ഫുട്ബോൾ കളിക്കിടെ കാലിനു പരുക്കേറ്റ പേരക്കുട്ടിയെ കാണാൻ എം.എൽ.എയും മുൻ മന്ത്രിയുമായ മുത്തശ്ശൻ എത്തി. അരുവിക്കര മൈലം ജി. വി രാജ ഗവ.സ്പോർട്സ് സ്കൂളിന്റെ ഹോസ്റ്റലിലാണ് മുൻ വൈദ്യുതി മന്ത്രി കൂടിയായ മണിയാശാൻ എത്തിയത്. പതിനൊന്നു മണിയോടെ കാറിൽ സ്കൂൾ വളപ്പിലിറങ്ങി ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ശിവജിയുടെ ഹോസ്റ്റൽ മുറി അന്വേഷിച്ച അപ്പൂപ്പനെ ആദ്യം മറ്റുള്ളവർക്കു മനസ്സിലായില്ല. അപ്പൊഴേക്കും വഴി ചോദിച്ച് മണിയാശാൻ നേരെ കൊച്ചുമകന്റെ ഹോസ്റ്റൽ മുറിയിലെത്തിക്കഴിഞ്ഞിരുന്നു. മണിയുടെ ഇളയ മകൾ ശ്രീജയുടെ മകനാണ് ശിവജി സന്തോഷ്.
പേരക്കുട്ടിയെ പുണർന്ന് പ്ലാസ്റ്ററിട്ട കാൽ പിടിച്ച് നോക്കി വർത്തമാനം പറഞ്ഞ് ഏതാനും നിമിഷമായപ്പൊഴേക്കും വാർത്ത സ്കൂളിൽ പരന്നു. പ്രിൻസിപ്പൽ എം.കെ സുരേന്ദ്രൻ ഓടിപ്പാഞ്ഞ് ഹോസ്റ്റലിലെത്തി. സ്വകാര്യ സന്ദർശനമാണെന്നും പ്രിൻസിപ്പലൊന്നും വരേണ്ട കാര്യമില്ലെന്നുമായി ആശാൻ. എങ്കിലും ഓഫിസ് വരെയെത്തണമെന്ന പ്രിൻസിപ്പലിന്റെ ക്ഷണം സ്വീകരിച്ച് മണിയാശാൻ ഓഫിസിലേക്ക്. ശിവജിയും മുത്തശ്ശന്റെ പിന്നാലെ കൂടി. ആശാൻ വിലക്കിയെങ്കിലും പേരക്കുട്ടി കാര്യമാക്കിയില്ല.
കോൺഫറൻസ് ഹാളിൽ അധ്യാപകരും ജീവനക്കാരുമൊക്കെ മണിയാശാൻ എത്തിയതറിഞ്ഞ് കാണാൻ വട്ടംകൂടി. ടെലിവിഷനിൽ തെരഞ്ഞെടുപ്പു വാർത്തകളിലായിരുന്നു ആശാന്റെ ശ്രദ്ധ എന്നതിനാൽ പതിവു തമാശകളും കുശലവും പ്രതീക്ഷിച്ചവർക്കു നിരാശ. കഴിഞ്ഞ വർഷം എട്ടാം ക്ലാസിൽ സ്കൂളിൽ ചേർന്നതാണ് ശിവജി. മുൻ മന്ത്രിയും സി.പി.എമ്മിന്റെ തീപ്പൊരി നേതാവുമായ എം.എം മണിയുടെ പേരക്കുട്ടിയാണെന്ന് സ്കൂളിൽ അധികം ആർക്കും അറിവുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.