മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ആനയെ എങ്ങനെ കിട്ടി? ആനക്കൊമ്പ് എവിടെ നിന്ന് കിട്ടി? ഉത്തരമില്ലാതെ വനം വകുപ്പ്

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ആനയും ആനക്കൊമ്പും എവിടെ നിന്ന് കിട്ടിയെന്ന ചോദ്യത്തിന് വനം വകുപ്പിന്റെ കൈയിൽ ഉത്തരമില്ല. കുറ​െ വർഷങ്ങളായി മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ കൈയിലുള്ള ആനക്ക് ഉടമസ്ഥാവകാശമില്ലെന്നു വനംവകുപ്പ്.

മുൻ വനംമന്ത്രി കൂടിയായ ഗണേഷിന് എങ്ങനെ ആനയെ കിട്ടിയെന്നു വനംവകുപ്പിന് അറിയില്ല. അദ്ദേഹത്തിന്റെ കയ്യിലുള്ള രണ്ട് ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശവും നൽകിയിട്ടില്ലെന്നു വിവരാവകാശ മറുപടി.

പിതാവും മുൻ മന്ത്രിയുമായ അന്തരിച്ച ആർ.ബാലകൃഷ്ണപിള്ളയുടെ കൈവശമുണ്ടായിരുന്ന ആനയാണു ഗണേഷിനു ലഭിച്ചത്. ബാലകൃഷ്ണപിള്ളയുടെ കയ്യിൽ ആന എങ്ങനെ വന്നുവെന്ന് വിവരം വനംവകുപ്പ് ആസ്ഥാനത്ത് ഇല്ല. ഗണേഷിന്റെ കൈവശം ഇപ്പോഴുള്ള ആന അദ്ദേഹത്തിന്റേതാണെന്നതിനു മൈക്രോ ചിപ്പ് സർട്ടിഫിക്കറ്റ്, ഡേറ്റ ബുക്ക് എന്നീ രേഖകളാണ് നിലവിലുള്ളത്.

കൈവശാവകാശ നിയമപ്രകാരം ആനയെ ഗണേഷിനു മാറ്റി നൽകുന്നതിനുള്ള അപേക്ഷയിൽ വനം വകുപ്പ് തീരു​മാനമെടുക്കൽ അനന്തമായി നീളുകയാണ്. നിയമപരമായ ആധികാരിക രേഖയില്ലാതെ ആനയെ കൈവശം വെക്കാൻ വന്യജീവി സംരക്ഷണ നിയമപ്രകാരം സാധ്യമല്ല.

ആർ.ബാലകൃഷ്ണപിള്ളയുടെ കൈവശവും ആനക്കൊമ്പുകളുണ്ടായിരുന്നുവെന്നു വിവരാവകാശ രേഖയിൽ വനംവകുപ്പ് പറയുന്നു. എന്നാൽ ഈ ആനക്കൊമ്പുകൾ അദ്ദേഹത്തിനു ലഭിച്ചത് എങ്ങനെയെന്നും ആർക്കെങ്കിലും കൈമാറ്റം ചെയ്തിട്ടുണ്ടോയെന്നുമുള്ള രേഖകൾ നിലവിൽ ലഭ്യമല്ല.

ബാലകൃഷ്ണപിള്ളയുടെ കൈവശമുണ്ടായിരുന്നതിൽ അഞ്ച് ജോടി ആനക്കൊമ്പും 110 ഗ്രാം ചെറു കഷണങ്ങളും വനംവകുപ്പ് ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. ആനക്കൊമ്പ് ലഭിച്ചതിന്റെ ഉറവിടം അറിയില്ലെങ്കിൽ കേസെടുത്തു പിടിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. വസ്തു​ത ഇതായിരിക്കെയാണ് വനം വകുപ്പ് ഉരുണ്ട് കളിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.