തിരുവനന്തപുരം: മെഡിക്കൽ പി.ജി കോഴ്സുകളിൽ മുന്നാക്ക സംവരണ മറവിൽ നടന്ന പിന്നാക്ക സംവരണ അട്ടിമറിയിൽ സംസ്ഥാന പിന്നാക്ക വിഭാഗ കമീഷെൻറ ഇടപെടൽ. പി.ജി കോഴ്സുകളിൽ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള (എസ്.ഇ.ബി.സി) ആകെ സംവരണം ഒമ്പതു ശതമാനമാക്കി ഒതുക്കുകയും മുന്നാക്ക സംവരണത്തിന് മാത്രമായി 10 ശതമാനം സീറ്റ് അനുവദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കമീഷൻ പരിശോധന.
പ്രഫഷനൽ കോഴ്സുകളിൽ എസ്.ഇ.ബി.സി വിഭാഗത്തിന് 30 ശതമാനം സംവരണത്തിന് അർഹതയുണ്ടെന്നിരിക്കെ മെഡിക്കൽ പി.ജിയിൽ മാത്രം ഒമ്പതു ശതമാനമാണ് സംവരണം. 'സംവരണ അട്ടിമറിയുടെ കേരള മോഡൽ' എന്ന തലക്കെട്ടിൽ 'മാധ്യമം' പ്രസിദ്ധീകരിച്ച അന്വേഷണ പരമ്പരയിൽ മെഡിക്കൽ പി.ജി പ്രവേശനത്തിലെ സംവരണ അട്ടിമറി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെ മുന്നാക്ക സംവരണത്തിനായി 10 ശതമാനം സീറ്റും പിന്നാക്ക വിഭാഗങ്ങൾക്ക് ആകെ ഒമ്പതു ശതമാനം സീറ്റും നീക്കിവെച്ചതിലെ അപാകത ചൂണ്ടിക്കാട്ടി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ സർക്കാറിന് കത്ത് നൽകി.
ഒമ്പതു ശതമാനം സംവരണത്തിലൂടെ പിന്നാക്കവിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കാനാകില്ലെന്ന് കത്തിൽ പറയുന്നു. സർക്കാർ ഇക്കാര്യത്തിൽ പിന്നാക്ക വിഭാഗ കമീഷെൻറ അഭിപ്രായം തേടി. കമീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ ആരോഗ്യ, ആയുഷ് വകുപ്പ് ഉദ്യോഗസ്ഥർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ തുടങ്ങിയവരെ വിളിച്ചുവരുത്തി.
1966ലെയും 1969ലെയും സർക്കാർ ഉത്തരവുകൾ പ്രകാരം എസ്.ഇ.ബി.സി വിഭാഗത്തിെൻറ ആകെ സംവരണം 25 ശതമാനമായി നിശ്ചയിച്ചിരുന്നു. കൂടുതൽ സമുദായങ്ങൾ വന്നതോടെ ഇത് 30 ആക്കി. എന്നാൽ, മെഡിക്കൽ പി.ജി കോഴ്സുകളിൽ ഇത് എങ്ങനെ ഒമ്പതു ശതമാനമാക്കി ഒതുക്കിയെന്നതിെൻറ പരിേശാധന നടത്താൻ കമീഷൻ തീരുമാനിച്ചിട്ടുണ്ട്. എസ്.ഇ.ബി.സി സംവരണം നിശ്ചയിച്ച ഉത്തരവിെൻറ തീർപ്പുഫയൽ വിദ്യാഭ്യാസ വകുപ്പിൽനിന്ന് കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കൽ പി.ജിയിൽ ഇത്തവണ മുന്നാക്ക സംവരണത്തിന് മാത്രമായി സർക്കാർ മെഡിക്കൽ കോളജുകളിൽ 31 സീറ്റുകളാണ് വിട്ടുനൽകിയത്. എന്നാൽ, പിന്നാക്ക സമുദായങ്ങൾക്ക് ആകെ നൽകിയത് 36 സീറ്റും. പി.ജി പ്രവേശനത്തിന് ഇൗഴവ -മൂന്ന് ശതമാനം, മുസ്ലിം -രണ്ട്, പിന്നാക്ക ഹിന്ദു, ലത്തീൻ കത്തോലിക്ക, പിന്നാക്ക ക്രിസ്ത്യൻ, കുഡുംബി വിഭാഗങ്ങൾക്ക് ഒന്നു വീതം ശതമാനമാണ് സംവരണം. 30 ശതമാനം സംവരണത്തിന് അർഹതയുള്ള വിഭാഗങ്ങളെ എങ്ങനെ ഒമ്പതു ശതമാനം സംവരണത്തിൽ ഒതുക്കിയെന്നത് കമീഷൻ പരിശോധിച്ച് സർക്കാറിന് റിപ്പോർട്ട് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.