കോഴിക്കോട്: മധ്യവയസ്കനെ സബ് ജയിലിലെ സെല്ലിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പന്തീരാങ്കാവ് പൊലീസ് ഐ.പി.സി. 354 വകുപ്പ് പ്രകാരം അറസ്റ്റുചെയ്ത് റിമാൻഡിലായ മാങ്കാവ് കുറ്റിയിൽതാഴം കരിമ്പയിൽ ബീരാൻ കോയയെയാണ് (61) മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. സെല്ലുകളിൽ പരിശോധന നടത്തുന്നതിനിടെ ജയില്‍ ജീവനക്കാരാണ് തൂങ്ങിയനിലയിൽ കണ്ടത്. ഉടന്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പാലാഴിയിലെ കുടുംബസ്ഥലത്തിനോട് ചേർന്നുള്ള വീട്ടിലെ കിടപ്പു രോഗിയായ സ്ത്രീക്ക് ബീരാൻ കോയ സഹായങ്ങൾ നൽകാറുണ്ടായിരുന്നു.
എന്നാൽ, ഇവരെ പരിചരിക്കുന്നതിന് ഒപ്പം താമസിക്കുന്ന കുടുംബത്തിലെ പുരുഷൻ പതിവായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് ഇയാളും സുഹൃത്തും ചേർന്ന് ബീരാൻ കോയയെ കഴിഞ്ഞ ദിവസം മർദിച്ചിരുന്നു. ബീരാൻ കോയ പൊലീസിൽ പരാതിനൽകുമെന്ന ഭയത്താൽ ഇയാളുടെ ഭാര്യയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്നുകാട്ടി പൊലീസിൽ കള്ളപ്പരാതി നൽകി കുടുക്കുകയായിരുന്നുെവന്ന് സഹോദരൻ ലത്തീഫും അയൽക്കാരൻ ഗോപിനാഥും പറഞ്ഞു.
ഞായറാഴ്ച കൊമ്മേരിയിലെ പള്ളിയിൽനിന്ന് ളുഹർ നമസ്കാരം കഴിഞ്ഞിറങ്ങിയ ബീരാൻ കോയയെ ഓട്ടോയിലെത്തിയ പൊലീസുകാർ പന്തീരാങ്കാവ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ്ചെയ്യുകയുമായിരുന്നു. റിമാൻഡിലാകുന്നതുവരെ ഒരു വിവരവും കുടുംബത്തേയോ ബന്ധുക്കളെയോ അറിയിച്ചില്ലെന്നത് ദുരൂഹമാണെന്നും പരാതിയിൽ കാര്യമായ അന്വേഷണം നടത്താതെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ബന്ധുക്കൾ ആരോപിച്ചു.
കൂലിപ്പണിയെടുത്ത് ജീവിക്കുന്നയാളാണ് ബീരാൻ കോയ. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയതിന് ശേഷമാണ് ജയിലധികൃതർ തങ്ങളെ വിവരമറിയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. സിറ്റി പൊലീസ് കമീഷണർ, ജില്ല കലക്ടർ, ഡി.ജി.പി എന്നിവർക്ക് പരാതി നൽകുമെന്നും നാട്ടുകാരും ബന്ധുക്കളും പറഞ്ഞു.
അതേസമയം, കോവിഡ് നെഗറ്റീവായതിനാൽ മറ്റുതടവുകാര്‍ക്കൊപ്പമായിരുന്നു താമസിപ്പിച്ചതെന്നും ബീരാൻ കോയയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നില്ലെന്നും ജയിലധികൃതര്‍ അറിയിച്ചു. സഹ തടവുകാരെല്ലാം ഉറങ്ങിയ സമയത്ത് തോര്‍ത്ത് ഉപയോഗിച്ച് സെല്ലിെൻറ ജനലിലെ കമ്പിയില്‍ തൂങ്ങുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കസബ പെലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ജയില്‍ വകുപ്പും അന്വേഷണം നടത്തും. ബീരാൻ കോയയുടെ ഭാര്യ: ഷഹർബാനു. മക്കൾ: സജ്മൽ ഖാൻ, ഫിദ, നിഹ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.