ജിഷ വധക്കേസ് അന്വേഷണത്തിൽ ഗുരുതര വീഴ്​ചയെന്ന്​ വിജിലൻസ്​

തിരുവനന്തപുരം: പെരുമ്പാവൂർ ജിഷ വധക്കേസിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് വിജിലൻസ് കണ്ടെത്തൽ. കേസ് കോടതിയിൽ നിൽക്കില്ലെന്നും അതിനുതക്ക ശാസ്ത്രീയതെളിവുകൾ കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും വിജിലൻസ് ഡയറക്ടർ ഡോ. ജേക്കബ്  തോമസ് മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. തുടക്കം മുതൽ  അന്വേഷണസംഘത്തിൽ ചിലരുടെ ഭാഗത്തുനിന്നുമുണ്ടായ നീക്കങ്ങൾ സംശയാസ്പദമാണെന്നും റിപ്പോർട്ടിൽ പറയുന്നു.  രണ്ടുമാസം മുമ്പ് സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റയും ദക്ഷിണമേഖല എ.ഡി.ജി.പി ഡോ. ബി. സന്ധ്യയും നിഷേധിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ  കുറ്റമറ്റ അന്വേഷണമാണ് പൊലീസ് നടത്തിയതെന്നാണ് ഇരുവരുടെയും വാദം. മാത്രമല്ല, പൊലീസ് അന്വേഷണത്തെ ചോദ്യംചെയ്യുന്ന തരത്തിൽ സമാന്തരഅന്വേഷണം നടത്താൻ വിജിലൻസിന് അധികാരമില്ലെന്നും അവർ ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോയെ ധരിപ്പിച്ചു. അതേസമയം, പെരുമ്പാവൂർ കേസ് അട്ടിമറിക്കുന്നെന്ന് ആരോപിച്ച് വിജിലൻസ് ആസ്ഥാനത്ത് ലഭിച്ച പരാതിയുടെ  അടിസ്ഥാനത്തിലാണ് എറണാകുളം റേഞ്ച് എസ്.പിയോട് അന്വേഷണം ആവശ്യപ്പെട്ടതെന്ന് ജേക്കബ് തോമസ് ആഭ്യന്തരസെക്രട്ടറിയെ അറിയിച്ചു. പെരുമ്പാവൂർ കേസിൽ ഒരു ഡിവൈ.എസ്.പി  അവിഹിത ഇടപെടലുകൾ നടത്തിയെന്നായിരുന്നു പരാതി. 

എറണാകുളം  ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവിനെതിരെ അന്വേഷണം നീളാതിരിക്കാൻ ഇദ്ദേഹം  ചരടുവലികൾ നടത്തിയതായാണ് ആക്ഷേപം. അതേസമയം, ഇതു സാധൂകരിക്കുന്ന തെളിവുകളൊന്നും  കണ്ടെത്താനായില്ലെന്നാണ് വിവരം. എന്നാൽ, പ്രതിയെ പിടികൂടാനുള്ള ശക്തമായ  സമ്മർദം അന്വേഷണത്തെ ബാധിച്ചിട്ടുണ്ടെന്നും ഇതി‍​െൻറ അടിസ്ഥാനത്തിൽ ചിലർ കാണിച്ച ധിറുതി വിചാരണവേളയിൽ തിരിച്ചടിയാകുമെന്നും വിജിലൻസ് വൃത്തങ്ങൾ വിലയിരുത്തുന്നു. അതേസമയം,  കേസിൽ വിചാരണ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ പുതിയ വിവാദങ്ങൾ ഒഴിവാക്കാൻ  വേണ്ടി വിജിലൻസ് റിപ്പോർട്ട് സർക്കാർ മാറ്റിവെക്കുകയായിരുന്നത്രെ. അതേസമയം, സർക്കാറിനെതിരെ നിയമയുദ്ധം നടത്തുന്ന  മുൻസംസ്ഥാന പൊലീസ് മേധാവി ഡോ. ടി.പി. സെൻകുമാറിന് ഇതനുകൂലമാകുമെന്നാണ് വിലയിരുത്തൽ. ജിഷ കേസ് അന്വേഷണത്തിലുൾപ്പെടെ വീഴ്ച വരുത്തിയെന്നാരോപിച്ചായിരുന്നു  സെൻകുമാറിനെ പൊലീസ് മേധാവിസ്ഥാനത്തുനിന്ന് മാറ്റിയത്. പുറ്റിങ്ങൽ ദുരന്തവും  സെൻകുമാറി‍​െൻറ വീഴ്ചയാണെന്ന നിലപാടിലായിരുന്നു സർക്കാർ. എന്നാൽ, സെൻകുമാർ തന്നെ മാറ്റിയ സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിച്ചു. 

ഇതോടെ, സെൻകുമാറിനെ മാറ്റിയത്  ജിഷ കേസ് അന്വേഷണത്തിലെ വീഴ്ചകാരണമല്ലെന്ന് സർക്കാർ നിലപാട് മാറ്റുകയായിരുന്നു. പുതിയ സാഹചര്യത്തിൽ വിജിലൻസ് റിപ്പോർട്ട് സെൻകുമാറിന് അനുകൂലമാകാനാണ് സാധ്യത.  സെൻകുമാർ കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണനക്ക് വരുന്നുണ്ട്. 

Tags:    
News Summary - a mistake in jisha murder case investigation- vigilence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.