പാലക്കാട്: പ്രതിസന്ധി മാറിയാലുടൻ മുഴുവൻ പാലും സംഭരിക്കാനുള്ള നടപടി ഉണ്ടാകുമെന്ന് മിൽമ. വിപണനം വർധിപ്പിക്കാൻ തീവ്രശ്രമം ആരംഭിച്ചതായി മലബാർ മേഖല യൂനിയൻ ചെയർമാൻ കെ.എസ്. മണി 'മാധ്യമ'ത്തോട് പറഞ്ഞു. കൂടുതൽ പാൽപൊടിയാക്കി മാറ്റി പ്രതിസന്ധി തരണം ചെയ്യാൻ ശ്രമിക്കും. കോവിഡ് ചികിത്സ കേന്ദ്രങ്ങൾ, അംഗൻവാടികൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പാൽ പ്രദേശിക വിൽപന നടത്തുന്നതും പരിഗണനയിലുണ്ട്. മലബാറിൽ പ്രതിദിനം മൂന്നുലക്ഷം ലിറ്റർ പാൽ മിച്ചമാണ്. ഇവ തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവടങ്ങളിൽ കൊണ്ടുപോയി പൊടിയാക്കുകയാണ് ചെയ്യുന്നത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ അയൽ സംസ്ഥാനങ്ങളിലും പാൽ വിപണനത്തിൽ വലിയ തോതിൽ കുറവും സംഭരണ വർധനയും അനുഭവപ്പെടുന്നതിനാൽ ഇതിന് തടസ്സമുണ്ട്. ഫാക്ടറികൾ സ്വന്തം സംസ്ഥാനത്തെ പാൽ പാൽപ്പൊടിയാക്കാൻ മുൻതൂക്കം നൽകുന്നതിനാൽ നമ്മുടെ പാൽ അവിടെ പൂർണമായും സ്വീകരിക്കപ്പെടുന്നില്ല.
500 കി.മീ മുതൽ 700 കി.മീ അകലെയുള്ള പാൽപ്പൊടി ഫാക്ടറികളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തിൽ, പ്രതിദിനമുള്ള സുഗമമായ ഗതാഗത സംവിധാനം ഉറപ്പാക്കാൻ അയക്കേണ്ടി വരുന്ന ടാങ്കറുകളുടെ എണ്ണത്തിലും വലിയവർധന വേണ്ടിവരുന്നു.
പാൽ വിപണനത്തെ കോവിഡ് നിയന്ത്രണത്തിൽനിന്നും ഒഴിവാക്കണമെന്ന് മിൽമ ആവശ്യപ്പെട്ടിട്ടുണ്ട്. ഓൺലൈൻ ഡെലിവറി, ഡോർ ഡെലിവറി എന്നിവക്ക് സ്പെഷൻ ഇൻസെൻറിവ് നൽകി വിപണനം മെച്ചപ്പെടുത്താനുള്ള തീവ്രശ്രമം തുടരുകയാണെന്നും കെ.എസ്. മണി പറഞ്ഞു.
യഥാർഥത്തിൽ പാൽ സംഭരണം രണ്ടുദിവസം പൂർണമായി നിർത്തേണ്ട സാഹചര്യമാണെങ്കിലും അത്തരത്തിലുള്ള നിയന്ത്രണം ക്ഷീര കർഷകരെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുമെന്നതിനാലാണ് ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 18നാണ് മിൽമ പാൽ സംഭരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഉച്ചക്ക് ശേഷമുള്ള സംഭരണം പൂർണമായും നിർത്തി. രാവിലെ ശേഖരിക്കുന്ന പാലിെൻറ അളവിലും നിയന്ത്രണം കൊണ്ടുവന്നു. ഇതേതുടർന്ന് പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലയിലടക്കം ക്ഷീരകർഷകർ കറന്നെടുത്ത പാൽ ഒഴുക്കി കളഞ്ഞിരുന്നു.
അരലിറ്റർ അധികം വാങ്ങി 'മില്‍ക്ക് ചലഞ്ചി'ൽ പങ്കാളിയാവൂ
തിരുവനന്തപുരം: ക്ഷീര കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാൻ 'മില്‍ക്ക് ചലഞ്ചു'മായി മില്‍മ. ഉപഭോക്താക്കള്‍ പ്രതിദിനം അരലിറ്റര്‍ പാല് അധികം വാങ്ങിയാല്‍ ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങാകുമെന്ന് മില്‍മ അഭ്യര്‍ഥിച്ചു.
സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന പാലിെൻറ 60 ശതമാനം മാത്രമാണ് വിറ്റഴിക്കാന്‍ കഴിയുന്നത്. സാമ്പത്തിക ശേഷിയുള്ളവര്‍ കുറഞ്ഞത് അര ലിറ്റര്‍ പാല് വീതം അധികം വാങ്ങാന്‍ തയാറായാല്‍ ക്ഷീര കര്‍ഷകരുടെ പ്രതിസന്ധിക്ക് കുറച്ചെങ്കിലും പരിഹാരമാകും.
കേരളത്തിലെ 3500ലധിരം ക്ഷീര സഹകരണ സംഘങ്ങളിലെ എട്ട് ലക്ഷത്തോളം ക്ഷീര കര്‍ഷകരില്‍നിന്ന് മില്‍മ പ്രതിദിനം 16 ലക്ഷത്തിലധികം ലിറ്റര്‍ പാല് സംഭരിക്കുന്നുണ്ട്. മലബാര്‍ മേഖലയില്‍ മാത്രം ക്ഷീര സംഘങ്ങള്‍ വഴി ദിവസം എട്ടുലക്ഷം ലിറ്ററോളമാണ് സംഭരിക്കുന്നത്. ഇതില്‍ നാലുലക്ഷത്തില്‍പരം ലിറ്ററേ വില്ക്കാൻ സാധിക്കുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.