തിരുവനന്തപുരം: പുതിയ പദവിക്കനുസരിച്ച് എ.എൻ. ഷംസീറിനും പ്രവർത്തിക്കേണ്ടി വരുമെന്ന് നിയുക്ത മന്ത്രി എം.ബി. രാജേഷ്. സ്പീക്കർ സ്ഥാനം രാജിവെച്ച ശേഷം വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയം പറയുമെന്നും എന്നാൽ കക്ഷിരാഷ്ട്രീയത്തിൽ ഇടപെടില്ലെന്നും സ്പീക്കർ സ്ഥാനം ഏറ്റെടുക്കുമ്പോൾ വ്യക്തമാക്കിയിരുന്നു. അതിനാൽ സ്പീക്കറായപ്പോഴും നന്നായി രാഷ്ട്രീയം പറഞ്ഞിട്ടുണ്ട്.
പദവിയനുസരിച്ച് കക്ഷി രാഷ്ട്രീയം പറയാൻ തടസ്സം നേരിട്ടപ്പോൾ അതിൽ പ്രയാസം തോന്നിയിട്ടില്ല. നിയമ സഭയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗം ശക്തമായ രാഷ്ട്രീയ നിലപാട് തെളിയിക്കുന്ന ഒന്നായിരുന്നു. ''സ്ട്രൈക്കറായി കളിച്ചയാൾ റഫറിയാകേണ്ടി വരുമ്പോൾ എന്താകുമെന്നായിരുന്നു താൻ സ്പീക്കറായപ്പോൾ ഉയർന്ന ചോദ്യം. റഫറിയായപ്പോൾ മോശമായില്ല എന്നു മാധ്യമങ്ങൾ പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. താൻ മോശമാണെന്നു പ്രതിപക്ഷവും പറഞ്ഞിട്ടില്ല. അതുപോലെ ഷംസീറിനും ചുമതലയ്ക്കനുസരിച്ച് പരുവപ്പെടാൻ കഴിയും'' –എം.ബി.രാജേഷ് പറഞ്ഞു.
സഭ പാസാക്കിയ ബില്ലുകൾ ഗവർണർക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു. ഗവർണറാണ് ഇനി അംഗീകാരം നൽകേണ്ടത്. സഭ ഉടനെ ചേരുമെന്നാണ് കരുതുന്നത്. തന്റെ വകുപ്പിന്റെ കാര്യം ഔദ്യോഗികമായി ഗവർണറെ അറിയിച്ചശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. തന്റെ കാലയളവിൽ 15 മാസത്തിനിടെ 83 ദിവസം സഭ സമ്മേളിച്ചു. 65 നിയമങ്ങൾ പാസാക്കി. സഭാ നടപടികൾ സമയക്രമം പാലിച്ച് സജീവമാക്കി. അംഗങ്ങളുടെ പ്രസംഗ സമയം നിയന്ത്രിച്ചപ്പോൾ ആദ്യം ചെറിയ പ്രതിഷേധം ഉണ്ടായെങ്കിലും പിന്നീട് എല്ലാവരും അംഗീകരിച്ചു. ഭരണ- പ്രതിപക്ഷങ്ങൾക്കു തുല്യപരിഗണന നൽകാൻ ശ്രമിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.