വയനാടിൻ്റെ കണ്ണീരൊപ്പാൻ മേമുണ്ട സ്കൂൾ നൽകുന്നത് 20 ലക്ഷം രൂപ

മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും, ജീവനക്കാരും, വിദ്യാർഥികളും, രക്ഷിതാക്കളും ചേർന്ന് വയനാടിനെ കൈപിടിച്ചുയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത് 20 ലക്ഷത്തിലേറെ രൂപ.  വിദ്യാർഥികളും രക്ഷിതാക്കളും മാത്രം ചേർന്ന് 5,26,203 രൂപയാണ് പിരിച്ചത്. സ്കൂളിലെ 123 അധ്യാപകരും ജീവനക്കാരും അഞ്ച് ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഈ തുക ഏകദേശം 15 ലക്ഷത്തിന് മുകളിൽ വരും. അടുത്ത മാസത്തെ ശമ്പളത്തിൽ നിന്ന് ഈ തുക പിടിക്കും.

സ്കൂളിലെ നിരവധി വിദ്യാർഥികൾ അവരുടെ പണക്കുടുക്ക പൊട്ടിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ സ്കൂളിൽ എത്തിച്ചു. മുൻ ജീവനക്കാരനായ പി.കെ. അരവിന്ദാക്ഷൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി പതിനായിരം രൂപ കഴിഞ്ഞ ദിവസം പ്രിൻസിപ്പാൾ ബീന ടീച്ചറെ ഏൽപ്പിച്ചു. ഹയർസെക്കണ്ടറി എൻ.എസ്.എസ് യൂനിറ്റ് തേങ്ങചാലഞ്ചിലൂടെ പച്ചത്തേങ്ങ സംഭരിച്ച് വിറ്റ് കിട്ടിയ 25,000 രൂപ കഴിഞ്ഞ ദിവസം കോഴിക്കോട് ആർ.ഡി.ഡി സന്തോഷ് കുമാറിന് പ്രിൻസിപ്പാൾ കൈമാറി.

കഴിഞ്ഞ പ്രളയ കാലങ്ങളിലും, കോവിഡ് കാലത്തും ഒക്കെ സർക്കാരിന് സഹായകരമായ വിധത്തിൽ മാതൃകാപരമായ പ്രവർത്തികൾ നടത്തിയ വിദ്യാലയമാണ് മേമുണ്ട സ്കൂൾ. സ്കൂളിലെ അധ്യാപികയായ ഒ.കെ. ജിഷ കഴിഞ്ഞ പ്രളയ കാലം തൊട്ട് എല്ലാ മാസവും 1000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വരുന്നുണ്ട്.

വിദ്യാർഥികളും, രക്ഷിതാക്കളും സമാഹരിച്ച 5,26,203 രൂപ സ്കൂൾ അധികൃതർ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് കൈമാറി. മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ, കോഴിക്കോട് എം.പി എം.കെ. രാഘവൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായി. മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ പി.ടി.എ പ്രസിഡന്‍റ് ഡോ. എം.വി. തോമസ്, പ്രിൻസിപ്പാൾ ബി. ബീന, ഹെഡ്മാസ്റ്റർ പി.കെ. ജിതേഷ് എന്നിവർ ചേർന്നാണ് മന്ത്രിക്ക് ചെക്ക് കൈമാറിയത്. 

Tags:    
News Summary - Memunda HS School handover collected amount to CMDRF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.