തിരുവനന്തപുരം: കെ.എസ്.ഇ.ബി ബജറ്റില്‍ തെറ്റായ കണക്ക് ഉള്‍പ്പെടുത്തി തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന സി.എം.ഡിക്കും ഫിനാന്‍സ് ഡയറക്ടർക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ഓഫിസേഴ്സ് അസോസിയേഷൻ. 21-22 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം താരിഫില്‍നിന്നുള്ള വരുമാനം (അന്തർ സംസ്ഥാന വിൽപന ഒഴികെ) 15,644 കോടി രൂപയായിരിക്കെ 2022-23 ൽ നിലവിലെ താരിഫ് അനുസരിച്ചുള്ള വരുമാനം 17,323 കോടി രൂപയാകുമെന്ന് (12 ശതമാനം വർധന) കാണിച്ചിരിക്കുന്നു. വരുമാനം പെരുപ്പിച്ചു കാട്ടിയതിന്‍റെ ഫലമായി 22-23 ൽ 496 കോടി രൂപയുടെ ലാഭമുണ്ടാകുമെന്ന് പറയുന്നു. വൈദ്യുതി വിതരണത്തില്‍ വർധനയുണ്ടാകാതെ വരുമാനത്തില്‍ മാത്രം എങ്ങനെ വർധനയുണ്ടാകുമെന്ന് പ്രസിഡന്‍റ് എം.ജി. സുരേഷ്കുമാറും സെക്രട്ടറി ഹരികുമാറും വാർത്തകുറിപ്പിൽ ചോദിച്ചു.
റവന്യൂ വരവ് പെരുപ്പിച്ചു കാട്ടി ഫുൾ ബോർഡിനെ തെറ്റിദ്ധരിപ്പിച്ചതായാണ് മനസ്സിലാക്കുന്നത്. ഇത് ഗുരുതര കൃത്യവിലോപമാണ്. സ്ഥാപനത്തിന്‍റെ ഭാവിയെപ്പോലും ബാധിക്കും. ചെയർമാനും ഡയറക്ടർ ഫിനാന്‍സും വീഴ്ചക്ക് ഉത്തരവാദികളാണ്. സ്ഥാപനത്തിന്‍റെ ഉടമ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച ഗൗരവമായി കണ്ട് ഉചിത നടപടി സ്വീകരിക്കണം.
ഗാർഹിക ഉപഭോക്താക്കളിൽനിന്നുള്ള വരുമാനം താരിഫ് വർധിപ്പിക്കാതെതന്നെ 6,255 ൽനിന്ന് 6,874 കോടിയായും വാണിജ്യ വിഭാഗത്തിൽ 3,492 കോടിയിൽനിന്ന് 3,973 കോടിയായും എച്ച്.ടി-ഇ.എച്ച്.ടി വിഭാഗത്തിൽ 3650 കോടിയിൽനിന്ന് 3916 കോടിയായും വർധിക്കുമെന്നാണ് കണക്ക്. ബോർഡ് വൈദ്യുതി റെഗുലേറ്ററി കമീഷന് സമര്‍പ്പിച്ച കണക്കുകളെക്കാള്‍ 664 ദശലക്ഷം യൂനിറ്റ് വൈദ്യുതി അധികം വിതരണം ചെയ്യുമെന്നാണ് ബജറ്റ്. എ.ആര്‍.ആര്‍ പെറ്റീഷനില്‍ വൈദ്യുതി ഉപഭോഗത്തില്‍ അഞ്ചു ശതമാനത്തോളം വർധന പ്രതീക്ഷിക്കുമ്പോള്‍ ബജറ്റില്‍ 7.5 ശതമാനം ഉപഭോഗ വർധനയാണ് കണക്കാക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.