തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുത്തനെ ഉയർന്നതോടെ നഷ്ടമാകുന്നത് 750ഒാളം വിദ്യാർഥികൾക്ക് കുറഞ്ഞ ഫീസിൽ പഠിക്കാനുള്ള അവസരം. 50 ശതമാനം സീറ്റിൽ കുറഞ്ഞ ഫീസിൽ പ്രവേശനത്തിന് കരാർ ഒപ്പിട്ട രണ്ട് കോളജുകൾ കൂടി പിന്മാറിയതോടെ ഫീസായി ലക്ഷങ്ങൾ ഒടുക്കാൻ രക്ഷാകർത്താക്കൾ ബാങ്കുകളിലേക്ക് ഒാടുകയാണ്. വിദ്യാഭ്യാസ വായ്പയെടുത്ത് മെഡിക്കൽ പ്രവേശനം ഉറപ്പാക്കാനാണ് ഇവരുടെ ശ്രമം. അലോട്ട്മെൻറ് ലഭിച്ചവർ 24നകം അഞ്ചു ലക്ഷം രൂപ ഡിമാൻഡ് ഡ്രാഫ്റ്റായി നൽകണം. നിർധന വിദ്യാർഥികളെയാണ് സ്വാശ്രയ മെഡിക്കൽ ഫീസ് നിർണയത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് പ്രതികൂലമായി ബാധിച്ചത്. കഴിഞ്ഞ വർഷം 15 സ്വകാര്യ സ്വാശ്രയ കോളജുകളിൽ 20 വീതം സീറ്റുകളിലായി ആകെ 300 എണ്ണത്തിൽ കേവലം 25,000 രൂപക്കാണ് പ്രവേശനം നടന്നത്. ഇതേ കോളജുകളിലെ 30 വീതം 450 സീറ്റുകളിലേക്ക് 2.5 ലക്ഷം രൂപ ഫീസ് നിരക്കിലുമായിരുന്നു പ്രവേശനം. ഇൗ സ്ഥാനത്താണ് ഇത്തവണ 85 ശതമാനം സീറ്റുകളിലും അഞ്ചു ലക്ഷം രൂപ ഏകീകൃത ഫീസായി നിശ്ചയിച്ചത്.
ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച ഏകീകൃത ഫീസ് നിലനിർത്താൻ പോലും സർക്കാർ വിയർക്കുകയാണ്. ഫീസ് നിരക്കിനെ ചോദ്യംചെയ്ത് മാനേജ്മെൻറുകൾ സമർപ്പിച്ച ഹരജിയിൽ തിങ്കളാഴ്ച കോടതി വിധി പറയും. കഴിഞ്ഞ വർഷം 25,000 രൂപ ഫീസുണ്ടായിരുന്ന 300 സീറ്റുകൾ പൂർണമായും ബി.പി.എൽ/എസ്.ഇ.ബി.സി വിദ്യാർഥികൾക്കായിരുന്നു. ഏകീകൃത ഫീസ് ഘടന വന്നതോടെ അതും ഇല്ലാതായി. അഞ്ചു ലക്ഷം രൂപ ഏകീകൃത ഫീസ് അംഗീകരിപ്പിക്കാനുള്ള നെേട്ടാട്ടത്തിൽ സർക്കാർ നിർധന വിദ്യാർഥികളുടെ മെഡിക്കൽ പഠനസാധ്യത പരിഗണിച്ചതുമില്ല. എൻ.ആർ.െഎ സീറ്റിൽ അഞ്ചു ലക്ഷം രൂപ ഫീസ് ഉയർത്തി ശേഖരിക്കുന്ന തുക നിർധന വിദ്യാർഥികൾക്ക് സ്കോളർഷിപ്നൽകാനുള്ള സർക്കാർ പദ്ധതി വിജയിച്ചാലും വൻ തുക ഫീസായി നൽകേണ്ടിവരും.
ഇതിനിടെ രണ്ട് കോളജുകൾ 11 ലക്ഷം രൂപ ഫീസ് വാങ്ങാൻ സുപ്രീംകോടതിയിൽനിന്ന് വിധി സമ്പാദിക്കുകയും ചെയ്തു. ഇതേ വിധി തങ്ങൾക്കും ബാധകമാക്കാനുള്ള നീക്കത്തിലാണ് ക്രിസ്ത്യൻ മെഡിക്കൽ ഫെഡറേഷന് കീഴിലുള്ളവ ഒഴികെയുള്ള കോളജുകൾ. കഴിഞ്ഞ വർഷത്തെ ഫീസ് ഘടനയിൽ പ്രവേശനത്തിന് കരാർ ഒപ്പിട്ട രണ്ട് കോളജുകൾ പിന്മാറിയതും നിർധന വിദ്യാർഥികൾക്ക് തിരിച്ചടിയായി. കരാർ വ്യവസ്ഥകൾ ഹൈകോടതി റദ്ദാക്കിയതോടെയാണ് പെരിന്തൽമണ്ണ എം.ഇ.എസ്, കാരക്കോണം സി.എസ്.െഎ കോളജുകൾ പിന്മാറിയത്. സർക്കാർ കോളജിന് പുറത്ത് ഇപ്പോൾ സർക്കാർ നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കൽ കോളജിൽ മാത്രമാണ് കുറഞ്ഞ ഫീസിൽ പഠിക്കാൻ സൗകര്യമുള്ളത്. ഫലത്തിൽ സ്വകാര്യ സ്വാശ്രയ കോളജുകളിലെ പ്രവേശനത്തിൽ മെറിറ്റിെൻറ സ്ഥാനത്ത് പണം ഘടകമായി മാറി. ഇത്തവണ എൻ.ആർ.െഎ സീറ്റിൽ 20 ലക്ഷം രൂപയാണ് വാർഷിക ഫീസ്. അഞ്ചു വർഷത്തേക്ക് ഫീസായി മാത്രം ഒരു കോടി രൂപയാണ് എൻ.ആർ.െഎ വിഭാഗത്തിന് ചെലവ്. പ്രവേശന പരീക്ഷാ കമീഷണർ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം 653 പേർ എൻ.ആർ.െഎ സീറ്റിന് അപേക്ഷകരായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.