കൊച്ചി: എം.എം. അക്ബറിനെ കസ്റ്റഡിയിലെടുത്തത് വിവാദ പാഠപുസ്തക കേസിൽ. മതസ്പർധക്ക് കാരണമാകുന്ന പുസ്തകം കൊച്ചി പീസ് ഇൻറർനാഷനൽ സ്കൂളിൽ പഠിപ്പിച്ചു എന്ന പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അക്ബറിനെയും ഉൾപ്പെടുത്തിയിരുന്നു. കേസിൽ മൂന്നുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
രണ്ടാം ക്ലാസിൽ പഠിപ്പിക്കാൻ തയാറാക്കിയ പുസ്തകത്തിൽ ‘നിങ്ങളുടെ സഹപാഠി മതപരിവർത്തനത്തിന് തയാറായി വന്നാൽ എന്ത് ഉപദേശമാണ് ആദ്യം നൽകുക’ എന്ന പാഠഭാഗമാണ് വിവാദമായത്. എറണാകുളം ജില്ല വിദ്യാഭ്യാസ ഓഫിസർ പരാതിക്കാരനായി 2016 ഒക്ടോബറിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് സ്കൂൾ റെയ്ഡ് ചെയ്ത് പൊലീസ് പുസ്തകം പിടിച്ചെടുത്തു. പുസ്തകം തയാറാക്കിയ അൽ ബുറൂജ് പബ്ലിക്കേഷൻ മേധാവി, കണ്ടൻറ് എഡിറ്റർ, പാഠപുസ്തക ഡിസൈനർ എന്നിവരെ മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്തു. ഇവരെ എറണാകുളത്തെത്തിച്ച് ചോദ്യം ചെയ്തശേഷം റിമാൻഡ് ചെയ്തു.
തുടരന്വേഷണത്തിൽ അക്ബർ ഉൾപ്പെടെ പീസ് സ്കൂൾ ഡയറക്ടർമാരെ കേസിൽ പ്രതിചേർത്തു. ഇതിനിടെ, അക്ബർ വിദേശത്തേക്കുപോയി. തുടർന്നാണ് പാസ്പോർട്ട് വിശദാംശങ്ങൾ ഉൾപ്പെടുന്ന ലുക്കൗട്ട് നോട്ടീസ് വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ വിഭാഗങ്ങൾക്ക് കേരള പൊലീസ് കൈമാറിയത്. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിൽ എൻ.സി.ഇ.ആർ.ടി, സി.ബി.എസ്.ഇ, എസ്.ഇ.ആർ.ടി നിർദേശിക്കുന്ന പാഠപുസ്തകങ്ങളല്ല സ്കൂളിൽ പഠിപ്പിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പ്, ജില്ല കലക്ടർ എന്നിവരുടെ റിപ്പോർട്ടുകൾ പരിഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പീസ് സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു.
അതേസമയം, അക്ബറിനെതിരെ എൻ.ഐ.എ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. പാഠഭാഗം അനുചിതമായതിനാൽ പഠിപ്പിക്കേണ്ടതില്ലെന്ന് അധ്യാപകരോട് നിർദേശിച്ചിരുന്നതായി അക്ബർ കേസിെൻറ ആദ്യഘട്ടത്തിൽ അന്വേഷണസംഘത്തോട് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.