കൽപറ്റ: ഉമ്മൻചാണ്ടിയുടെ അന്ത്യ നിമിഷങ്ങൾ പങ്കുവെച്ച് ബംഗളൂരു ചിന്മയ മിഷൻ ആശുപത്രിയിൽ കാർഡിയോളജി എക്കോ ടെക്നീഷ്യൻ സ്റ്റനോഗ്രാഫറായി ജോലി ചെയ്യുന്ന അനുഷിയ ഷെറിൻ. കമ്പളക്കാട് സ്വദ്വേശിനി അനുഷിയ ഷെറിൻ തന്റെ ആതുര സേവനത്തിനിടയിലെ അപൂർവവും ധന്യവുമായ നിമിഷങ്ങളിലൊന്നാണ് പങ്കുവെക്കുന്നത്.
ജൂലൈ 17ന് വൈകീട്ട് 5.30ന് അത്യാസന്ന നിലയിൽ ആശുപത്രിയിലെ സ്പെഷൽ ഐ.സി.യുവിൽ അഡ്മിറ്റ് ചെയ്യപ്പെട്ട ഉമ്മൻ ചാണ്ടിക്ക് ഡോക്ടർമാരുടെ കൂടെ പരിചരണം നൽകാൻ അനുഷിയയും ഉണ്ടായിരുന്നു. എക്കോ, കാർഡിയോഗ്രാഫി, ഇ.സി.ജി പരിശോധന നടത്തുമ്പോഴും ഇത് കേരളത്തിലെ വി.ഐ.പി ആണെന്ന് മാത്രമേ മനസ്സിലാക്കിയിരുന്നുള്ളുവെന്ന് അനുഷിയ ഷെറിൻ പറയുന്നു. തളർന്ന് ശോഷിച്ച ശരീരത്തിന്റെ ഉടമ കേരളത്തിലെ ലക്ഷങ്ങളുടെ ഹൃദയങ്ങൾ കീഴടക്കിയ ജനകീയ മുഖ്യമന്ത്രിയായിരുന്നുവെന്ന് പെട്ടെന്ന് തിരിച്ചറിയാനാവുമായിരുന്നില്ല.
കേരളത്തിലുള്ള ഒരു വി.ഐ.പി തന്റെ കൂടി പരിചരണത്തിലുണ്ടെന്നും പ്രതീക്ഷക്ക് വകയില്ലാത്ത അവസ്ഥയിലാണെന്നും അനുഷിയ ഫോൺ സംഭാഷണത്തിനിടയിൽ പിതാവിനോട് പറഞ്ഞിരുന്നു. പിന്നീടാണ് രോഗിയുടെ പേര് അനുഷിയ ശ്രദ്ധിക്കുന്നത്. എല്ലാം മറന്ന് ജനങ്ങൾക്ക് വേണ്ടി ഓടിനടക്കുന്ന ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തനായ നേതാവിനെയോർത്ത് ഒരുപാട് വേദന തോന്നിയെങ്കിലും പ്രിയ ജനനേതാവിന് അവസാന നിമിഷങ്ങളിൽ പരിചരണം നൽകാനായതിൽ, അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ആവശ്യമായ സേവനങ്ങളിൽ പങ്കാളിയായതിലെ ചാരിതാർഥ്യം അനുഷിയ പങ്കുവെക്കുന്നു.
റിട്ട. പഞ്ചായത്ത് സെക്രട്ടറി കമ്പളക്കാട് പറമ്പൻ ഇബ്രാഹിം-നസീമ ദമ്പതികളുടെ മകളും കണ്ണൂർ സ്വദേശി പറമ്പിൽ മുഹമ്മദ് സിറാജിന്റെ ഭാര്യയുമാണ് അനുഷിയ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.