പാഠപുസ്തകങ്ങളിൽ നിന്ന് 'ഇന്ത്യ' മാറ്റരുത്; പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ച് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ നിന്ന് 'ഇന്ത്യ' എന്ന പേര് മാറ്റാനുള്ള തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസവും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയച്ചു. രാജ്യത്തിന്റെ സ്വത്വം എന്നത് ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വൈവിധ്യത്തിന്റെയും സവിശേഷമായ സങ്കലനമാണ്. 'ഇന്ത്യ' എന്ന പേര് ആ സ്വത്വത്തിന്റെ ഒരു പ്രധാന ഭാഗമാണ്. 'ഭാരത്' എന്ന പദം ദേശീയ സ്വത്വത്തിനുള്ളിൽ 'ഇന്ത്യ'യ്‌ക്കൊപ്പം നിലനിൽക്കുന്നു. ഇന്ത്യൻ ഭരണഘടന തന്നെ ഇതിനെ അംഗീകരിക്കുന്നു,. ആർട്ടിക്കിൾ 1 ൽ രാജ്യത്തെ 'ഇന്ത്യ' എന്നും 'ഭാരതം' എന്നും പരാമർശിക്കുന്നുവെന്നും ഇ-മെയിൽ വഴി അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

തലമുറകളായി, 'ഇന്ത്യ' എന്ന പേര് ഉപയോഗിച്ച് ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും സമ്പന്നമായ ഭൂതകാലം വിദ്യാർഥികൾ പഠിച്ചു. ഇപ്പോൾ ഇത് മാറ്റുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുകയും വിദ്യാഭ്യാസ തുടർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്നും മന്ത്രി വിശദീകരിച്ചു.

എൻ.‌സി‌.ഇ‌.ആർ.‌ടിയുടെ ഇപ്പോഴത്തെ നിലപാട് ചില പ്രത്യയ ശാസ്ത്രത്തെ മാത്രം പിന്തുണക്കുന്നതാണ് എന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇത് ചരിത്രത്തെ വളച്ചൊടിക്കുന്നതിനെക്കുറിച്ചും വിദ്യാഭ്യാസ രംഗത്തെ പക്ഷപാതത്തെക്കുറിച്ചും ആശങ്ക ഉയർത്തുന്നു. ഇത്തരം ശുപാർശകൾ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ അജണ്ടകൾ പാലിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അവ സൂക്ഷ്മമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

പാഠപുസ്തകങ്ങളിൽ 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്നാക്കാനുള്ള എൻ.‌സി‌.ഇ‌.ആർ.‌ടി പാനലിന്റെ നിർദേശത്തിൽ ഇടപെടാനും റദ്ദാക്കാനും നടപടിയെടുക്കണം. ഈ വിഷയത്തിൽ നിലവിലെ സ്ഥിതി നിലനിർത്തുന്നത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും വൈവിധ്യമാർന്ന രാജ്യത്തിന്റെ ഐക്യത്തിന്റെയും ഏറ്റവും മികച്ച താൽപ്പര്യമാണെന്നും മന്ത്രി ശിവൻകുട്ടി കത്തിൽ സൂചിപ്പിച്ചു.

Tags:    
News Summary - Minister Sivankutty has sent a letter to the Prime Minister and Union Education Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.