എല്ലാ വിഭാഗങ്ങളുടെയും മന്ത്രിയായിരിക്കും; വികസനത്തിൽ സംസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കും -ജോർജ് കുര്യൻ

ന്യൂഡൽഹി: എല്ലാ വിഭാഗങ്ങളുടെയും മന്ത്രിയായിരിക്കുമെന്ന് ജോർജ് കുര്യൻ. വികസനത്തിനായി സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോർജ് കുര്യൻ.

ജനങ്ങളിലെ എല്ലാ മതവിഭാഗങ്ങൾക്കും തന്നെ വിശ്വസിക്കാം. ഒരു വിഭാഗത്തിന്‍റെ മന്ത്രി എന്നത് ഭരണഘടനയും രാഷ്ട്രീയവും അനുസരിച്ച് ശരിയല്ല. മന്ത്രിപദവി സാധാരണ പ്രവർത്തകന് കിട്ടിയ അംഗീകാരമാണെന്ന് കരുതുന്നുവെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.

ഒ. രാജഗോപാലിന്‍റെ കീഴിലാണ് പാർട്ടി രാഷ്ട്രീയ പരിശീലനം നൽകിയത്. ആവശ്യവുമായി വരുന്നവരുടെ രാഷ്ട്രീയത്തെയും മതത്തെയും ജാതിയെയും കുറിച്ച് ചിന്തിക്കരുതെന്ന ഉപദേശമാണ് ഒ. രാജഗോപാൽ നൽകിയിട്ടുള്ളതെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.

വളരെ അപ്രതീക്ഷിതമായാണ് ജോർജ് കുര്യൻ മൂന്നാം മോദി സർക്കാറിന്‍റെ ഭാഗമായത്. വിദ്യാർഥി കാലം മുതൽ സംഘ്പരിവാറുമായി ചേർന്ന് പ്രവർത്തിച്ച ജോർജ് കുര്യനെ ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.

സത്യപ്രതിജ്ഞ ചടങ്ങിന് തൊട്ടുമുമ്പായി നരേന്ദ്ര മോദിയുടെ ചായസൽക്കാരത്തിൽ പങ്കെടുത്തവരിൽ ജോർജ് കുര്യന്റെ ചിത്രവുമുണ്ടായിരുന്നു. ഇതോടെയാണ് അദ്ദേഹം മന്ത്രിയാകുമെന്ന വിവരം പുറത്തുവന്നത്. വിജയിച്ച എൻ.ഡി.എ എം.പിമാരിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട ആരും ഉണ്ടായിരുന്നില്ല.

മന്ത്രിസഭയിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട മന്ത്രിമാർ ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ദിനപത്രത്തിൽ ഞായറാഴ്ച വാർത്ത വന്നതോടെയാണ് ആദ്യം പട്ടികയിൽ ഉണ്ടാകാതിരുന്ന ജോർജ് കുര്യന്റെ പേര് പിന്നീട് ഉൾപ്പെടുത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ, ദേശീയ ന്യൂനപക്ഷ കമീഷൻ മുൻ വൈസ് ചെയർമാനായിരുന്നു.

Tags:    
News Summary - Minister of all denominations shall be; Will work with the state in development - George Kurien

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.