ഹരിപ്പാട്: അമ്മയോട് പിണങ്ങി വീടുവിട്ട ബാലനെ തെരഞ്ഞ് നാട്ടുകാർ നട്ടംതിരിഞ്ഞു. മണിക്കൂറുകളോളം ഹരിപ്പാട്ടുകാർ മുഴുവൻ ബാലന് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു. വീട്ടുകാരും നാട്ടുകാരും തിരയാത്ത ഇടമില്ല. പൊലീസിന്റെ അന്വേഷണം വേറെയും. സാമൂഹിക മാധ്യമങ്ങളിലും ബാലനെ കാണാതായ വിവരം പാറി നടന്നു. എന്നാൽ, ഒരുഫലവുമുണ്ടായില്ല.
നാട്ടിൽ നടക്കുന്ന പുകിലൊന്നും അറിയാതിരുന്ന കുട്ടി ഒടുവിൽ, തനിയെ തിരിച്ചുവന്നു. താൻ ഒളിച്ചിരുന്നത് വീടിന് പരിസരത്ത് തന്നെയായിരുന്നുവെന്നും വിശപ്പ് സഹിക്കാനാകാതെ വന്നപ്പോൾ തിരികെ വന്നതാണെന്നും കുട്ടിപറഞ്ഞതോടെയാണ് വീട്ടുകാർക്കും നാട്ടുകാർക്കും ശ്വാസംവീണത്. ഹരിപ്പാട് സ്വദേശിയായ 14കാരനാണ് മണിക്കൂറുകളോളം ആളുകളെ പരിഭ്രാന്തിയിലാഴ്ത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ ആറ് മണിക്ക് അമ്മയുമായി പിണങ്ങിയാണ് ബാലൻ വീട്ടിൽ നിന്നും ഇറങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ പരിഭ്രമത്തിലായി. പൊലീസിൽ വിവരമറിയിച്ചു. നാട്ടുകാരും രംഗത്തിറങ്ങി. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകളിലും ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലുമെല്ലാം തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ ഒളിച്ചിരുന്ന ബാലൻ വിശപ്പ് സഹിക്കാൻ കഴിയാതെ ഉച്ചയോടെ വീട്ടിൽ തിരികെ എത്തുകയായിരുന്നു. ഹരിപ്പാട് പൊലീസ് കോടതിയിൽ ഹാജരാക്കിയ വിദ്യാർഥിയെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.