തിരുവനന്തപുരം: സംസ്ഥാനത്ത് 19 മൊബൈല്‍ മെഡിക്കല്‍ സര്‍വലന്‍സ് യൂനിറ്റുകള്‍ ആരംഭിക്കാൻ തീരുമാനമായി. അഞ്ച് ജില്ലകളില്‍ രണ്ട് യൂനിറ്റുകള്‍ വീതവും ഒമ്പത് ജില്ലകളില്‍ ഓരോ യൂനിറ്റുമാണ് ആരംഭിക്കുക. ഒരു ഡോക്ടര്‍, ഒരു നേഴ്സ്, ഒരു ലാബ് ടെക്നീഷ്യന്, ഒരു ഡ്രൈവര്‍ എന്നിവരാണ് ഒരു യൂനിറ്റിലുണ്ടാവുക. ഇതര ആരോഗ്യ സംവിധാനങ്ങള്‍ ഇല്ലാത്തതും പെട്ടെന്ന് എത്തിപ്പെടാന്‍ പറ്റാത്ത ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പരിശോധനയും ചികിത്സയും ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണിത്.
കാസർകോട്, പാലക്കാട്, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് രണ്ട് യൂനിറ്റുകള്‍ ഉണ്ടാവുക. യൂനിറ്റുകള്‍ വീടുകളിലെത്തി പരിശോധനയും ആവശ്യമായ വൈദ്യസഹായവും മറ്റ് ഉപദേശങ്ങളും അതാത് മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് നല്‍കും. സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ലഭ്യമാക്കും. കോവിഡ് പശ്ചാത്തലത്തിലും മഴക്കാലരോഗങ്ങള്‍ വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്തുമാണ് തീരുമാനം. മുഖ്യമന്ത്രി ഇതിന് അംഗീകാരം നല്കി. ആദിവാസി മേഖലയിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് മൊബൈല്‍ യൂനിറ്റുകള്‍ ആശ്വാസമാകുമെന്ന് സർക്കാർ വാർത്തകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.