മെഡിക്കൽ കോളജ് ഐ.സി.യു പീഡനം: നഴ്സിന്‍റെ സ്ഥലംമാറ്റം ട്രൈബ്യൂണൽ ശരിവെച്ചു

കോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിൽ അതിജീവിതക്ക് അനുകൂല മൊഴി നൽകിയ സീനിയർ നഴ്സിങ് ഓഫിസർ പി.ബി. അനിതയെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് സ്ഥലംമാറ്റിയ ആരോഗ്യ വകുപ്പിന്‍റെ നടപടി ട്രൈബ്യൂണൽ ശരിവെച്ചു. ഇവരെ വിടുതൽ ചെയ്ത് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എൻ. അശോകൻ ഉത്തരവിറക്കി. അനിത ഇടുക്കി മെഡിക്കൽ കോളജിൽ ജോലിക്ക് ഹാജരാകണമെന്നും പ്രിൻസിപ്പൽ ഉത്തരവിൽ പറയുന്നു.

നവംബർ 28നാണ് പി.ബി. അനിതയെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയത്. വിശദീകരണം കേൾക്കാതെയാണ് സ്ഥലംമാറ്റമെന്ന പി.ബി. അനിതയുടെ പരാതിയിൽ സ്ഥലംമാറ്റം ട്രൈബ്യൂണൽ രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. അനിതയെ സർക്കാർ നേരിൽ കേട്ടുവെന്നും അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ച കൃത്യം സംബന്ധിച്ച് അന്വേഷണ കമ്മിറ്റി മുമ്പാകെ പരസ്പരവിരുദ്ധമായ മൊഴികളാണ് അനിതയും ചീഫ് നഴ്സിങ് ഓഫിസറായ സുമതിയും നൽകിയതെന്നും ഇത് ഇവരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നതിന് തെളിവാണെന്നും സ്ഥലംമാറ്റം ശരിവെച്ച ട്രൈബ്യൂണൽ ഉത്തരവിൽ പറയുന്നു.

ഗൗരവതരമായ സംഭവത്തെ ഉത്തരവാദപ്പെട്ടവർ ലഘൂകരിച്ചു കണ്ടു. മുഴുസമയ സുരക്ഷ ഏർപ്പെടുത്തുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്നും റിപ്പോർട്ടിലുണ്ട്. ഇക്കാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ അനിതയെ ഇടുക്കി ജില്ലയിലേക്ക് സ്ഥലംമാറ്റിയ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനം ഉചിതമാണെന്നും ഉത്തരവിൽ പറയുന്നു. ഇതേ കേസിൽ നഴ്‌സിങ് സൂപ്രണ്ട് ബെറ്റി ആന്റണിയെ കോന്നി മെഡിക്കൽ കോളജിലേക്കും ചീഫ് നഴ്സിങ് ഓഫിസർ വി.പി. സുമതിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്കും സ്ഥലം മാറ്റിയിരുന്നു. ഇരുവരും ട്രൈബ്യൂണലിൽനിന്ന് സ്റ്റേ വാങ്ങിയിരിക്കുകയാണ്.

Tags:    
News Summary - Medical college ICU harassment: Tribunal upholds transfer of nurse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.