നടത്തുന്ന മത്തായിയെ ചോദ്യം ചെയ്യാൻ വനം വകുപ്പ് വീട്ടിൽ നിന്ന് കൊണ്ടു പോയത്. ഇതിന്‍റെ തെളിവെടുപ്പിനിടെയാണ് കിണറ്റില്‍ വീണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് റാന്നി ഫോറസ്റ്റ് ഡിവിഷന് കീഴിലെ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഏഴ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.
ആരോപണ വിധേയനായ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ. രാജേഷ്കുമാറിനെ ഗൂഡ്രിക്കൽ റേഞ്ചിൽ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ പ്രദീപ് കുമാർ, ബീറ്റ് ഓഫീസർമാരായ എൻ. സന്തോഷ്, ടി. അനിൽകുമാർ, വി.എം ലക്ഷ്മി എന്നിവരെ കരികുളത്തക്കും ട്രൈബൽ വാച്ചർ ഇ.ബി പ്രദീപ് കുമാറിനെ രാജാംപാറയിലേക്കുമാണ് മാറ്റിയത്.
മത്തായി മുങ്ങി മരിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മത്തായിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.