തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസ് വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി കേസിലെ പ്രതിയും മന്ത്രിയുമായ വി. ശിവൻകുട്ടി. വിചാരണ കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്ന് ശിവൻ കുട്ടി പ്രതികരിച്ചു. സുപ്രീംകോടതി വിധി അംഗീകരിക്കുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാജിവെക്കേണ്ട കാര്യമില്ല. കേസും ശിക്ഷയും രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ ഭാഗമാണെന്നും ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഒരു കമ്യൂണിസ്റ്റുകാരന്‍റെ ജീവിതം നിരന്തരസമരം ആണെന്ന് ശിവൻ കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഈ സമൂഹത്തിലെ അഴിമതിക്കും അനീതിക്കും എതിരെ ആണ് സമരങ്ങൾ. വിദ്യാർഥി ആയിരുന്ന കാലം മുതൽ എത്രയോ സമരങ്ങൾ നടത്തിയിട്ടുണ്ട്. അതിനു പലപ്പോഴും ശിക്ഷ നേരിടേണ്ടി വന്നിട്ടുണ്ട്. ശിക്ഷ നേരിടേണ്ടി വരും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ആണ് സമരങ്ങൾ നടത്തുന്നത്.
ഒരു സമരം എന്നത് ഭരണകൂടത്തിനും ചൂഷണാധിഷ്ഠിത സമൂഹത്തിനും എതിരെ ആണ്. അപ്പോൾ സംഘർഷങ്ങൾ ഉണ്ടായെന്ന് വരും. അതു കൊണ്ട് തന്നെ ഒരു ജനാധിപത്യ രാജ്യത്ത് കോടതി ഇടപെടൽ ഉണ്ടായെന്ന് വരും. കോടതി വിധി പൂർണമായി അംഗീകരിക്കുകയും വിചാരണ നേരിടുകയും ചെയ്യും. നിയമസഭയിലെ സമരം അന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീരുമാനം ആയിരുന്നു. അന്ന് ഞങ്ങൾ ആ തീരുമാനം നടപ്പാക്കുകയായിരുന്നുവെന്നും ശിവൻ കുട്ടി എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കി.
2015ൽ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ പ്രതിപക്ഷാംഗങ്ങൾ നിയമസഭയിൽ നടത്തിയ അതിക്രമങ്ങളാണ് കേസിനാധാരം. നിയമസഭ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി കോടതി തള്ളിയിരുന്നു.
കേസ് പിൻവലിക്കാനാകില്ലെന്നും മന്ത്രി വി. ശിവൻകുട്ടി അടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു. മന്ത്രി ശിവൻ കുട്ടിയെ കൂടാതെ മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, മുൻ എം.എൽ.എമാരായ കെ. അജിത്, സി.കെ. സദാശിവൻ, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.