ന്യൂഡൽഹി: മീഡിയാവൺ ചാനലിന് സംപ്രേഷണത്തിന് അനുമതി നൽകി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന് മേൽ ലൈസൻസ് കാലാവധി കഴിഞ്ഞുവെന്ന തടസവാദം ഉന്നയിക്കാൻ കേന്ദ്രസർക്കാർ നടത്തിയ നീക്കം സുപ്രീംകോടതി തള്ളിക്കളഞ്ഞു. മുദ്രവെച്ച കവറുകളിന്മേലുള്ള കോടതി വ്യവഹാരത്തിനോട് യോജിപ്പില്ലെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാറിനെ ഓർമിപ്പിച്ചു.
മീഡിയാവണിന്‍റെ സുരക്ഷാ ക്ലിയറൻസ് നിഷേധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ് സ്റ്റേ ചെയ്തും സംപ്രേഷണത്തിന് അനുമതി നൽകിയും മുമ്പ് നടന്നിരുന്നത് പോലെ ചാനൽ നടത്താൻ ജസ്റ്റിസ് ചന്ദ്രചൂഡ് ഉത്തരവ് പുറപ്പെടുവിക്കുകയും കോടതി അത് രേഖപ്പെടുത്തുകയും ചെയ്ത ശേഷമായിരുന്നു അഡീഷനൽ സോളിസിറ്റർ ജനറൽ രാജു ലൈസൻസ് കഴിഞ്ഞ ചാനലിന് പ്രവർത്തിക്കാനാവില്ല എന്ന് വാദിച്ചത്. ഇത് ഖണ്ഡിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് ഡിസംബറിൽ ലൈസൻസ് കഴിഞ്ഞിട്ടും ജനുവരിയിലും സംപ്രേഷണം തുടർന്നല്ലോ എന്ന് കേന്ദ്ര സർക്കാർ അഭിഭഷകനോട് തിരിച്ചുചോദിച്ചു. ഉത്തരമില്ലാതായ എ.എസ്.ജിയോട് ജനുവരിയിൽ നടന്നപോലെ ഇനിയും നടക്കട്ടെയെന്ന് പറഞ്ഞ് ഇടക്കാല ഉത്തരവിന് ശേഷവും ചാനൽ സംപ്രേഷണം തടയാനുള്ള നീക്കത്തിന്‍റെ വഴിയടച്ചു.
കേരള ഹൈകോടതി സിംഗിൾ ബെഞ്ച് വിധി പുറപ്പെടുവിച്ച ജഡ്ജിക്കെതിരെ വിലക്കിന് ശേഷം തുടർന്ന മീഡിയാവൺ യൂ ട്യൂബ് ചാനൽ പരാമർശങ്ങൾ നടത്തിയെന്ന ആരോപണം ഉന്നയിച്ച് കേന്ദ്ര സർക്കാറിന്‍റെ മറ്റൊരു അഭിഭാഷകനായ നടരാജും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത് തടയാൻ നോക്കി. എന്നാൽ ചാനലിന് അനുകൂലമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനുള്ള നീക്കത്തിൽ നിന്ന് അത്കൊണ്ടും മൂന്നംഗ ബെഞ്ചിനെ തടയാൻ കേന്ദ്രത്തിന്‍റെ അഭിഭാഷകനായില്ല.
കേന്ദ്ര സർക്കാറിന് നൽകിയ ശക്തമായ മറ്റൊരു സന്ദേശത്തിൽ 'മുദ്രവെച്ച കവറുകളുടെ കോടതി വ്യവഹാര'ത്തിൽ താൽപര്യമില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കി. 'മുദ്രവെച്ച കവറുകളുടെ കോടതി വ്യവഹാരം' സുപ്രീംകോടതി തള്ളിക്കളഞ്ഞതാണെന്ന് പഴയ വിധി ഉദ്ധരിച്ച് 'മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡി'ന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചപ്പോഴായിരുന്നു ഇത്.
തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുദ്രവെച്ച കവറിൽ സമർപ്പിച്ച രഹസ്വസ്വഭാവമുള്ള ഫയലുകൾ കോടതിക്ക് അറിയണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കി. അവരുടെ ബിസിനസ് അടച്ചിട്ടിരിക്കുകയാണ്. എന്നിട്ടും എന്താണ് ഫയൽ വെളിപ്പെടുത്തുന്നതിൽ കേന്ദ്രത്തിന് തടസം. അതിൽ എന്താണ് പ്രയാസമെന്നും ജ. ചന്ദ്രചൂഢ് ചോദിച്ചു. ഫയലുകളിലെ രഹസ്യവിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ മീഡിയാവണിന് പ്രശ്നമില്ലല്ലോ എന്ന ചോദ്യത്തിന് വെളിപ്പെടുത്തണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് ദുഷ്യന്ത് ദവെ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.