കോട്ടയം: രാജിവെച്ച മന്ത്രി എ.കെ. ശശീന്ദ്രന് പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോട് എൻ.സി.പി സംസ്ഥാന നേതൃത്വത്തിനും വിയോജിപ്പ്. ഇൗ സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച അന്വേഷണം എത്രയുംവേഗം പൂർത്തിയാക്കി ശശീന്ദ്രനെ തന്നെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാനാകുമോയെന്നും മുഖ്യമന്ത്രിയടക്കം മുതിർന്ന സി.പി.എം നേതാക്കളുമായി ചർച്ച നടത്തിവരികയാണ് എൻ.സി.പി.
ജുഡീഷ്യൽ അന്വേഷണം പൂർത്തിയാക്കാൻ കുറഞ്ഞത് മൂന്നുമാസമെങ്കിലും വേണ്ടിവരും. അതുവരെ മന്ത്രിയില്ലാതായാൽ പാർട്ടിയുടെ നിലനിൽപ്പുപോലും ചോദ്യംചെയ്യപ്പെടുമെന്ന ആശങ്കയും സംസ്ഥാന നേതാക്കൾക്കുണ്ട്. പകരക്കാരനായി തോമസ് ചാണ്ടിയല്ലാതെ മറ്റൊരു സാധ്യത എൻ.സി.പിക്ക് മുന്നിലില്ല. എം.എൽ.എ അല്ലാത്ത ഒരാളെ മന്ത്രിയാക്കാൻ ഇടതുമുന്നണി സമ്മതിക്കില്ല. ഇൗ സാഹചര്യത്തിൽ ഇനി എന്ത് എന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. എന്നാൽ, വേഗത്തിൽ തന്നെ മന്ത്രിസഭയിലേക്ക് മടങ്ങിവരാനാകുമെന്ന സൂചനയാണ് ശശീന്ദ്രൻ നൽകുന്നത്. പാർട്ടി സംസ്ഥാന നേതാക്കളുമായി തിങ്കളാഴ്ച നടത്തിയ ചർച്ചയിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിൽ തനിക്കുള്ള അതൃപ്തി മുഖ്യമന്ത്രി എൻ.സി.പി സംസ്ഥാന നേതൃത്വത്തോടും സി.പി.എം കേന്ദ്രനേതൃത്വത്തോടും പങ്കുവെച്ചതായാണ് വിവരം.
ഇതിന് പിന്നാലെയാണ് എൻ.സി.പി സംസ്ഥാന നേതൃത്വവും തോമസ് ചാണ്ടി വിരുദ്ധ നിലപാടിലേക്ക് എത്തിയതെന്നാണ് സൂചന. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരുന്ന പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ പുതിയ മന്ത്രിക്കാര്യം ചർച്ചയാവും. മന്ത്രിസ്ഥാനത്തേക്ക് തോമസ് ചാണ്ടി വേണോ അതോ തൽക്കാലം മന്ത്രി വേണ്ടെന്നുവെക്കണോ എന്നത് ചർച്ചചെയ്യുമെന്ന് സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ചൊവ്വാഴ്ച പാർട്ടി നിലപാട് സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയൻ ഇടതുമുന്നണി നേതൃത്വത്തെ അറിയിക്കും. മുഖ്യമന്ത്രിയുമായി ചർച്ചയും നടത്തും. എൻ.സി.പിയുടെ മന്ത്രിയായി തോമസ് ചാണ്ടിയെ ഉൾപ്പെടുത്തുന്നതിനോട് സി.പി.എം കേന്ദ്ര നേതൃത്വത്തിനും യോജിപ്പില്ലെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി കേന്ദ്രനേതൃത്വവുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് സി.പി.എം കേന്ദ്രനേതൃത്വവും എൻ.സി.പി വിഷയത്തിൽ ഇടപെട്ടത്.
ഗോവയിൽ എൻ.സി.പി ബി.ജെ.പിയെ പിന്തുണച്ചത് ചൂണ്ടിക്കാട്ടിയാണ് സി.പി.എം കേന്ദ്രനേതൃത്വം എതിർപ്പ് വ്യക്തമാക്കിയത്. എന്നാൽ, മന്ത്രിയെ നിശ്ചയിക്കുന്ന കാര്യം സംസ്ഥാനതലത്തിൽ ചർച്ചചെയ്ത് തീരുമാനിച്ചാൽ മതിയെന്നും ഇടപെടില്ലെന്നും സി.പി.എം കേന്ദ്രനേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുവേളയിൽ താൻ മന്ത്രിയാകുമെന്നായിരുന്നു തോമസ് ചാണ്ടിയുടെ പ്രചാരണം. വകുപ്പും അന്നുതന്നെ അദ്ദേഹം നിശ്ചയിച്ചിരുന്നു. തോമസ് ചാണ്ടിയുടെ സമീപനത്തിൽ അന്നുതന്നെ പിണറായി വിജയൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.