മീഡിയവൺ: ഇടക്കാല ഉത്തരവ്​ ആത്മവിശ്വാസം പകരുന്നത്​ -അഡ്വ. ഹാരിസ് ബീരാൻ

ന്യൂഡൽഹി: മീഡിയവണിന്‍റെ വിലക്ക് നീക്കി കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് ആത്മവിശ്വാസം പകരുന്നതാണെന്ന് ചാനലിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ.

ഏത് ഫയലിന്‍റെ അടിസ്ഥാനത്തിലാണോ മീഡിയവണിനെ വിലക്കിയത് അതേ ഫയലുകൾ പരിശോധിച്ച് തന്നെയാണ് സുപ്രീം കോടതി വിലക്ക് നീക്കം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ചാനലിനെ വിലക്കിയതിന്‍റെ കാരണം ചാനലുടമകളോട് വിശദീകരിക്കാത്തത്​ എന്തെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആരാഞ്ഞു. അത്തരത്തിൽ കാരണം കാണിക്കാൻ പോലും സാധിക്കാത്ത ഉത്തരവ് കോടതിക്ക് ഒരിക്കലും സംരക്ഷിക്കാൻ സാധിക്കില്ല. അതുകൊണ്ട് വിലക്കിയതിന്‍റെ കാരണം വിശദമാക്കണമെന്നു കോടതി ആവശ്യപ്പെട്ടു. വിലക്കിന്‍റെ കാരണം ഹരജിക്കാരെ അറിയിച്ചാൽ മാത്രമേ അവർക്ക് അതിനു മറുപടി ബോധിപ്പിക്കാൻ സാധിക്കുകയുള്ളു എന്നും കോടതി പറഞ്ഞു.

കേന്ദ്രം കോടതിയിൽ ഹാജരാക്കിയ മുദ്ര​വെച്ച കവർ തുറന്നു പരിശോധിക്കാൻ കോടതി ചാനൽ അഭിഭാഷകന്‍റെ അഭിപ്രായമാരാഞ്ഞു. നിങ്ങൾ അനുവദിക്കുകയാണെങ്കിൽ ഇത് തുറന്ന് നോക്കാമെന്ന് പറഞ്ഞ കോടതി കേന്ദ്രം സമർപ്പിച്ച മുദ്ര​വെച്ച കവറിലെ രേഖകൾ പരിശോധിച്ച ശേഷമാണ്​ വിലക്ക്​ സ്​റ്റേ ചെയ്യാനുള്ള തീരുമാനമെടുത്തതെന്ന്​ ഹാരിസ് ബീരാൻ പറഞ്ഞു.

കേന്ദ്ര സർക്കാർ സമർപ്പിച്ച ഇതേ ഫയലുകൾ പരിശോധിച്ചാണ് രണ്ട് കോടതികളും ഇതിനു മുമ്പ് കേന്ദ്രത്തിന്‍റെ വിലക്ക് ശരിവച്ചത്​. ആ ഫയലുകൾ പരിശോധിച്ചുതന്നെയാണ്​ വിലക്ക് നീക്കി കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ചത്​ എന്നത്​ ഇടക്കാല ഉത്തരവിനെക്കുറിച്ച്​ കൂടുതൽ ആത്മവിശ്വാസം പകരുന്നതാണെന്നു ഹാരിസ്​ ബീരാൻ പറഞ്ഞു.

Tags:    
News Summary - MediaOne: Interim order gives confidence - Adv. Haris Beeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.