കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റിൽ മറന്നുവെച്ച സംഭവത്തിൽ യുവതി പ്രതിഷേധിക്കാൻ തയാറായപ്പോഴേക്കും ആരോഗ്യമന്ത്രി വീണ ജോർജ് പരാതിക്കാരിയായ ഹർഷിനയെ ഫോണിൽ നേരിട്ടുവിളിച്ചു. ഹർഷിനക്കൊപ്പംതന്നെയാണ് സർക്കാറുള്ളതെന്നും നേരത്തെ ലഭിച്ച അന്വേഷണ റിപ്പോർട്ട് തൃപ്തികരമല്ലാത്തതിനാൽ മൂന്നാഴ്ചമുമ്പ് വിശദമായ ശാസ്ത്രീയ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി ഹർഷിനയെ അറിയിച്ചു.
ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് വീണ്ടും യുവതിയെ കഴിഞ്ഞ ദിവസം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. തന്റെ കാര്യത്തിൽ എന്തെങ്കിലും തീരുമാനമാവുന്നത് വരെ ഇവിടെനിന്ന് മടങ്ങില്ലെന്ന് യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതറിഞ്ഞാണ് മന്ത്രി നിയമസഭ സമ്മേളനത്തിനിടെ ഹർഷിനയെ വിളിച്ചത്. തന്റെ പ്രയാസങ്ങളെല്ലാം ഹർഷിന മന്ത്രിയോട് വിശദമായി പറഞ്ഞു. നീതി കിട്ടാൻ വൈകുന്നതിലുള്ള പ്രതിഷേധവും അറിയിച്ചു. ''ഇപ്പോഴും ശാരീരികപ്രയാസങ്ങളുണ്ട്. നട്ടെല്ലിന് വേദനയുണ്ട്. സ്കാനിങ്ങിനും എക്സ്റേക്കുപോലും കൈയിൽ പണമില്ല. മൂന്ന് മക്കളെ നോക്കാൻ മറ്റാരുമില്ല.
സംഭവം കണ്ടെത്തി മൂന്നുമാസം കഴിഞ്ഞിട്ടും എവിടെനിന്നും ഉത്തരം കിട്ടുന്നില്ല. താൻ കിടപ്പായതിനാൽ ഭർത്താവിന് ജോലിക്ക് പോകാനാവുന്നില്ല. അതിനാൽ നഷ്ടപരിഹാരം കിട്ടിയേ തീരൂ'' -ഹർഷിന മന്ത്രി വീണ ജോർജിനോട് പറഞ്ഞു. എല്ലാത്തിനും അന്വേഷണ റിപ്പോർട്ട് വരട്ടെയെന്ന മറുപടി മന്ത്രി ആവർത്തിച്ചു. അതേസമയം ഭർത്താവിന്റെ ബന്ധുവിന്റെ മരണത്തെതുടർന്ന് ഹർഷിന തിങ്കളാഴ്ച വൈകീട്ടോടെ ആശുപത്രി വിട്ടു.
അഞ്ചുവർഷം മുമ്പാണ് കോഴിക്കോട് മെഡി. കോളജിലെ ഐ.എം.സി.എച്ചിൽ അടിവാരം സ്വദേശിനി ഹർഷിന സിസേറിയന് വിധേയയായത്. അതിനുശേഷം പലതരം ശാരീരികാസ്വസ്ഥതകൾ അനുഭവിച്ചു. മൂത്രാശയസംബന്ധമായ കടുത്ത പ്രയാസങ്ങൾ വന്നപ്പോൾ മൂന്നുമാസം മുമ്പ് കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണമായ ഫോർസെപ്സ് മൂത്രസഞ്ചിയിൽ ആഴ്ന്നുകിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ഐ.എം.സി.എച്ചിൽനിന്നുതന്നെയാണ് ഇത് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ അഞ്ചുവര്‍ഷം മുമ്പ് ശസ്ത്രക്രിയക്കിടെ ഉപകരണം കുടുങ്ങിയെന്ന പരാതിയില്‍ ആദ്യം അന്വേഷിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ വിശദമായ ശാസ്ത്രീയ അന്വേഷണം നടത്താന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതുവരെയുള്ള നടപടികള്‍ സ്വീകരിച്ചത് ശസ്ത്രക്രിയക്ക് വിധേയമായ സ്ത്രീയുടെ പക്ഷത്തുനിന്ന് തന്നെയാണ്.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷല്‍ ഓഫിസര്‍ കോഓഡിനേറ്ററായ സംഘം നേരത്തേ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷിക്കണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വീഴ്ച സംഭവിച്ചത് മെഡിക്കൽ കോളജിൽ വെച്ചുതന്നെയാണെന്നും ഇത് തെളിയിക്കാൻ ഫോറൻസിക് പരിശോധന നടത്തണമെന്നും പരാതിക്കാരിയായ ഹർഷിന മന്ത്രി വീണ ജോർജിനോട് ആവശ്യപ്പെട്ടു. നൂറ്റാണ്ടുകൾക്കുമുമ്പ് മണ്ണിനടിയിൽ കിടന്ന ഫോസിലുകളിൽപോലും പരിശോധന നടത്തി കാലപ്പഴക്കം കണ്ടെത്താൻ കഴിയുമെന്നിരിക്കെ എന്തുകൊണ്ട് ഇത് വൈകുന്നുവെന്ന് ഹർഷിന മന്ത്രിയോട് ചോദിച്ചു. തനിക്ക് നഷ്ടപരിഹാരം കിട്ടണമെന്നും തുടർചികിത്സക്ക് പോലും പണമില്ലെന്നും ഹർഷിന മന്ത്രിയെ അറിയിച്ചു. ശാസ്ത്രീയ അന്വേഷണ റിപ്പോർട്ട് വരട്ടെ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
കോഴിക്കോട്: യുവതിയുടെ വയറ്റിൽ അഞ്ചുവർഷംമുമ്പ് ശസ്ത്രക്രിയ ഉപകരണം മറന്നുവെച്ച സംഭവത്തിൽ തങ്ങളുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് ആവർത്തിച്ച് മെഡിക്കൽ കോളജ് മാതൃ-ശിശുസംരക്ഷണകേന്ദ്രം. ആരോഗ്യമന്ത്രിയുടെ നിർദേശമനുസരിച്ച് ഡി.എം.ഇ തലത്തിൽ നടന്ന അന്വേഷണസംഘത്തോട് ഈ ഉപകരണം ഇവിടുത്തേതല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ഐ.എം.സി.എച്ച്. മന്ത്രി നേരിട്ട് പരാതിക്കാരിയായ ഹർഷിനയെ വിളിച്ചപ്പോഴാണ് ഇത് വ്യക്തമാക്കിയത്. ഈ റിപ്പോർട്ട് തൃപ്തികരമല്ലാത്തതിനാലാണ് ശാസ്ത്രീയ അന്വേഷണത്തിന് വിട്ടതെന്ന് മന്ത്രി വീണ ജോർജ് ഹർഷിനയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.