നടി ആക്രമണ കേസിൽ മെമ്മറി കാർഡ് പരിശോധന: തെറ്റെന്തെന്ന് ഹൈകോടതി

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ പരിശോധിക്കുന്നതിൽ തെറ്റെന്തെന്ന് ഹൈകോടതി. ഇതിലെ വിഡിയോ ദൃശ്യങ്ങളുടെ ഹാഷ് വാല്യുവിൽ മാറ്റമില്ലെന്ന് ഫോറൻസിക് ഡയറക്ടറുടെ റിപ്പോർട്ടുള്ളപ്പോൾ എങ്ങനെ അനധികൃത ഇടപെടലുണ്ടായെന്ന് പറയാനാവുമെന്നും കോടതി ആരാഞ്ഞു.

എന്നാൽ, കോടതിയിലാണെങ്കിലും മെമ്മറി കാർഡ് പരിശോധിക്കാൻ കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും ഹാഷ് വാല്യു എങ്ങനെ മാറിയെന്ന് അറിയേണ്ടതുണ്ടെന്നും പ്രോസിക്യൂഷനും വ്യക്തമാക്കി.

മെമ്മറി കാർഡ് ഫോറൻസിക് പരിശോധനക്കയക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും തുടരന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് ഇരയായ നടിയും നൽകിയ ഹരജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയും പ്രോസിക്യൂഷനും ഭിന്നാഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്. അതിനിടെ, കേസിലെ പ്രതിയായ നടൻ ദിലീപ് ഹരജികളിൽ കക്ഷിചേർന്നു.

ഹാഷ് വാല്യുവിൽ മാറ്റം ഉണ്ടായെന്ന ഫോറൻസിക് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെമ്മറി കാർഡ് വീണ്ടും ഫോറൻസിക് പരിശോധനക്ക് വിധേയമാക്കണമെന്ന ഹരജി വിചാരണ കോടതി തള്ളിയതിനെ തുടർന്നാണ് പ്രോസിക്യൂഷൻ ഹൈകോടതിയെ സമീപിച്ചത്. മെമ്മറി കാർഡ് ആക്സസ് ചെയ്തു എന്നതിലൂടെ പ്രോസിക്യൂഷൻ എന്താണ് ഉദ്ദേശിക്കുന്നതെന്നും കൃത്രിമം നടത്തി എന്നാണോ കേസെന്നും കോടതി ആരാഞ്ഞു.

അതെന്തെന്ന് പറയാനാവില്ലെന്നും തുറന്ന കോടതിയിൽ വെളിപ്പെടുത്താനാകാത്ത കാര്യങ്ങളുണ്ടെന്നും പ്രതികരിച്ച പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ, കാർഡിന്‍റെ വിദഗ്ധ പരിശോധന ആവശ്യമാണെന്ന് ആവർത്തിച്ചു. ഹാഷ് വാല്യുവിൽ മാറ്റം ഉണ്ടായെന്ന ഫോറൻസിക് ഡയറക്ടറുടെ റിപ്പോർട്ട് വിചാരണ തുടങ്ങും മുമ്പേ കിട്ടിയിട്ടും തുടരന്വേഷണത്തിലാണ് ഇങ്ങനെ റിപ്പോർട്ടുള്ള വിവരം പ്രോസിക്യൂഷൻ അറിയുന്നത്.

വിവരം വിചാരണ കോടതി അറിയിച്ചിരുന്നില്ല. തുടരന്വേഷണത്തിന്റെ വ്യക്തതക്ക് ഹാഷ് വാല്യുവിൽ എങ്ങനെ മാറ്റം വന്നുവെന്ന് അറിയേണ്ടതുണ്ടെന്ന് നടിയുടെ അഭിഭാഷകയും വാദിച്ചു.കോടതിയിലിരിക്കുന്ന മെമ്മറി കാർഡ് പരിശോധിക്കുന്നതിൽ തെറ്റെന്തെന്ന് ഈ ഘട്ടത്തിലാണ് കോടതി ആരാഞ്ഞത്.

കോടതിക്ക് ഇത് കാണാനാകില്ലെന്ന് എങ്ങനെ പറയാനാവും. കാർഡിലെ വിഡിയോ ദൃശ്യങ്ങളുടെ ഹാഷ് വാല്യുവിൽ മാറ്റമില്ലെന്നാണ് ഫോറൻസിക് റിപ്പോർട്ട്.

കാർഡ് പരിശോധന വിചാരണ വൈകാനിടയാക്കില്ലേയെന്ന കോടതിയുടെ സംശയത്തിന് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പരിശോധന റിപ്പോർട്ട് ലഭിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി.

കോടതിക്ക് പരിശോധിക്കാൻ പെൻഡ്രൈവിൽ ദൃശ്യങ്ങൾ പകർത്തി നൽകിയിട്ടുണ്ടെന്നും മെമ്മറി കാർഡ് ഫോറൻസിക് വിദഗ്ധന്റെ സഹായത്തോടെ മാത്രമേ പരിശോധിക്കാനാവൂവെന്നും നടിയുടെ അഭിഭാഷകയും വാദിച്ചു. ഇക്കാര്യത്തിൽ വിചാരണ കോടതിയെ പഴിക്കാനാവില്ലെന്നും ജുഡീഷ്യൽ ഓഫിസറെ ആക്രമിക്കാൻ അനുവദിക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍റെ ചില പരാമർശങ്ങളോട് കോടതി പ്രതികരിച്ചു. ഹാഷ് വാല്യുവിന്റെ കാര്യത്തിൽ ഫോറൻസിക് ഡയറക്ടറുടെ റിപ്പോർട്ട് സർക്കാർതന്നെ തള്ളിയ സ്ഥിതിയാണ്.

പ്രോസിക്യൂഷന്റെ ആവശ്യം നിഷ്കളങ്കമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കാർഡ് ഫോറൻസിക് പരിശോധനക്കയക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് ദിലീപിന്റെ അഭിഭാഷകനോടും സിംഗിൾബെഞ്ച് ചോദിച്ചു.

കോടതിയിലുള്ള ദൃശ്യങ്ങളുടെ പകർപ്പ് മറ്റുള്ളവർക്ക് കിട്ടുകയോ കൃത്രിമം വരുത്തുകയോ ചെയ്താൽ തന്റെ ഭാവി എന്തായിരിക്കുമെന്ന് നടിയുടെ അഭിഭാഷക ചോദിച്ചു. തുടർന്ന് പ്രതിഭാഗം വാദത്തിനായി ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Memory card test in actress assault case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.