തൃശൂർ: തനിക്ക് ചോറ് ഇടതുപക്ഷത്തും കൂറ് ബി.ജെ.പിയോടും ആണെന്ന സി.പി.ഐ നേതാവ് വി.എസ്. സുനിൽകുമാറിന്റെ പ്രസ്താവനക്ക് മറുപടിയുമായി തൃശൂർ മേയർ എം.കെ. വർഗീസ്. വി.എസ്. സുനിൽകുമാറിന് ഇപ്പോൾ എന്തും പറയാമെന്നും എന്നാൽ, താൻ ഒരു ഔദ്യോഗിക സ്ഥാനത്താണുള്ളതെന്നും മേയർ പറഞ്ഞു. ഇപ്പോൾ താൻ ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുകയാണ്. സുനിൽകുമാർ മുമ്പും തനിക്കെതിരെ പറഞ്ഞിട്ടുണ്ട്. ക്രിസ്മസ് ദിനത്തിൽ സാധാരണ പുറത്തിറങ്ങാറില്ല. പക്ഷേ, ഇടതുപക്ഷം വിളിച്ചാൽ ഇറങ്ങും. ക്രിസ്മസ് ദിനത്തിൽ കേക്കും കൊണ്ട് ആരെങ്കിലും വീട്ടിൽ വന്നാൽ വരേണ്ട എന്നു പറയാൻ സംസ്കാരം അനുവദിക്കില്ല. ഞാൻ ഒരു ക്രിസ്ത്യാനിയാണ്. ലോകരക്ഷകനെ കാത്ത് വീട്ടിലിരുന്നപ്പോൾ കാണാൻ വരുന്നവരോട് വരേണ്ട എന്നു പറയാനാകുമോ?
ആസൂത്രിതമായാണോ തന്നെ കാണാൻ വരുന്നതെന്ന് ബി.ജെ.പിക്കാരോടാണ് ചോദിക്കേണ്ടത്. ബി.ജെ.പി വർഗീയപാർട്ടിയാണ്. അവർ അവരുടെ വഴിക്ക് പോകട്ടെ. ഞാൻ ഇടതുപക്ഷത്തോടൊപ്പമാണ്.
ആരെങ്കിലും കേക്ക് തന്നെന്നു കരുതി അവർക്കൊപ്പം പോകുമോ? സുനിൽകുമാറിന്റെ പരാമർശങ്ങൾ ബാലിശമാണ്. സ്ഥാനാര്‍ഥിയെന്ന നിലയില്‍ സുരേഷ് ഗോപി വന്നപ്പോള്‍ ചായ കൊടുത്തത് തെറ്റായി തോന്നുന്നില്ല. ഇടതുപക്ഷത്തുള്ളവർ ഇത്തരം അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് തെറ്റാണെന്നും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ സ്വീകരിച്ചത് സാമാന്യ മര്യാദയുടെ ഭാഗമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.