കൽപ്പറ്റ: വയനാട്ടിലെ ദുരന്ത മേഖലകളിലേക്കുള്ള ഭക്ഷണ വിതരണത്തിന്റെ പേരിൽ ചിലർ വ്യാപക പണപ്പിരിവ് നടത്തുന്നെന്ന അഭിപ്രായവും പരാതികളും വന്നിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മഹാഭൂരിപക്ഷവും വളരെ ആത്മാർഥമായി ഇടപെടുമ്പോൾ ഒരു ചെറുന്യൂനപക്ഷം പോരായ്മ വരുത്തുകയാണെങ്കിൽ അത് പ്രയാസമാണെന്നും എന്നാൽ, ഭക്ഷണം വിതരണം ചെയ്തവർ ഉൾപ്പെടെ ഇതുവരെ സേവനം നടത്തിയവരെല്ലാം വലിയ കാര്യങ്ങളാണ് ചെയ്തതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇതുവരെ ഭക്ഷണം നൽകിയ ആളുകളുടെ സേവനം വളരെ വലുതാണ്. എന്നാൽ, രക്ഷാദൗത്യം നടത്തുന്നവർക്ക് ഭക്ഷണം നൽകുന്ന കാര്യത്തിൽ നിയന്ത്രണം വേണം. ഭക്ഷണം കഴിച്ചിട്ട് ചില പ്രയാസങ്ങൾ ഉണ്ടായ ആളുകളുണ്ട്. അക്കാര്യം ചിലർ ജില്ല ഭരണകൂടത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. നിലവിൽ പോളി ടെക്നിക്കിൽ അതിന്റെ കേന്ദ്രം വെച്ചാണ് ഇത് നടത്തുന്നത്. ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ അവിടെ പരിശോധന നടത്തുന്നുണ്ട്. എവിടെയെങ്കിലും ഭക്ഷണം കിട്ടിയില്ലെന്ന പരാതിയുണ്ടെങ്കിൽ അവിടെ എത്തിക്കാനുള്ള സംവിധാനമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘ഭക്ഷണം നല്ലനിലയിൽ വളരെ ആത്മാർഥമായി പാചകം ചെയ്ത് നൽകുന്നവരുണ്ട്. അവരെയെല്ലാം ബഹുമാനിക്കുകയാണ്. ഒരർഥത്തിലും അവരെയൊന്നും ചെറുതായിട്ട് ആരും കാണുന്നില്ല. എന്നാൽ, ഭക്ഷണം കഴിച്ചിട്ട് ചില പ്രയാസങ്ങൾ ഉണ്ടായ ആളുകളുണ്ട്. അക്കാര്യം ചിലർ ജില്ല ഭരണകൂടത്തിന്റെ ശ്രദ്ധയിൽ പെടുത്തി. ഇത്തരം രക്ഷാ ദൗത്യത്തിൽ ഭക്ഷണം നൽകുന്നതിനൊരു സംവിധാനമുണ്ട്. എന്നാൽ, കേരളത്തിൽ എല്ലാ കാര്യവും ജനകീയമാണ്. ഭക്ഷണത്തിന്റെ നിലവാരം ഉറപ്പുവരുത്തണം. അതിനുവേണ്ടി ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന നടത്തുന്നുണ്ട്. എവിടെയെങ്കിലും ഭക്ഷണം കിട്ടിയില്ലെന്ന പരാതിയുണ്ടെങ്കിൽ അവിടെ എത്തിക്കാനുള്ള സംവിധാനമുണ്ട്. സോണൽ ഹെഡുമാർ വഴിയാണത് നൽകുന്നത്. ഇതുവരെ ഭക്ഷണം നൽകിയ ആളുകളുടെ സേവനം വളരെ വലുതാണ്. എന്നാൽ, രക്ഷാദൗത്യം നടത്തുന്നവർക്ക് ഭക്ഷണം നൽകുന്ന കാര്യത്തിൽ നിയന്ത്രണം വേണം. നിലവിൽ പോളി ടെക്നിക്കിൽ അതിന്റെ കേന്ദ്രം വെച്ചാണ് ഇത് നടത്തുന്നത്. അതിൽ ഇതുവരെ പരാതി വന്നിട്ടില്ല. ഇതുവരെ ഭക്ഷണം നൽകിയവരെല്ലാം നല്ല അർഥത്തിലാണ് നൽകിയിട്ടുള്ളത്. എന്നാൽ, ഇതിന്റെ പേരിൽ ചിലർ വ്യാപക പണപ്പിരിവ് നടത്തുന്നെന്ന അഭിപ്രായവും പരാതികളും വന്നിരിക്കുകയാണ്. മഹാഭൂരിപക്ഷവും വളരെ ആത്മാർഥമായി ഇടപെടുമ്പോൾ ഒരു ചെറുന്യൂനപക്ഷം പോരായ്മ വരുത്തുകയാണെങ്കിൽ അത് പ്രയാസമാണ്. അതിനാൽ അതിലൊരു ശ്രദ്ധവേണം. എന്നാൽ, ഇതുവരെ സേവനം നടത്തിയവരെല്ലാം, ഭക്ഷണം വിതരണം ചെയ്തവർ ഉൾപ്പെടെ വലിയ കാര്യങ്ങളാണ് ചെയ്തത്. അതേ അർഥത്തിലാണ് സർക്കാർ കാണുന്നത്’ -എന്നിങ്ങനെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.