'ബഹുമാനപ്പെട്ട കെ.പി.സി.സി പ്രസിഡന്‍റ് അറിയുവാൻ'; കെ. സുധാകരന് മന്ത്രി റിയാസിന്‍റെ കത്ത്

കോഴിക്കോട്: രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹ കേരളത്തിലെത്തിയതുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിനെതിരെ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ഉയർത്തിയ വിമർശനത്തിന് മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ പോസ്റ്റ് ഇടുമ്പോൾ വസ്തുതകൾ മനസ്സിലാക്കണമായിരുന്നു. നമ്മൾ ഒരുമിച്ച് നിൽക്കുന്ന രാഷ്ട്രപതി തെരെഞ്ഞെടുപ്പ് വിഷയത്തിലെങ്കിലും, ഞങ്ങളെ അടിക്കാൻ ഇതാ കിട്ടിപ്പോയി വടി എന്ന് കരുതി ചാടരുതായിരുന്നു -മന്ത്രി റിയാസ് ചൂണ്ടിക്കാട്ടി.

യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ ഇടതുപക്ഷത്തുനിന്നും ആരും വിമാനത്താവളത്തിൽ എത്താതിരുന്നത് ദുരൂഹമാണെന്നായിരുന്നു കെ. സുധാകരന്‍റെ വിമർശനം. നരേന്ദ്രമോദിയെ പേടിച്ചാകാം പിണറായിയും കൂട്ടരും വിമാനത്താവളത്തിൽ എത്താതിരുന്നതെന്നും സുധാകരൻ പരിഹസിച്ചിരുന്നു. ഇതിനാണ് മന്ത്രി റിയാസ് മറുപടി നൽകിയിരിക്കുന്നത്.

മന്ത്രി മുഹമ്മദ് റിയാസിന്‍റെ കുറിപ്പ്

ബഹുമാനപ്പെട്ട കെ.പി.സി.സി പ്രസിഡന്‍റ് അറിയുവാൻ,

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് അങ്ങയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു. വായിച്ചപ്പോൾ അത്ഭുതവും ആശ്ചര്യവും തോന്നി. അതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത്. 

പ്രതിപക്ഷത്തിന്‍റെ സംയുക്ത രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ സന്ദർശന വിവരം അറിഞ്ഞ ഉടൻ തന്നെ ചുമതല ഏറ്റെടുത്ത് ഇടപെട്ടവരിൽ ഒരാൾ മന്ത്രി ശ്രീ പി. രാജീവാണ്. മന്ത്രി സൂചിപ്പിച്ചതിന്‍റെ ഭാഗമായി അദ്ദേഹത്തെ സ്വീകരിക്കാനും താമസം ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഒരുക്കാനും ഞങ്ങൾ ഇടപെട്ടിരുന്നു. യശ്വന്ത്സിൻഹയെയും ടീമിനെയും സഹായിക്കുവാൻ എന്‍റെ ഓഫിസിലെ ഉത്തരവാദിത്തപ്പെട്ട ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും അത് നിർവ്വഹിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങയുടെ പോസ്റ്റിൽ ഇടതുപക്ഷത്തിന്‍റെ മോദി പേടിയെ കുറിച്ച് വായിച്ചു. ഇടതുപക്ഷ നേതാക്കളെ പോലെ തന്നെ ശ്രീ മോദി ഭരണത്തെ തെല്ലും ഭയമില്ലാത്ത ആളാണ് ഈ ചുമതലപ്പെടുത്തിയ വ്യക്തിയും.

രഞ്ജിത്ത് എന്നാണ് പേര്. മോദി ഭരണത്തിന്‍റെ മർദ്ദനം ഡൽഹിയിൽ വെച്ച് ഒരുപാട് അനുഭവിച്ച വ്യക്തികൂടിയാണ് രഞ്ജിത്ത്. യശ്വന്ത് ജിയെ കാണാൻ അങ്ങ് പോകുന്നുണ്ടെങ്കിൽ പരിചയപ്പെടണം.അവിടെയുണ്ട്.

അതു മാത്രമല്ല യശ്വന്ത്ജി താമസിക്കുന്ന ഇടത്ത് പോയി മന്ത്രി ശ്രീ. പി. രാജീവ് അദ്ദേഹത്തെ നേരിൽ കാണുകയും ഉണ്ടായി. ആ ചിത്രവും ഞാൻ ഇവിടെ പങ്കുവെക്കുന്നു. 


(മന്ത്രി റിയാസ് പങ്കുവെച്ച ചിത്രം)

 ബഹുമാനപ്പെട്ട കെ.പി.സി.സി പ്രസിഡന്‍റ്, രാഷ്ട്രീയ നിലപാടുകൾ കാമറക്കണ്ണുകൾക്ക് മുന്നിലെ പ്രദർശന വസ്തുക്കൾ മാത്രമല്ല, മറിച്ച് അടിയുറച്ച പ്രത്യയശാസ്ത്ര ബോധ്യങ്ങൾ കൂടിയാണ്. പ്രത്യയശാസ്ത്ര ബോധ്യങ്ങളുടെ കുറവാകാം മോദിജിക്കെതിരെ ശബ്ദിക്കാൻ നിങ്ങളിൽ പലരും തയ്യാറാകാത്തത്.

അങ്ങയെപോലെ ഉത്തരവാദിത്ത സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുമ്പോൾ വസ്തുതകൾ മനസ്സിലാക്കണമായിരുന്നു. ഞങ്ങളെ അടിക്കാൻ ഇതാ കിട്ടിപ്പോയി വടി എന്ന് കരുതി നമ്മൾ ഒരുമിച്ച് നിൽക്കുന്ന രാഷ്ട്രപതി തെരെഞ്ഞെടുപ്പ് വിഷയത്തിലെങ്കിലും ചാടരുതായിരുന്നു.

Tags:    
News Summary - Minister muhammad riyas letter to k sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.