തിരുവനന്തപുരം: മെഡിസെപ് പദ്ധതിയിൽ ഭരണപക്ഷ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പരാതി ഉയരുന്ന സാഹചര്യത്തിൽ സർവിസ് സംഘടന പ്രതിനിധികളുടെ യോഗം വിളിച്ച് ധനവകുപ്പ്. മെഡിസെപിലെ ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ അവസാനിക്കാൻ മാസങ്ങൾ ശേഷിക്കെ, പദ്ധതിയുടെ തുടർച്ച സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാനാണ് ചൊവ്വാഴ്ച യോഗം ചേരുന്നതെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.
2022 ജൂലൈ ഒന്നിന് ആരംഭിച്ച കരാർ 2025 ജൂണ്‍ 30 നാണ് അവസാനിക്കുന്നത്. കാഷ്ലെസ് അടക്കം പ്രഖ്യാപിത വാഗ്ദാനങ്ങളെല്ലാം അട്ടിമറിച്ചതിന്റെ നേരനുഭവങ്ങളാണ് മെഡിസെപിൽ കഴിഞ്ഞ 27 മാസങ്ങളിലേത്. തുടക്കത്തിൽ നൽകിയ ആനൂകൂല്യങ്ങൾ ഓരോന്നായി വെട്ടിക്കുറക്കുന്നതാണ് ഇക്കാലയളവിൽ കണ്ടത്. പദ്ധതി നടത്തിപ്പിൽ പോരായ്മയുണ്ടെന്ന് ഭരണ-പ്രതിപക്ഷ സംഘടനകൾ ഒരുപോലെ സമ്മതിക്കുന്നു.
മെഡിസെപ് മാസം 500 രൂപ വീതമാണ് ജീവനക്കാരിൽനിന്ന് ഈടാക്കുന്നത്. എന്നാൽ, പദ്ധതി തുടങ്ങി ഒരു വർഷം പിന്നിടും മുമ്പുതന്നെ പ്രീമിയം വർധിപ്പിക്കണമെന്ന ആവശ്യവുമായി ഇൻഷുറൻസ് കമ്പനി ധനവകുപ്പിനെ സമീപിച്ചിരുന്നു. മാസം 550 രൂപയാക്കണമെന്നായിരുന്നു ആവശ്യം. മെഡിസെപ് വഴിയുള്ള ക്ലെയിം തുക കുതിച്ചുയർന്നുവെന്നതാണ് ഇതിന് കാരണമായി ഇൻഷുറൻസ് കമ്പനി ചൂണ്ടിക്കാട്ടിയത്.
പ്രതിഷേധമുണ്ടാകുമെന്ന കാരണത്തിൽ ധനവകുപ്പ് ആവശ്യം നിരസിച്ചു. ഇതേ ഇൻഷുറൻസ് കമ്പനിയുമായി മെഡിസെപ് പദ്ധതി തുടരുകയാണെങ്കിൽ ഇൻഷുറൻസ് പ്രീമിയം വർധിക്കുമെന്ന് ഉറപ്പാണ്. അല്ലാത്ത പക്ഷം വർധിപ്പിക്കുന്ന തുക സർക്കാർ വഹിക്കേണ്ടി വരും. ഇതിനോടകംതന്നെ പ്രീമിയത്തിൽ സർക്കാർ വിഹിതം കൂടി വേണമെന്ന ആവശ്യം പ്രതിപക്ഷ സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്. അധിക ബാധ്യത വരുമെന്നതിനാൽ സർക്കാർ ഇതിനു മുതിരുമോ എന്നത് കണ്ടറിയണം.
ഓരോ ജില്ലയിലും എംപാനൽ ചെയ്ത ആശുപത്രികളുടെ എണ്ണം കുറവാണെന്നതായിരുന്നു തുടക്കം മുതലുള്ള പരാതി. കരാറിൽ ഏർപ്പെട്ട ആശുപത്രികളിലാകട്ടെ മെഡിസെപ് മാർഗരേഖയിൽ പറയുന്ന എല്ലാ രോഗങ്ങൾക്കും ചികിത്സ ലഭ്യമല്ല. പാക്കേജ് അടിസ്ഥാനത്തിലാണ് മെഡിസെപ്പിൽ വിവിധ രോഗങ്ങൾക്കുള്ള ചികിത്സ അനുവദിക്കുന്നത്.
ഒന്നിലധികം അസുഖങ്ങൾക്ക് ഒരേ സമയം ചികിത്സ അനുവദിക്കില്ലെന്നതാണ് ഇതിന്റെ മറുവശം. ഒരു അസുഖത്തിന് ചികിത്സയിലിരിക്കെ മറ്റ് അസുഖങ്ങൾക്ക് അതേ ആശുപത്രിയിൽ പണം കൊടുത്ത് ചികിത്സ തേടേണ്ട സ്ഥിതിയാണിപ്പോൾ. പാക്കേജിന്റെ പരിധിയിൽ വരുന്ന അവകാശപ്പെട്ട തുക മുഴുവനായും രോഗിക്ക് അനുവദിക്കുന്നുമില്ല.
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ പരിപാലനം സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ് എന്ന വ്യവസ്ഥ ചെയ്യുന്നതാണ് 1960 ലെ കേരള ഗവൺമെന്റ് സർവന്‍സ് മെഡിക്കൽ അറ്റന്‍ഡൻസ് റൂൾസ് (കെ.ജി.എസ്.എം.എ). ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് ആരംഭിച്ചെങ്കിലും കെ.ജി.എസ്.എം.എ പ്രകാരമുളള റീഇംബേഴ്സ്മെന്റ് സംവിധാനം തുടരുമെന്നായിരുന്നു അന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ, ‘‘മെഡിസെപ് വന്നതിനു ശേഷം സർക്കാർ അംഗീകൃത സ്വകാര്യ ആശുപത്രികളിലെ ചികിത്സക്ക് കെ.ജി.എസ്.എം.എ റൂൾ പ്രകാരം മെഡിക്കൽ റീഇംബേഴ്സ്മെന്റ് അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നാണ്’’ സർക്കാർ സർക്കുലറിൽ പറയുന്നത്.
തിരുവനന്തപുരം: മെഡിസെപ്പ് പദ്ധതിയിൽ രണ്ടര വർഷത്തിനുള്ളിൽ 1485 കോടി രൂപയുടെ ചികിത്സാ ആനുകൂല്യങ്ങൾ നൽകിയെന്ന് ധനമന്ത്രിയുടെ ഓഫിസ്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായാണ് സൗജന്യ കിടത്തിചികിത്സ ഇത്രയും തുകയുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയത്. ഇതിൽ 1341 കോടി രൂപയും സ്വകാര്യ ആശുപത്രികളിലെ ചികിത്സകൾക്കായാണ് നൽകിയത്. 87.15 കോടി രൂപ സർക്കാർ ആശുപത്രകളിലെ ചികിത്സക്കും നൽകിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
2022 ജൂലൈ ഒന്നിന് ആരംഭിച്ച പദ്ധതിയിൽ കഴിഞ്ഞ ആഗസ്റ്റ് 31 വരെ 2,87,489 പേർക്കാണ് ചികിത്സ ഉറപ്പാക്കിയത്. സംസ്ഥാനത്തിന് പുറത്തു ചികിത്സ തേടിയ 3274 പേരും ഇതിൽ ഉൾപ്പെടുന്നു. 1,57,768 ജീവനക്കാരും, 1,29,721 പെൻഷൻകാരുമാണ് മെഡിസെപ്പ് ചികിത്സാ സൗകര്യം ഉപയോഗപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.