കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് ഐ.സി.യു പീഡനക്കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസിൽ സസ്പെൻഷനിൽ കഴിയുന്ന അഞ്ച് വനിതജീവനക്കാര്‍ക്ക് സ്ഥലംമാറ്റം. വകുപ്പുതല അച്ചടക്കനടപടിയായാണ് സസ്പെൻഷൻ പിൻവലിച്ച് മൂന്നുപേരെ തൃശൂരിലേക്കും രണ്ടുപേരെ കോട്ടയത്തേക്കും സ്ഥലംമാറ്റിയത്.
നിലവിൽ സസ്പെൻഷനിൽ കഴിയുന്ന ഗ്രേഡ് രണ്ട് അറ്റൻഡന്റ് വി.ഇ. ഷൈമയെ തൃശൂർ മെഡിക്കൽ കോളജിലേക്കും ഗ്രേഡ് വൺ അറ്റൻഡർമാരായ ഷൈനി ജോസിനെ കോട്ടയം മെഡിക്കൽ കോളജിലേക്കും വി. ശലൂജയെ തൃശൂർ മെഡിക്കൽ കോളജിലേക്കും എം.കെ. ആസിയയെ കോട്ടയം മെഡിക്കൽ കോളജിലേക്കും നഴ്സിങ് അസിസ്റ്റന്റ് പ്രസീത മനോളിയെ തൃശൂർ മെഡിക്കൽ കോളജിലേക്കുമാണ് സ്ഥലംമാറ്റിയത്.
ആസിയയുടെ ശമ്പളവർധന ആറുമാസത്തേക്ക് തടഞ്ഞുവെക്കാനും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. കുറ്റാരോപിതർക്കെതിരെ സ്വീകരിച്ച നടപടി അവരുടെ സർവിസ് ബുക്കിൽ രേഖപ്പെടുത്തണം. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസിൽ ഭരണാനുകൂല സംഘടനാനേതാവായ പ്രതിയെ സംരക്ഷിക്കാൻ ശ്രമംനടന്നത് ശക്തമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. പീഡനക്കേസിലെ പ്രതി ശശീന്ദ്രനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുന്നതിനുള്ള നടപടിക്രമം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.