ഉച്ചഭക്ഷണ വിതരണം സുരക്ഷിതമാക്കാൻ ജനകീയ ഇടപെടൽ വേണമെന്ന് മന്ത്രി ജി.ആർ അനിൽ

കോഴിക്കോട്: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി ഗുണനിലവാരമുള്ള അരിയാണ് വിതരണം ചെയ്യുന്നതെന്ന് ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജി.ആർ അനിൽ. സ്കൂളുകളിൽ സൂക്ഷിച്ചിരുന്ന പഴകിയ അരി നീക്കം ചെയ്യണമെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കുകയാണ് വേണ്ടതെന്നും ജി.ആർ അനിൽ പറഞ്ഞു.

സ്കൂളുകളിലെ ഭക്ഷ്യവിഷബാധ സംബന്ധിച്ച് അഞ്ച് ദിവസത്തിനകം റിപ്പോർട്ട് ലഭിക്കും. വിഷയത്തെ ഗൗരവത്തോടെയാണ് സംസ്ഥാന സർക്കാർ കാണുന്നത്. ഉച്ചഭക്ഷണ വിതരണം സുരക്ഷിതമാക്കാൻ ജനകീയ ഇടപെടൽ വേണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തിൽ മന്ത്രി ജി.ആർ അനിൽ കോഴിക്കോട് സിവിൽസ്റ്റേഷൻ ഗവൺമെന്‍റ് യു.പി സ്കൂളിൽ പരിശോധന നടത്തി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായാണ് മന്ത്രി പരിശോധന നടത്തിയത്.

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്കൂളുകളിൽ പരിശോധന നടത്താൻ ഉന്നതതല യോഗം തീരുമാനിച്ചിരുന്നു.

ജില്ലകളിലെ ന്യൂൺഫീഡിങ് സൂപ്പർവൈസർമാരും ഉപജില്ലാ തലങ്ങളിലെ ന്യൂൺമീൽ ഓഫീസർമാരും സ്‌കൂളുകളിൽ എത്തി ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങൾ, വാട്ടർടാങ്ക്, ടോയ്‌ലറ്റുകൾ, ഉച്ച ഭക്ഷണ സാമഗ്രികൾ തുടങ്ങിയവ പരിശോധിക്കും. ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും കുടിവെള്ള പരിശോധന വാട്ടർ അതോറിറ്റിയുമായും മറ്റു വകുപ്പുകളുമായും ചേർന്ന് നടത്തും.

തിരുവനന്തപുരം ഉച്ചക്കട എൽ.എം.എസ് എൽ.പി.എസ്, ആലപ്പുഴ കായംകുളം ടൗൺ ഗവൺമെന്റ് യു.പി.എസ്, കാസർകോട് പടന്നക്കാട് ഗവൺമെന്റ് എൽ.പി.എസ് എന്നിവിടങ്ങളിലെ ഭക്ഷണ സാമ്പിൾ പരിശോധനാ ഫലവും ആരോഗ്യവകുപ്പ് ശേഖരിച്ച സാമ്പിളുകളുടെ ഫലവും അഞ്ചു ദിവസത്തിനകം ലഭ്യമാകും.

വെള്ളിയാഴ്ചകൾ കൊതുകിന്റെ ഉറവിട നശീകരണ ദിനമായി ആചരിക്കും. വിദ്യാർഥികൾക്ക് ശുചിത്വ ബോധവൽക്കരണം നൽകും. പാചക തൊഴിലാളികൾക്ക് ഫുഡ് സേഫ്റ്റി വകുപ്പിന്റെ ശുചിത്വ പരിശീലനം നൽകാനും യോഗം തീരുമാനിച്ചിരുന്നു. 

Tags:    
News Summary - Minister GR Anil called for public intervention to secure lunch distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.