കോട്ടയം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മറുപടിയുമായി മാത്യു കുഴൽനാടൻ എം.എൽ.എ. ചിന്നക്കനാലിൽ വീട് നിർമിച്ചത് റെസിഡൻഷ്യൽ നിയമപ്രകാരമാണെന്നും ഭൂനിയമം ലംഘിച്ചിട്ടില്ലെന്നും മാത്യു കുഴൽനാടൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എ.കെ.ജി സെൻററാണ് ഭൂനിയമം ലംഘിച്ച ഏറ്റവും വലിയ കെട്ടിടം. അത് എം.വി. ഗോവിന്ദന് പരിശോധിച്ചുനോക്കാമെന്നും അദ്ദേഹം പറഞ്ഞു.
ചിന്നക്കനാല്‍ ഭൂമി വാങ്ങിയതില്‍ നികുതി വെട്ടിപ്പില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് മൂല്യം കൂട്ടി കാണിച്ചത്. സ്വകാര്യ കെട്ടിടമെന്ന് പറയാൻ കാരണം അത് റെസിഡൻഷ്യൽ പെർമിറ്റ് പ്രകാരം ലഭിച്ചതാണ് എന്നതിനാലാണ്. അത് തിരുത്തുന്നില്ലെന്നും കുഴൽനാടൻ പറഞ്ഞു. തനിക്ക് ലഭിച്ച ലൈസൻസിന്റെ നാലാം കോളത്തിൽ ഹോം സ്റ്റേയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ പട്ടയഭൂമിയിൽ സ്വകാര്യ കെട്ടിടം കെട്ടാനോ വീട് നിർമിക്കാനോ ഹോം സ്റ്റേ നടത്താനോ പാടില്ലെന്ന നിയമമില്ല. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന എം.വി. ഗോവിന്ദന് അത് അറിയില്ലേ.
അഭിഭാഷക വൃത്തിക്കൊപ്പം നിയമവിരുദ്ധമായി ബിസിനസ് നടത്തിയെന്നാണ് മറ്റൊരു ആരോപണം. ഒരു ബിസിനസും താനായിട്ട് നടത്തിയിട്ടില്ല. ഇതിൽ ബാർ കൗൺസിൽ വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് കേട്ടു. നോട്ടീസ് ലഭിച്ചിട്ടില്ല. ഔദ്യോഗികമായി ചോദിച്ചാൽ വിശദീകരണം നൽകും.
വരവില്‍ കവിഞ്ഞ സ്വത്തില്ല. എം.വി. ഗോവിന്ദന് നേരിട്ട് പരിശോധിക്കാം. ഒമ്പതുകോടിയുടെ വിദേശനിക്ഷേപമുണ്ടെന്നും ഫെമ നിയമം ലംഘിച്ചെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചിരുന്നു. ഒമ്പത് കോടിയുടെ വിദേശ നിക്ഷേപമെന്നല്ല സത്യവാങ്മൂലത്തിൽ നൽകിയത്. അത് തനിക്കുള്ള ഓഹരി മൂല്യമാണ്. വീണ വിജയന് പ്രതിരോധം തീര്‍ക്കാനാണ് തനിക്കെതിരായ ആരോപണങ്ങള്‍. തനിക്കെതിരെ ആരോപണം ഉന്നയിച്ച സി.പി.എം ജില്ല സെക്രട്ടറിമാര്‍ക്ക് കോടിക്കണക്കിന് സ്വത്തുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എറണാകുളം, ഇടുക്കി സെക്രട്ടറിമാര്‍ക്ക് വരവില്‍ കവിഞ്ഞ സ്വത്തില്ലെന്ന് പറയാനാവുമോയെന്നും ഇവരുടെ സ്വത്ത് അന്വേഷിക്കുമോയെന്നും എം.വി. ഗോവിന്ദനോട് കുഴല്നാടൻ ചോദിച്ചു. ഇല്ലെങ്കില്‍ തനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കാമെന്നും മാത്യു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.