തൃശൂർ: പാലക്കാട് കെ.എഫ്.സി, മക്ഡൊണാൾഡ് എന്നിവകളുടെ ശാഖകൾ ആക്രമിച്ച സംഭവത്തിൽ മാവോവാദി നേതാവ് രൂപേഷും ഭാര്യ ഷൈനയും ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിയ യു.എ.പി.എ കോടതി റദ്ദാക്കി.
വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന രൂപേഷ്, ജാമ്യത്തിലിറങ്ങിയ ഭാര്യ ഷൈന, കാസർകോട് ചെറുവത്തൂർ സ്വദേശി അരുൺ, തൃക്കരിപ്പൂർ സ്വദേശി ശ്രീകാന്ത്, കെ.വി. ജോസ്, അഷ്റഫ്, രാമൻ, അനൂപ് മാത്യു ജോർജ്, മൊയ്തീൻ, ഇസ്മായിൽ എന്നിവർക്കെതിരെയാണ് യു.എ.പി.എ ചുമത്തിയിരുന്നത്. എല്ലാവരുടെ പേരിലും ചുമത്തിയിരുന്ന രാജ്യദ്രോഹക്കുറ്റവും പാലക്കാട് സെഷൻസ് കോടതി റദ്ദാക്കി.
2014 ഡിസംബർ 22നായിരുന്നു കേസിനാസ്പദമായ സംഭവം. പാലക്കാട് ചന്ദ്രനഗറിലെ ബഹുരാഷ്ട്ര ഭക്ഷ്യ ഏജൻസിയായ കെ.എഫ്.സി.യുടെയും മക്ഡൊണാൾഡിെൻറയും ശാഖകൾ ആക്രമിക്കുകയായിരുന്നു. സാമ്രാജ്യത്വ കുത്തകകൾക്കെതിരെ മുദ്രാവാക്യം വിളിച്ചെത്തിയവരാണ് അക്രമം നടത്തിയതെന്ന വിലയിരുത്തലിൽ രൂപേഷിനെയും ഷൈനയെയുമെല്ലാം കേസിൽ പ്രതിചേർക്കുകയായിരുന്നു.
അരുൺ, ശ്രീകാന്ത് എന്നിവരെ അന്നുതന്നെ പാലക്കാട് മങ്കരയിൽനിന്ന് പൊലീസ് പിടികൂടി. പിന്നീടാണ് രൂപേഷിനെയടക്കം അറസ്റ്റ് ചെയ്തത്. അതേദിവസം തന്നെ വയനാട് വെള്ളമുണ്ടക്കടുത്ത് കുഞ്ഞോത്തെ വനം വകുപ്പ് ഔട്ട്പോസ്റ്റും പാലക്കാട് സൈലൻറ്വാലി റേഞ്ച് ഓഫിസും ആക്രമിച്ചിരുന്നു. ഇതിന് പിന്നിലും മാവോവാദികളാണെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. ഇരുപതോളം കേസുകളിലാണ് രൂപേഷിനെതിരെ യു.എ.പി.എ ചുമത്തിയിരുന്നത്. ചില കേസുകളിൽ കൂടി ഇനി യു.എ.പി.എ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.