എം.ബി.എ ബിരുദം, ചായക്കടയിൽ ജോലി, കൊന്നുതള്ളിയത് അഞ്ചുപേരെ; സീരിയൽ കില്ലർ രാജേന്ദ്രന്റെ ജീവിതം ഇങ്ങിനെ

അമ്പലമുക്കിലെ അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരി വിനീതയെ കുത്തിക്കൊലപ്പെടുത്തിu കേസിലെ പ്രതി രാജേന്ദ്രനെക്കുറിച്ചുള്ള പൊലീസ് വിവരണങ്ങൾ അമ്പരപ്പിക്കുന്നത്.തമിഴ്നാട് തോവാള വെള്ളമഠം സ്വദേശിയായ രാജേന്ദ്രൻ കൊടുംകുറ്റവാളിയാണെന്ന വിവരം പൊലീസിന് ലഭിക്കുന്നത് വൈകിയാണ്. രാജേന്ദ്രന്റെ അഞ്ചാമത്തെ ഇരയാണ് അമ്പലമുക്കിൽ കൊല്ലപ്പെട്ട വിനീത.

വിദ്യാഭ്യാസ യോഗ്യത

എം.എ ഇക്കണോമിക്സ് ബിരുദധാരിയാണ് രാജേന്ദ്രനെന്നാണ് പൊലീസ് പറയുന്നത്. ഓൺലൈനായി വിദൂരവിദ്യാഭ്യാസകോഴ്സ് വഴി എം.ബി.എയും നേടി. മോഷ്ടിച്ചടക്കം കിട്ടിയ പണം ഉപയോഗിച്ച് ഇയാൾ സ്ഥിരമായി ഓൺലൈൻ ട്രേഡിങ് നടത്താറുണ്ടെന്നും പൊലീസിന് പറയുന്നു. സ്വർണം മോഷ്ടിക്കാൻ രാജേന്ദ്രൻ മറ്റൊരു കൊലപാതകവും ചെയ്തിട്ടുണ്ട്. പക്ഷ ഒരു കേസിലും ഇതേ വരെ ശിക്ഷിച്ചിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. ‌2014ൽ അച്ഛനും അമ്മയും മകളുമടക്കം ഒരു കുടുംബത്തെ കൊന്ന് തള്ളിയിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥനായ സുബ്ബയ്യ, ഭാര്യ വസന്തി , മകൾ അംബി ശ്രീ എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയത്.

ജോലി ചായക്കടയിൽ

ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ള രാജേന്ദ്രൻ പേരൂർക്കടയിലെ ചായക്കടയിലാണ് ജോലിക്ക് നിന്നിരുന്നത്. പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണ് ഇതെന്നാണ് പൊലീസ് നിഗമനം. ആദ്യമൊന്നും രാജേന്ദ്രൻ പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ഒട്ടും സഹകരിച്ചിരുന്നില്ല. എന്നാൽ പിന്നീട് താൻ നടത്തിയ കൊലപാതകങ്ങളെക്കുറിച്ചും, കൊലപാതകശ്രമങ്ങളെക്കുറിച്ചും, മോഷണങ്ങളെക്കുറിച്ചും രാജേന്ദ്രൻ പൊലീസിനോട് വെളിപ്പെടുത്തൽ നടത്തി. തമിഴ്നാട് പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ രാജേന്ദ്രൻ ഇതിന് മുമ്പ് നടത്തിയ കൊലപാതകങ്ങളുടെ വിവരങ്ങളും കേരളാ പൊലീസിന് ലഭിച്ചു.

രാജേന്ദ്രൻ കഴിഞ്ഞ ഡിസംബറിൽ പേരൂർക്കടയിലെത്തിയെന്നാണ് പറയുന്നത്. പക്ഷെ പൊലീസ് ഇത് വിശ്വസിക്കുന്നില്ല. തനിച്ച് കുറ്റകൃത്യം ചെയ്ത് കറങ്ങി നടക്കുന്ന രാജേന്ദ്രന് ഇനിയും കൂടുതൽ കേസുകളിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കാൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇപ്പോഴും കന്യാകുമാരിയിലെ പല ഇടങ്ങളിലായി രാജേന്ദ്രനെയും കൊണ്ട് തെളിവെടുപ്പ് നടത്തുകയാണ് പൊലീസ്.

