നെഹ്റു ട്രോഫി വള്ളംകളി കാണാനുള്ള ക്ഷണം നിരസിച്ച അമിത്ഷാ മുഖ്യമന്ത്രിക്ക് നൽകിയത് നിരാശയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 'മാതുലനൊട്ട് വന്നതുമില്ല, ഉള്ള മാനവും പോയി'എന്നും ചെന്നിത്തല മുഖ്യമന്ത്രിയെ പരിഹസിച്ചു. 'ഘടകകക്ഷി ബന്ധം കൂടുതൽ ഗാഢമാക്കുവാൻ മനക്കോട്ട കെട്ടിയാണ് തനിക്കും ഗവൺമെന്റിനും രക്ഷാകവചം തീർക്കുന്ന അമിത് ഷായെ ഒന്ന് സുഖിപ്പിക്കുവാൻ വേണ്ടി നെഹ്റു ട്രോഫി വള്ളംകളി കാണുവാൻ ക്ഷണിച്ചത്. കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്ന അമിത്ഷായും മോദിയും കേരളത്തിൽ ഇപ്പോഴും വേരുറയ്ക്കാത്ത ബി.ജെ.പിക്ക് ബദലായി മാത്രമേ സി.പി.എമ്മിനെ കാണുന്നു എന്നുള്ള യാഥാർത്ഥ്യം ഇപ്പോഴും മുഖ്യമന്ത്രി മനസ്സിലാക്കിയിട്ടില്ല. ഇതേപോലുള്ള പല പൊറോട്ട് നാടകങ്ങളും ഇനിയും നമ്മൾ കാണാൻ ഇരിക്കുന്നതേയുള്ളൂ'എന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
സെപ്റ്റംബർ നാലിന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. ഔദ്യോഗിക തിരക്കുകളാണ് പരിപാടിയിൽ പങ്കെടുക്കാത്തതിന് കാരണമെന്നാണ് സൂചന. സുരക്ഷാ കാരണങ്ങളാലാണു പങ്കെടുക്കാത്തതെന്നും സൂചനയുണ്ട്. മന്ത്രിയുടെ സന്ദർശന പട്ടികയിൽ ആലപ്പുഴ ഉൾപ്പെടുത്തിയിട്ടില്ല. അമിത്ഷായെ വള്ളംകളിക്ക് ക്ഷണിച്ച മുഖ്യമന്ത്രിയുടെ നടപടി വിവാദമായിരുന്നു.
ഈ മാസം മൂന്നിന് കോവളത്ത് നടക്കുന്ന ഇന്റർസ്റ്റേറ്റ് കൗൺസിൽ യോഗത്തിനെത്തുന്ന അമിത് ഷായെ നെഹ്റുട്രോഫി വള്ളംകളി കാണാൻ മുഖ്യമന്ത്രി ക്ഷണിക്കുകയായിരുന്നു. ഓണാഘോഷങ്ങളിൽ പങ്കെടുക്കാനും അഭ്യർഥിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ആഗസ്റ്റ് 23ന് കത്തയച്ചിരുന്നു. ഈക്ഷണം വലിയ വിമർശനത്തിന് ഇടവെക്കുകയും പ്രതിപക്ഷമടക്കം ശക്തമായ പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു.
അമിത് ഷായെ ക്ഷണിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി വിവിധ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയും അമിത് ഷായും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു. 2019 ലോക്സഭ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു എന്ന് ആരോപിച്ച് എൻ.കെ.പ്രേമചന്ദ്രൻ എംപിയെ സംഘി എന്നു വിളിച്ച് ആക്ഷേപിച്ചവരാണ് സിപിഎം നേതാക്കളെന്നും സതീശൻ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയുടെ ചെരുപ്പ് നക്കുന്ന സ്വഭാവമാണെന്നായിരുന്നു കെ.മുരളീധരന്‍ എംപിയുടെ പ്രതികരണം. അമിത് ഷായെ ക്ഷണിച്ചതിനെ 'സ്വാഭാവികം' എന്ന് പരിഹസിച്ച് വി.ടി.ബല്‍റാമും ഫെയ്സ്ബുക് പോസ്റ്റിട്ടു. അതേസമയം, അമിത് ഷായെ നെഹ്റു ട്രോഫി വള്ളം കളിക്ക് ക്ഷണിച്ചതിനെതിരായ വിമര്‍ശനങ്ങള്‍ തള്ളുകയാണ് നിയുക്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ചെയ്തത്.
വള്ളംകളിയില്‍ അമിത് ഷാ പങ്കെടുക്കുന്നതില്‍ അദ്ഭുതമില്ല. കേന്ദ്ര ഭരണാധികാരിയെ കാണാനും മിണ്ടാനും പാടില്ലെന്നു പറയുന്നത് തെറ്റാണ്. എല്‍.ഡി.എഫ് രാഷ്ട്രീയ നിലപാട് വച്ചല്ല ഫെഡറല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുക. ലാവ്ലിന് കേസ് ബി.ജെ.പി കോടതിയിലല്ല, സുപ്രീംകോടതിയിലാണുള്ളതെന്നും വിമർശനങ്ങൾക്കു മറുപടിയായി എം.വി ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.