കട്ടപ്പന: ആതിരപ്പിള്ളി പദ്ധതി കെ.എസ്.ഇ.ബി ഉപേക്ഷിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ നിലപാട് സ്വാഗതാർഹമെന്നും മന്ത്രി എം.എം. മണി. സമവായത്തിലൂടെ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനിടെ, ചിലർ അനാവശ്യ വിവാദം ഉണ്ടാക്കുകയാണ്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞതുപോലെ എല്ലാവരും പറയെട്ട. എല്ലാവരെയും സഹകരിപ്പിച്ച് പദ്ധതിയുമായി മുന്നോട്ടുപോകാൻ ശ്രമിക്കും. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി നിലവിലില്ല. വൈദ്യുതിയില്ലെന്നുപറഞ്ഞ് രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് ആളുകൾ വിളിക്കുന്നത്. വൈദ്യുതി അത്യാവശ്യമുണ്ടായിട്ടും പദ്ധതി വേണ്ടെന്നുപറയുന്നത് അപ്രായോഗികമാണ്. പദ്ധതി നടപ്പാക്കിയാൽ കേരളത്തിെൻറ ഭാവിക്ക് കൊള്ളാമെന്നും എം.എം. മണി പറഞ്ഞു. കട്ടപ്പന ചേറ്റുകുഴിയിൽ സംസ്ഥാന സൈക്ലിങ് ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേണ്ട, വേണ്ടണം, വേണം എന്നിങ്ങനെ മൂന്നുതരക്കാർ –മന്ത്രി ബാലൻ
വടകര: അതിരപ്പിള്ളി പദ്ധതിക്ക് അനുകൂലമായി ഉമ്മൻ ചാണ്ടി നടത്തിയ പ്രസ്താവന സ്വാഗതാർഹമാണെന്നും ഇക്കാര്യത്തിൽ എല്ലാ കക്ഷികളിലും വേണ്ട, വേണ്ടണം, വേണം എന്നിങ്ങനെ മൂന്നുതരക്കാരുണ്ടെന്നും മന്ത്രി എ.കെ. ബാലൻ. ഉമ്മൻ ചാണ്ടിയുടെ അഭിപ്രായത്തെക്കുറിച്ച് വടകരയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനൊന്നും സർക്കാർ ശ്രമിക്കുന്നില്ല. എന്നാൽ, പദ്ധതിക്കായുള്ള പാരിസ്ഥിതിക അനുമതി പുതുക്കുക മാത്രമാണിപ്പോൾ ചെയ്തത്. തുടക്കത്തിൽ പാരിസ്ഥിതിക അനുമതി എവിടെയെന്നായിരുന്നു വിമർശകർ ചോദിച്ചത്. അത് നേരേത്ത ലഭിച്ചിട്ടുണ്ടെന്നും മന്ത്രി ബാലൻ പറഞ്ഞു.
വി.എസ് പ്രതിപക്ഷത്തെ കൂട്ടുപിടിക്കണ്ട –ചെന്നിത്തല
തിരുവനന്തപുരം: അതിരപ്പിള്ളി വിഷയത്തിൽ പ്രതിപക്ഷത്തെ ചാരി മുഖ്യമന്ത്രി പിണറായി വിജയനെ അടിക്കാൻ വി.എസ് ശ്രമിക്കേണ്ടതില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വി.എസിന് പറയാനുള്ളത് നേരെ പറഞ്ഞാൽ മതി. അതിരപ്പിള്ളി പദ്ധതി വേണ്ടെന്നാണ് യു.ഡി.എഫ് നിലപാട്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേത് വ്യത്യസ്ത നിലപാടല്ല. അദ്ദേഹവുമായി സംസാരിച്ചിരുന്നു. സമവായമാകാം, ഏകപക്ഷീയമായി അടിച്ചേൽപിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സർക്കാർ ഏകപക്ഷീയമായി പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇരട്ടത്താപ്പ് ഉപേക്ഷിക്കണം –കുമ്മനം
തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.എമ്മും കോൺഗ്രസും ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പദ്ധതി സംബന്ധിച്ച യഥാര്‍ഥ നിലപാട് ജനങ്ങളോട് തുറന്നുപറയാൻ രണ്ടുകൂട്ടരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.