വിനീതയുടെ കൊലപാതകം

ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ള ഞായറാഴ്ചയാണ് രാജേന്ദ്രൻ മോഷണത്തിനായി തിരഞ്ഞെടുത്തത്. സ്ത്രീകളുടെ മാല പൊട്ടിച്ച് ഓടി രക്ഷപ്പെടണമെന്ന ഉദ്ദേശ്യത്തോടെയാണ് ചായക്കടയിലെ ജോലിക്കുശേഷം ഇയാൾ ഇറങ്ങിയത്. അമ്പലമുക്കിൽ വച്ച് ആദ്യം തനിച്ച് യാത്ര ചെയ്ത ഒരു സ്ത്രീയെ ലക്ഷമിട്ടു. എന്നാൽ, തൊട്ടടുത്ത് മറ്റ് ആളുകളെ കണ്ടപ്പോള്‍ ചെടിക്കടയുള്ള റോഡിലേക്ക് നീങ്ങി.

കടക്കുള്ളിൽ കയറി രാജേന്ദ്രൻ ജീവനക്കാരിയായ വിനീതയോട് ചെടിച്ചട്ടി ആവശ്യപ്പെട്ടു. ഏതു തരത്തിലുള്ള ചട്ടി വേണമെന്ന് ചോദിച്ചപ്പോള്‍ ഉത്തരമുണ്ടായില്ല. സംശയം തോന്നിയ വിനീത ബഹളം വയ്ക്കാൻ തുടങ്ങിയപ്പോള്‍ വായ് പൊത്തിപ്പിടിച്ചു. കഴുത്തിന് കുത്തുകയായിരുന്നു. വിനീത പിടയുമ്പോൾ 5 മിനിറ്റ് കടയുടെ പടിയിലിരുന്ന രാജേന്ദ്രൻ അവരുടെ മരണം ഉറപ്പാക്കിയ ശേഷമാണ് ഇയൾ കടന്നുകളഞ്ഞത്. പ്രതിയെ ആരും കണ്ടിരുന്നില്ല. സ്ത്രീയുടെ നിലവിളി പോലും ആരും കേട്ടില്ല.

പിടിവള്ളിയായത് സിസിടിവിയിലെ ദൃശ്യം

തൊട്ടടുത്ത വീട്ടിലെ സിസിടിവി പ്രവ‍ർത്തനക്ഷമമായിരുന്നില്ല. ഒരു തുമ്പുമില്ലാതെ ആദ്യത്തെ മൂന്നുദിവസം പൊലീസ് നന്നായി അലഞ്ഞു. സമീപത്തെ ഒരു സിസിടിവിയിൽ പതിഞ്ഞ യുവാവിന്‍റെ ദൃശ്യമാണ് പിടിവള്ളിയായത്. ഞായറാഴ്ച 11.30ന് ശേഷം തലയിൽ സ്കാർഫ് ധരിച്ച ഒരാള്‍ ഓട്ടോയിൽ കയറി പോകുന്നത് പൊലീസ് ശ്രദ്ധിച്ചു.

മെഡിക്കൽ കോളജിലേക്കെന്ന് പറഞ്ഞ് വാഹനത്തിൽ കയറി ഇയാള്‍ മുട്ടടയിൽ ഇറങ്ങിയതായി ഓട്ടോ ഡ്രൈവർ മൊഴി നൽകി. പൊലീസിന് സംശയം തോന്നി. വീണ്ടും സിസിടിവികള്‍ പരിശോധിച്ചു. ഇതേ വ്യക്തി ഒരു ആക്ടീവ സ്കൂട്ടറിൽ കയറി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ദൃശ്യങ്ങളും രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു.

