തിരുവനന്തപുരം: അതീവ പരിസ്ഥിതിപ്രാധാന്യമുള്ള പശ്ചിമഘട്ടത്തിലേതടക്കം പ്രത്യേകാവശ്യത്തിന് പതിച്ചുനല്‍കിയ ഭൂമിയില്‍ കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കാന്‍ ഭൂ പതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനു നിര്‍ദേശം. സംസ്ഥാനത്തെ ഖനന, നിര്‍മാണ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ചട്ടം ഭേദഗതി സംബന്ധിച്ച് പരിശോധിക്കുന്നതിന് തുടര്‍നടപടി സ്വീകരിക്കാനും തീരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് പട്ടയഭൂമി വന്‍തോതില്‍ വാങ്ങിക്കൂട്ടിയവര്‍ ഭൂ പതിവ് ചട്ടം ഭേദഗതി ചെയ്യണമെന്ന് സമ്മര്‍ദം ചെലുത്തിയിരുന്നു. സര്‍ക്കാര്‍ അതിനു വഴങ്ങി ഉത്തരവിറക്കിയെങ്കിലും ഹൈകോടതി റദ്ദു ചെയ്തു.

1964 ലെ കേരള ഭൂ പതിവ് ചട്ടം നാല് പ്രകാരം പതിച്ചുകിട്ടിയ ഭൂമി കൃഷി ആവശ്യങ്ങള്‍ക്കോ വീട് നിര്‍മിക്കാനോ അനുബന്ധപ്രവൃത്തികള്‍ക്കോ മാത്രമേ ഉപയോഗിക്കാനാവൂവെന്നും ചട്ടത്തിനുവിരുദ്ധമായി ഭൂമി ഉപയോഗിച്ചാല്‍ പട്ടയം റദ്ദുചെയ്യാനുള്ള അധികാരം സര്‍ക്കാറിനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ലാന്‍ഡ് റവന്യൂ കമീഷണറോട് ചട്ടം ഭേദഗതിക്കുള്ള കരട് തയാറാക്കാന്‍ ആവശ്യപ്പെട്ടത്. കൃഷിക്കായി പട്ടയം നല്‍കിയ ഭൂമിയില്‍ പാറയുണ്ടെങ്കില്‍ ഭൂമി കൃഷിയോഗ്യമാക്കുന്നതിന് ഖനനം ചെയ്തുമാറ്റാമെന്നായിരുന്നു കരടില്‍ നിര്‍ദേശിച്ചത്.

എന്നാല്‍, കരട് ലഭിച്ചപ്പോഴേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഭേദഗതി നീക്കം പാതിവഴിയിലായി. കഴിഞ്ഞ യോഗത്തില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് പട്ടയഭൂമിയിലെ ഖനനം സംബന്ധിച്ച് നിയമത്തില്‍ ഭേദഗതി വേണമെന്ന് ചൂണ്ടിക്കാട്ടിയത്. സംസ്ഥാനത്ത് റബര്‍ കൃഷി, വയനാട് പാര്‍പ്പിട പദ്ധതി, സെറ്റില്‍മെന്‍റ് പദ്ധതി, ഹൈറേഞ്ച് പാര്‍പ്പിട പദ്ധതി, കര്‍ഷകത്തൊഴിലാളികളുടെ കാര്‍ഷിക പദ്ധതി എന്നിവക്കെല്ലാം നിശ്ചിത വ്യവസ്ഥകളോടെയാണ് ഭൂമി നല്‍കിയത്. 1960ലെ ഭൂ പതിവ് നിയമവും 1964ലെ ചട്ടവും 1933 ലെ വനഭൂമി പതിച്ചു നല്‍കല്‍ ചട്ടവുമനുസരിച്ച് ഭൂമി നല്‍കിയതും ഉപാധികളോടെയാണ്. കാര്‍ഷികേതര ആവശ്യത്തിന് ഭൂമി ഉപയോഗിക്കരുതെന്നാണ് ഇതിലെ പ്രധാന വ്യവസ്ഥ.

അതിനാല്‍ പതിച്ചുനല്‍കിയ ഭൂമിയില്‍ കരിങ്കല്‍ ക്വാറി നടത്താനാവില്ളെന്ന് റവന്യൂ വകുപ്പ് നിരവധി തവണ ഉത്തരവിറക്കി. ഏലപ്പാട്ടം നല്‍കിയ ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മിക്കാനാവില്ളെന്ന് സുപ്രീംകോടതിയും ചൂണ്ടിക്കാണിച്ചിരുന്നു. അതിനെ മറികടക്കണമെങ്കില്‍ 1964ലെ ചട്ടം ഭേദഗതി ചെയ്യണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. കേരളത്തിന്‍െറ ഭൂമിശാസ്ത്ര പരിസരം അനുസരിച്ച് ചെറുകിട ക്വാറികള്‍ക്ക് അനുമതി നല്‍കുക പ്രയാസമാണ്. അവര്‍ക്ക് പാരിസ്ഥിതികാനുമതി സംബന്ധിച്ച് ഇളവുകള്‍ നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലാത്തതിനാല്‍ അതു നടക്കില്ല. അതിനാലാണ് വിവിധ ആവശ്യങ്ങള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ ക്വാറികള്‍ തുടങ്ങുന്നതിന് അനുമതി നല്‍കാന്‍ സര്‍ക്കാറിന്‍െറ നീക്കം തുടങ്ങിയത്.

Tags:    
News Summary - mining in deed land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.