പൊലീസ് ചായക്കടയിലേക്ക്

അപരിചിതൻ ഉള്ളൂരിലിറങ്ങിയതായി സ്കൂട്ടർ ഉടമ പൊലീസിനോട് പറഞ്ഞു. പിന്നെയും പൊലീസ് തുമ്പ് കിട്ടാതെ വലഞ്ഞു. ഉള്ളൂരിൽ നിന്ന് ഇയാൾ പേരൂർക്കടയിലേക്ക് പോയതായി മറ്റൊരു ഓട്ടോ ഡ്രൈവർ വിവരം നൽകി. പേരൂർ‍ക്കട കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കൊലപാതകം നടന്ന ദിവസം രാവിലെ രാജേന്ദ്രൻ ആശുപത്രിക്കു സമീപത്ത് നിന്നും അമ്പലമുക്കിലേക്ക് നടന്നുവരുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. അങ്ങനെ അന്വേഷണം പേരൂർക്കട പൊലീസ് സ്റ്റേഷന് സമീപമുള്ള ചായക്കടയിലെത്തുകയായിരുന്നു.

ഈ ചായക്കടയിലെ ഒരു ജീവനക്കാരൻ ചൊവ്വാഴ്ച കൈക്കേറ്റ പരിക്കിന് ചികിത്സ തേടിയെന്ന് പൊലീസിന് ആശുപത്രിയിൽ നിന്നും മനസ്സിലായി. അടുക്കള ജോലിക്കിടെ കൈയ്ക്ക് പരിക്കേറ്റ രാജേഷെന്ന തൊഴിലാളി നാട്ടിലേക്ക് പോയെന്നായിരുന്നു കടയിലുള്ളവരുടെ മൊഴി.


പ്രതി പിടിയിലാകുന്നു

കടയിലുണ്ടായിരുന്ന രാജേഷെന്ന രാജേന്ദ്രന്‍റെ ആധാർകാ‍ർഡിലെ ചിത്രങ്ങളും സി.സി.ടി.വിയുമായി ഒത്തുനോക്കിയ പൊലീസ് ഏതാണ്ട് പ്രതി ഇയാൾ തന്നെയെന്ന് ഉറപ്പിച്ചു. ഷാഡോ സംഘം അന്ന് രാത്രി തന്നെ തമിഴ്നാട്ടിലേക്ക് പോയി. രാജേന്ദ്രൻ താമസിക്കുന്ന കാവൽ കിണറിലെ സ്ഥലം കണ്ടെത്തി. തുടർന്ന് നടത്തിയ നീക്കത്തിൽ ഇയാളെ പിടികൂടുകയായിരുന്നു. പുല‍ർച്ചയോടെ പ്രതിയെ പോലീസ് തലസ്ഥാനത്ത് എത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിലാണ് കസ്റ്റഡിയിലെടുത്തത് കൊടുംക്രിമിനലാണെന്ന് പൊലീസിന് വ്യക്തമായത്.


സാക്ഷികൾ രാജേന്ദ്രനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ രാവിലെയാണ് രാജേന്ദ്രന്‍ അറസ്റ്റിലായത്. യുവതിയുടെ വധത്തിന് പിന്നിൽ മോഷണശ്രമമാണെന്നാണ് പൊലീസ് നിഗമനം. ഇയാള്‍ മോഷ്ടിച്ച യുവതിയുടെ മാല പൊലീസ് കണ്ടെത്തി. തിരുവനന്തപുരം പഴയ കട ജംഗ്ഷനിലെ ധനകാര്യ സ്ഥാപനത്തിലാണ് മാല പണയം വച്ചിരുന്നത്.

തമിഴ്നാട്ടിലെ കേസിലെ വിചാരണ തുടങ്ങുന്നതിന് മുന്‍പ് ഇയാള്‍ കേരളത്തിലേക്ക് കടന്ന് പേരൂര്‍ക്കടയിലെ ഹോട്ടലില്‍ സപ്ലെയറായി ജോലി ചെയ്യുകയായിരുന്നു. ഗുണ്ടാപട്ടികയിലും ഇയാള്‍ ഉണ്ടായിരുന്നതായാണ് പൊലീസിനു ലഭിച്ച വിവരം.

വിനീതയുടെ ഭർത്താവ് രണ്ടു വർഷം മുൻപ് ഹൃദയാഘാതം വന്ന് മരിച്ചിരുന്നു. എട്ടാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്.

Tags:    
News Summary - MBA degree, working in a tea shop, killing five; This is the life of serial killer Rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.